ഡാൻ കുര്യൻ
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ. ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. എൽദോസ് കുന്നപ്പിള്ളി സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇതു ലംഘിച്ചാണ് റായ്പൂരിൽ പരിപാടിയിൽ പങ്കെടുത്തത്. ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്ന് എം എൽ എ തന്നെ സ്ഥിരീകരിച്ചു.
ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണ് ലംഘിക്കപ്പെട്ടത്. 2022 ഡിസംബറിലെ ഈ ഉത്തരവിൽ പറയുന്നത് അന്വേഷണം പൂർത്തിയാകും വരെ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നായിരുന്നു.
കേസിൽ ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. കോടതിയാകട്ടെ ജാമ്യ വ്യവസ്ഥയിൽ ഇളവും നൽകിയിട്ടില്ല.
പക്ഷെ എം എൽ എ ഇപ്പോഴുള്ളതാകട്ടെ കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരിലും. ജാമ്യ വ്യവസ്ഥ ലംഘിച്ച് സംസ്ഥാനന്തര യാത്ര നടത്തിയതിന് തെളിവായി പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി അധ്യക്ഷന്റെയും കൂടെ റായ്പൂരിൽ നിൽക്കുന്ന ചിത്രങ്ങൾ എം എൽ എ തന്നെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.
അതേസമയം ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്നും ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നുമാണ് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറയുന്നത്. പക്ഷെ അപേക്ഷയുടെ പകർപ്പ് ചോദിച്ചെങ്കിലും കിട്ടിയില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ച എം എൽ എയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പീഡന പരാതി നൽകിയ യുവതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.