ഭക്തിസാന്ദ്രം, എരുമേലി പേട്ടതുള്ളൽ
Last Updated:
കോട്ടയം: ഭക്തിയും മതസൗഹാർദ്ദവും നിറഞ്ഞ അന്തരീക്ഷത്തിൽ എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളൽ. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളി. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ തുടങ്ങിയത്. സമൂഹപ്പെരിയോന്‍ കളത്തിൽ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പേട്ട തുള്ളൽ. ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പേട്ട തുള്ളിയെത്തിയ അമ്പലപ്പുഴ സംഘത്തിനെ എരുമേലി നൈനാര്‍ പള്ളിയില്‍ ജമാആത്ത് ഭാരവാഹികള്‍ സ്വീകരണം നല്‍കി. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ മതസൗഹാര്‍ദ്ദത്തിന്റെ സംഗമം കൂടിയായ നിമിഷങ്ങൾ. വെള്ളിയാഴ്ച ആയതിനാൽ സമൂഹ പ്രാർത്ഥനയ്ക്ക് ശേഷമാണ് അമ്പലപ്പുഴ സംഘത്തെ വാവരുടെ പ്രതിനിധി അനുഗമിച്ചത്.
മൂന്നരയോടെ ആയിരുന്നു അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുള്ളൽ. പെരിയോന്‍ അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘം എത്തിയത്. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം ശബരിമലയ്ക്ക് പോയെന്നാണ് വിശ്വാസം. അതിനാൽ ആലങ്ങാട് സംഘം വാവരുപള്ളിയില്‍ കയറില്ല. പേട്ട തുള്ളലിന് ശേഷം അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ശബരിമലയിലേക്ക് തിരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2019 6:08 PM IST