• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident| പാറമടക്കുളത്തിൽ ലോറി വീണു; 18 മണിക്കൂറിനൊടുവിൽ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു

Accident| പാറമടക്കുളത്തിൽ ലോറി വീണു; 18 മണിക്കൂറിനൊടുവിൽ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു

ഏണി നൽകിയശേഷം കയറാൻ ആവശ്യപ്പെട്ടപ്പോൾ അജികുമാർ പ്രതികരിച്ചില്ല എന്ന് നാട്ടുകാർ പറയുന്നു.

 • Share this:
  കോട്ടയം: മറിയപ്പള്ളി മുട്ടത്ത് ഇന്നലെ രാത്രി 9 മണിക്ക് ആണ് ലോറി മറിഞ്ഞത്. എൺപത് അടി താഴ്ചയിൽ ഉള്ള പാറ ക്വാറിയിലേക്ക് ലോറി വീഴുകയായിരുന്നു. ഇന്നലെ രാത്രി മുതൽ രക്ഷപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും പുറത്ത് എടുക്കാനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ മുതൽ വീണ്ടും ശ്രമം തുടങ്ങി. തിരുവനന്തപുരം പാറശ്ശാല സ്വദേശി ലോറി ഡ്രൈവർ അജികുമാർ(48) ലോറിക്കുള്ളിൽ കുടുങ്ങി മരിച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ലോറി പുറത്തെടുത്തത്.

  മറിയപ്പള്ളി മുട്ടത്തെ ഗോഡൗണിൽനിന്ന് വളം കയറ്റി ശേഷമാണ് ലോറി ആലപ്പുഴയ്ക്ക് പുറപ്പെട്ടത്. പതിവായി അജികുമാർ ഇവിടെയെത്തി വളം കയറ്റി കൊണ്ടു പോകാറുണ്ട്. ഇന്നലെ 13 ടണ്ണോളം ഭാരം വരുന്ന വളമാണ് വാഹനത്തിൽ കയറ്റിയത്. തുടർന്ന് യാത്രതിരിച്ച ഉടൻ തന്നെ വാഹനം അപകടത്തിൽ പെടുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സിനെയും പോലീസിനെയും വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ലോറി പൂർണ്ണമായും  വെള്ളത്തിനടിയിൽ പോയിരുന്നില്ല. ഈ സമയം ഏണി വെച്ച് ഡ്രൈവറെ കരയ്ക്ക് എടുക്കാൻ ശ്രമം നടത്തിയിരുന്നു എങ്കിലും ഇത് വിജയിച്ചില്ല.

  ഏറെ നാളായി പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന ഡ്രൈവർ അജികുമാർ വീഴ്ചയുടെ ആഘാതത്തിൽ  പ്രതികരണശേഷി പോലും നഷ്ടപ്പെട്ട നിലയിലായിരുന്നു. ഏണി നൽകിയശേഷം കയറാൻ ആവശ്യപ്പെട്ടപ്പോൾ അജികുമാർ പ്രതികരിച്ചില്ല എന്ന് നാട്ടുകാർ പറയുന്നു. ആ സമയം പുറത്തെടുക്കാൻ ആയിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
  Also Read-കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; കത്തിനശിച്ചത് ഒരു കോടി വിലയുള്ള പുത്തന്‍ റെയ്ഞ്ച് റോവര്‍

  തുടർന്ന് ഫയർഫോഴ്സ് എത്തി വാഹനത്തിൽ വടംകെട്ടി ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമം നടന്നു. എന്നാൽ വാഹനത്തിലെ ബലം കുറഞ്ഞ ഒരു ഭാഗം അടർന്നു വരികയായിരുന്നു. പുലർച്ചെ മൂന്നു മണി വരെ ശ്രമം നടത്തിയെങ്കിലും വാഹനം ഉയർത്താനായില്ല.

  കഴിഞ്ഞ രാത്രി നടന്ന രക്ഷാപ്രവർത്തനത്തിനിടെ   ക്രെയിൻ മറിയാൻ പോകുന്ന നിലയിലേക്ക് സാഹചര്യം എത്തി. ഇതോടെയാണ് തൽക്കാലികമായി രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ 20 ടൺ ഭാരം ഉയർത്താൻ കഴിയുന്ന വലിയ ക്രെയിൻ ചങ്ങനാശേരിയിൽനിന്നും എത്തിയതോടെയാണ് രക്ഷാപ്രവർത്തനം വീണ്ടും ഊർജിതമായത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിൽ ഊർജിതമായി പങ്കെടുത്തതോടെ വൈകുന്നേരം നാലുമണിയോടെ വാഹനം പൂർണമായും ഉയർത്താനായി.

  Also Read-മലപ്പുറം പരപ്പനങ്ങാടിയിൽ സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവതി മരിച്ചു

  ഡ്രൈവറുടെ ക്യാബിനിൽ നിന്ന് അജി കുമാറിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

  മന്ത്രി വി എൻ വാസവൻ, കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജില്ലാ കളക്ടർ പി കെ ജയശ്രീ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഏറെ ശ്രമകരമായ ദൗത്യമാണ് പൂർത്തിയാക്കിയത് എന്ന്  ഫയർഫോഴ്സ്  സംഘത്തെ നയിച്ച ഫയർ ഓഫീസർ അനൂപ് കുമാർ പറഞ്ഞു.

  ചങ്ങനാശ്ശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് ഏകോപനം നടത്തി. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് മറിയപ്പള്ളി. ഏറെ പാറ കുളങ്ങൾ ഉള്ള ഇവിടെ മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
  Published by:Naseeba TC
  First published: