HOME » NEWS » Kerala » ELAMARAM KAREEM SAYING ABOUT MUTHOOT FINANCE ISSUE

അനുയോജ്യമായ വേതനഘടന മുത്തൂറ്റിൽ ഉണ്ടാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് എളമരം കരീം

ഒമ്പതാം തിയതി തൊഴിൽ വകുപ്പ് മന്ത്രി അനുരഞ്ജനത്തിനായി വിളിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

news18
Updated: September 7, 2019, 12:21 AM IST
അനുയോജ്യമായ വേതനഘടന മുത്തൂറ്റിൽ ഉണ്ടാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് എളമരം കരീം
എളമരം കരീം
  • News18
  • Last Updated: September 7, 2019, 12:21 AM IST
  • Share this:
തിരുവനന്തപുരം: സ്ഥാപനത്തിന് അനുയോജ്യമായ വേതനഘടന മുത്തൂറ്റിൽ ഉണ്ടാകത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സി ഐ ടി യു സംസ്ഥാന പ്രസിഡന്‍റ് എളമരം കരീം. ഫേസ്ബുക്ക് വീഡിയോയിലാണ് എളരമരം കരീം ഇക്കാര്യം വ്യക്തമാക്കിയത്. മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ ശമ്പളവ്യവസ്ഥ നിശ്ചയിക്കുക, പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓഗസ്റ്റ് മാസം ഇരുപതാം തിയതി മുതൽ അനിശ്ചിതകാല പണിമുടക്കിലാണ്. സ്ഥാപനത്തിലെ ഭൂരിപക്ഷം തൊഴിലാളികളും ഈ പണിമുടക്കിൽ അണി ചേർന്നിട്ടുണ്ടെന്നും അവരുടെ യൂണിയന്‍റെ നേതൃത്വത്തിലാണ് ഈ സമരം നടത്തുന്നതെന്നും എളമരം കരീം പറഞ്ഞു.

എളമരം കരീം ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞ പ്രധാനകാര്യങ്ങൾ,

"പണിമുടക്ക് ഒഴിവാക്കുന്നതിന്, ഇരുകക്ഷികളും തമ്മിൽ ചർച്ച നടത്തി പ്രശ്നത്തിന് രമ്യമായ പരിഹാരം ഉണ്ടാക്കാൻ അവസരം നൽകുന്നതിനു വേണ്ടി, പണിമുടക്ക് ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് മാനേജ്മെന്‍റിന് നോട്ടീസ് നൽകുകയുണ്ടായി. ആ സന്ദർഭങ്ങളൊന്നും ഉപയോഗപ്പെടുത്താൻ മാനേജ്മെന്‍റ് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. സംസ്ഥാന ലേബർ കമ്മീഷണർ ഓഗസ്റ്റ് 17 ആം തിയതി വിളിച്ചു ചേർത്ത അനുരഞ്ജനചർച്ചയിൽ തർക്കങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ അധികാരമുള്ള ഒരാളെയും ചർച്ചയ്ക്ക് നിയോഗിക്കാൻ മാനേജ്മെന്‍റ് ശ്രമിച്ചില്ല. അതുകൊണ്ട് ലേബർ കമ്മീഷന് മുമ്പാകെ നടന്ന ചർച്ച പരാജയപ്പെടുകയാണ് ഉണ്ടായത്. സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥൻ നടത്തിയ അനുരഞ്ജനശ്രമങ്ങളെ പരാജയപ്പെടുത്തിയത് മാനേജ്മെന്‍റാണ്. അതുകഴിഞ്ഞ് തൊഴിൽ വകുപ്പ് മന്ത്രി ഇക്കഴിഞ്ഞ മൂന്നാം തിയതി അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഒരു അനുരഞ്ജനയോഗം വിളിച്ചു കൂട്ടി. പ്രസ്തുതയോഗം മാനേജ്മെന്‍റ് അസൗകര്യം പറഞ്ഞുകൊണ്ട് മുൻകൂട്ടി അറിയിക്കാതെ ചർച്ച ആരംഭിക്കുന്നതിനു ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രം വിവരം നൽകി പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്.

സമരം തകർക്കുന്നതിന് മാനേജ്മെന്‍റ് നടത്തിയ പരിശ്രമങ്ങൾ ഇന്ന് ജനങ്ങൾ ഏറെക്കുറെ മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. ഒരു ന്യൂനപക്ഷം തൊഴിലാളികളാണ് എന്നും സമരം ചെയ്യുന്നതെന്നും പുറമേ നിന്നുള്ള സി ഐ ടി യുക്കാരുടെ അക്രമം കൊണ്ടാണ് ബ്രാഞ്ചുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരിക്കുന്നതെന്നുമുള്ള മാനേജ്മെന്‍റിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഏറെക്കുറെ ജനങ്ങൾ മനസിലാക്കി കഴിഞ്ഞു. ഒരിടത്തും യാതൊരു വിധത്തിലുള്ള അക്രമപ്രവർത്തനങ്ങളും സി ഐ ടിയുവോ സമരത്തിൽ ഏർപ്പെടുന്ന തൊഴിലാളികളോ നടത്തുന്നില്ല. കേരള ഹൈക്കോടതിയിൽ ഈ പ്രശ്നം സംബന്ധിച്ച് മാനേജ്മെന്‍റ് സമർപ്പിച്ച ഹർജി വിചാരണ ചെയ്യുമ്പോൾ കോടതി ഒരു മധ്യസ്ഥനെ നിയോഗിക്കാം എന്ന നിർദ്ദേശം മാനേജ്മെന്‍റാണ് തള്ളിക്കളഞ്ഞത്. ഒരു സ്ഥാപനത്തിലെ ജീവനക്കാർ ട്രേഡ് യൂണിയൻ രൂപീകരിച്ചാൽ ആ ട്രേഡ് യൂണിയന് പ്രവർത്തിക്കാൻ ആവശ്യമായ പിൻബലം ഉണ്ടോ ഇല്ലയോയെന്ന സംശയം വന്നാൽ, അതിന് പരിഹാരമുണ്ടാക്കുന്നതിനാണ് ട്രേഡ് യൂണിയൻ റെകഗ്നിഷൻ നിയമമനുസരിച്ച് ഹിതപരിശോധന നടത്തി സംഘടനയുടെ അംഗബലം തിട്ടപ്പെടുത്തുകയെന്നത്. അത്തരമൊരു നിർദ്ദേശവും മാനേജ്മെന്‍റ് മുന്നോട്ടു വെക്കുന്നില്ല.

വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് കുറേ ദിവസങ്ങളായി മാനേജ്മെന്‍റ് നടത്തിവരുന്നത്. ഇതിനു വേണ്ടി കുറേ, പെയ്ഡ് ആളുകളെ അല്ലെങ്കിൽ വേതനത്തിന് പ്രവർത്തിക്കുന്നവരെ മാനേജ്മെന്‍റ് നിയോഗിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി നടത്തുന്ന ഈ കുപ്രചരണങ്ങൾ കുറച്ചുപേരുടെ മനസിലെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് മാനേജ്മെന്‍റ് കരുതുന്നുണ്ടാകാമെന്നും എളമരം കരീം പറഞ്ഞു.

അതേസമയം, മുത്തൂറ്റ് ബാങ്കിലെ ജീവനക്കാരിയെ കുറച്ച് ജീവനക്കാർ ചേർന്ന് വലിച്ചിഴയ്ക്കുന്ന വീഡിയോ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. ഏതു ബ്രാഞ്ചിൽ ഏത് സമയത്ത് ഉണ്ടായ സംഭവമാണ് ഇതെന്ന് വീഡിയോയിൽ വ്യക്തമല്ലെന്നും എളമരം കരീം ആരോപിച്ചു സമരം ആരംഭിച്ചതിനു ശേഷം ഇങ്ങനെയൊരു സംഭവം കേരളത്തിൽ ഒരിടത്തും നടന്നിട്ടില്ലെന്നും എളമരം കരീം പറഞ്ഞു. സമരക്കാരെയും മുത്തൂറ്റിലെ ജീവനക്കാരെയും അപമാനിക്കുന്നതിനു വേണ്ടി മാനേജ്മെന്‍റ് ബോധപൂർവം സൃഷ്ടിച്ച കള്ളപ്രചാരവേലയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു

ഒമ്പതാം തിയതി തൊഴിൽ വകുപ്പ് മന്ത്രി അനുരഞ്ജനത്തിനായി വിളിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ഏത് വ്യവസായ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നുമാണ് സി ഐ ടിയു പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും എളമരം കരീം വ്യക്തമാക്കി. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ചവിട്ടി മെതിച്ചു കൊണ്ടല്ല സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ ആക്ഷേപിക്കുകയും തൊഴിൽസമരങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തൂറ്റിന് അനുയോജ്യമായ വേതനഘടന ആ സ്ഥാപനത്തിൽ ഉണ്ടാകേണ്ടത് തികച്ചും ന്യായമാണ്. അത്തരം ആവശ്യങ്ങൾ പരിഗണിക്കുന്നതിന് മുത്തൂറ്റ് ഫിനാൻസ് സന്നദ്ധമാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വൈകിയ വേളയിലെങ്കിലും മാനേജ്മെന്‍റ് സന്നദ്ധമാകണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

First published: September 7, 2019, 12:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories