കൊച്ചി: സിറോ മലബാർ സഭ (Syro Malabar Church) കുർബാനക്രമ ഏകീകരണത്തിൽ ഒരു രൂപതയ്ക്ക് മാത്രമായി ഇളവ് നല്കാനാവില്ലെന്ന് വത്തിക്കാൻ. ഇത് സംബന്ധിച്ച് പൗരസ്ത്യ തിരുസംഘം കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ ബിഷപ്പ് ആൻ്റണി കരിയിലിനും കത്തയച്ചു. സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താനും ബിഷപ്പ് കരിയിലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സിറോ മലബാർ സഭയിൽ കുർബാന ഏകീകരണം വലിയ വിവാദങ്ങളാണ് ഉയർത്തിയത്. സിറോ മലബാർ സഭയിൽ നവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും 2021 നവംബർ 28ന് നിലവിൽ വന്നിരുന്നു. സിറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം നിലവിൽവന്ന ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിലെ കാനോന 1538 §1 അനുസരിച്ച് ചില രൂപതകളിൽ രൂപത മുഴുവനായും ഇളവ് നൽകിയിരുന്നു. സഭയുടെ പെർമനന്റ് സിനഡ് നിയമവിരുദ്ധമായ ഈ നടപടി, പൗരസ്ത്യസഭകൾക്കായുള്ള റോമിലെ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആരാധനക്രമനിയമങ്ങളിൽ നിന്ന് ഇളവു നൽകുന്നതുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ച് വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനുള്ള മറുപടിയായി പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദിനാൾ ലെയണാർദോ സാന്ദ്രിയും സെക്രട്ടറി ആർച്ചുബിഷപ് ജോർജോ ദിമേത്രിയോ ഗല്ലാറോയും ഒപ്പുവച്ച കത്ത് ഡൽഹിയിലെ അപ്പസ്തോലിക് നുൻഷിയേച്ചർ വഴി മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ ലഭിച്ചു. അതു പ്രകാരം സഭയുടെ സിനഡ് അംഗീകരിച്ചതും മേജർ ആർച്ചുബിഷപ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, സിനഡ് അംഗീകരിച്ച ആരാധനക്രമ നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് ആരെയും നിരോധിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Also Read- ആരാണ് ലീഗ്? മതസംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ? ചെയ്യാനുള്ളത് ചെയ്യെന്ന് പിണറായി വിജയന്‍
2020 നവംബർ 9ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നൽകിയ കത്തിൽ കാനോന 1538 §1 പ്രകാരം ഒഴിവുനല്കുന്നത് പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക കേസുകളിലും കൃത്യമായി നിർണ്ണയിച്ചിട്ടുള്ള സമയപരിധിയിലേക്കും മാത്രമായിരിക്കണമെന്നു നിഷ്കർഷിച്ചിരുന്നു. ഇവ കണക്കിലെടുക്കാതെയാണ് ഏതാനും രൂപതകളിൽ ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽനിന്ന് രൂപതക്കു മുഴുവനായി ഇളവു നല്കിയതും സിനഡ് തീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിച്ചവരെ അതിൽനിന്നും വിലക്കിയതും.
പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശങ്ങൾ അറിയിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാൻമാർക്കും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കത്തെഴുതിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയിൽനിന്ന് ചില രൂപതകളെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്ന നടപടി തിരുത്തുന്നതിന് മേജർ ആർച്ചു ബിഷപ് നിർദ്ദേശം നല്കുകയും ചെയ്തു. ഏകീകൃത കുർബാന നടത്തുന്നതിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയും ഫരീദാബാദ് , ഇരിങ്ങാലക്കുട രൂപതകളും ആണ് പിന്മാറിയിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Syro Malabar diocese, Vatican