• HOME
  • »
  • NEWS
  • »
  • kerala
  • »
  • 199 ദിവസം പാഴായെന്ന് വിലയിരുത്തൽ: ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാൻ സർക്കാർ ആലോചന

199 ദിവസം പാഴായെന്ന് വിലയിരുത്തൽ: ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാൻ സർക്കാർ ആലോചന

ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം അതേപടി മദ്യശാലകളിലേക്കു പോകുന്നു എന്ന വിലയിരുത്തലാണ് അന്നത്തെ സർക്കാരിനുണ്ടായിരുന്നത്. ഇപ്പോൾ കാര്യങ്ങൾ മാറിയെന്ന് ഇടതുസർക്കാർ കരുതുന്നു. പലർക്കും ശമ്പളം മാസത്തെ അവസാന ദിവസം ലഭിക്കുന്ന സാഹചര്യമുണ്ട്. അല്ലെങ്കിലും മദ്യപാനികൾ ഏറിയ പങ്കും 31നു തന്നെ മദ്യ വാങ്ങി സ്റ്റോക്ക് ചെയ്യാറുണ്ട്.

199 ദിവസം പാഴായെന്ന് വിലയിരുത്തൽ: ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാൻ സർക്കാർ ആലോചന
  • Share this:
    തിരുവനന്തപുരം:  ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കാൻ‌ സർക്കാർ ആലോചന. ഒരുദിവസത്തെ മദ്യ നിരോധനം കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലാണ് ആലോചനയ്ക്ക് പിന്നിൽ. എക്സൈസ് വകുപ്പ് മുന്നോട്ടുവച്ച ആശയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു കഴിഞ്ഞു.

    പൊതുവിൽ അനുകൂല അഭിപ്രായാണ് സെക്രട്ടേറിയറ്റിൽ ഉണ്ടായത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില ആശങ്കകളും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടി.  ഈ വർഷം ഒക്ടബോറിൽ തദ്ദേശ തെരഞ്ഞടുപ്പ് നടക്കും. ആറുമാസങ്ങൾക്കുശേഷം നിയമസഭാ തെരഞ്ഞെടുപ്പും. തെരഞ്ഞെടുപ്പ് വർഷം ഇത്തരമൊരു തീരുമാനമെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. ക്രൈസ്തവ സംഘടനകളും സംസ്ഥാനത്തെ മദ്യവർജന സംഘടനകളും സംഘടനകളും ഈ സർക്കാരിന്റെ മദ്യ നയത്തെ ആദ്യഘട്ടം മുതൽ എതിർത്തിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചാൽ തെരഞ്ഞെടുപ്പുകളിൽ അതു തിരിച്ചടിയായേക്കും. അതാണ് അടിയന്തിര തീരുമാനത്തിൽ നിന്ന് സർക്കാരിനെ പിന്നോട്ടു വലിക്കുന്നത്.

    Also Read- നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി

    ഇടതുമുന്നണിയും വൈകാതെ വിഷയം ചർച്ച ചെയ്യും. മദ്യനയത്തിൽ മാറ്റം വരുത്താനും ഡ്രൈ ഡേ പിൻവലിക്കാനും തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.  ഇപ്പോഴത്തെ മദ്യനയം തുടരും. ഏപ്രിലിൽ പുതിയ മദ്യനയം വരുമെന്നും ഡ്രൈ ഡേയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

    31നു നടക്കുന്നത് ഇരട്ടിക്കച്ചവടം

    സംസ്ഥാനത്ത് 265 ഔട്ട്ലെറ്റുകളാണ് ബിവറേജസ് കോർപ്പറേഷനുള്ളത്. ഇവിടങ്ങളിലെ ഒരു ദിവസത്തെ ശരാശരി മദ്യ കച്ചവടം 30 കോടിയാണ്. ഇതിനു പുറമേ വെയർ ഹൗസുകളിലൂടെ 12 കോടിയുടെ കച്ചവടവും നടക്കും. അതായത് ഒരു ദിവസം 42 കോടി രൂപ. ഡ്രൈ ഡേയ്ക്കു തൊട്ടു മുൻപുള്ള ദിവസം ഔട്ട്ലെറ്റുകളിലൂടെ മാത്രം 60 കോടി രൂപയാണ്. അതായത്, സാധാരണ ദിവസങ്ങളുടെ ഇരട്ടി. കൺസ്യൂമർഫെഡിന് സംസ്ഥാനത്ത് 36 ഔട്ട്ലെറ്റുകളുണ്ട്. ഇവിടങ്ങളിലെ പ്രതിദിന ശരാശരി  വില്പന അഞ്ചു മുതൽ അഞ്ചേകാൽ കോടി രൂപയാണ്. ഡ്രൈ ഡേയ്ക്കു തൊട്ടു മുൻപുള്ള ദിവസം ഇത് 13.5 കോടി രൂപ വരെയെത്തും. ബാറുകളിലെ മദ്യകച്ചവടവും ഈ ദിവസങ്ങളിൽ വലിയ തോതിൽ വർധിക്കും.

    സാമ്പത്തിക നേട്ടത്തിലും സർക്കാർ നോട്ടം

    ഒന്നാം തീയതി മദ്യ ശാലകൾ തുറക്കുന്നതിലൂടെ ഉണ്ടാകുന്ന വൻ സാമ്പത്തിക നേട്ടവും സർക്കാരിന്റെ ആലോചനയ്ക്കു പിന്നിലുണ്ട്. പ്രത്യേകിച്ചും വലിയ സാമ്പത്തിക തിരിച്ചടിയുടെ കാലത്ത്. ബാറുകളിലെ കച്ചവടവും നികുതി വരുമാനവും കൂടി കണക്കാക്കുമ്പോൾ നൂറു കോടി രൂപയ്ക്കടുത്താണ് ഒരു ദിവസം മദ്യ വില്പനയിലൂടെ സർക്കാരിനു ലഭിക്കുക.

    എ.കെ.ആന്റണിയുടെ ആശയം

    ആന്റണി സർക്കാരിന്റെ കാലത്ത് 2003 ഏപ്രിൽ ഒന്നിനാണ് ഡ്രൈ ഡേ തുടങ്ങിയത്. അന്നു മുതൽ 199 ദിവസമാണ് സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിച്ചത്. ഇതെല്ലാം പാഴായെന്നാണ് സർക്കാർ വിലയിരുത്തുന്നത്. അതുവരെ ഗാന്ധിജയന്തിയും ശ്രീനാരയാണ ഗുരു ജയന്തിയും പോലുള്ള പൊതു അവധി ദിവസങ്ങളിൽ മാത്രമായിരുന്നു സംസ്ഥാനത്ത് ഡ്രൈ ഡേ.

    ചാരായ നിരോധനത്തിനു ശേഷം എ കെ ആന്റണിക്ക് കൈയടിയും വീട്ടമ്മമാരുടെ വലിയ പിന്തുണയും ഉറപ്പാക്കിയ നടപടി ആയിരുന്നു ഡ്രൈ ഡേ പ്രഖ്യാപനം. അതുകൊണ്ടു തന്നെയാണ് ഇതുവരെയും അതു പിൻവലിക്കാൻ ഒരു സർക്കാരും ധൈര്യം കാട്ടാതിരുന്നത്.  ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം അതേപടി മദ്യശാലകളിലേക്കു പോകുന്നു എന്ന വിലയിരുത്തലാണ് അന്നത്തെ സർക്കാരിനുണ്ടായിരുന്നത്. ഇപ്പോൾ കാര്യങ്ങൾ മാറിയെന്ന് ഇടതുസർക്കാർ കരുതുന്നു. പലർക്കും ശമ്പളം മാസത്തെ അവസാന ദിവസം ലഭിക്കുന്ന സാഹചര്യമുണ്ട്. അല്ലെങ്കിലും മദ്യപാനികൾ ഏറിയ പങ്കും 31നു തന്നെ മദ്യ വാങ്ങി സ്റ്റോക്ക് ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ഡ്രൈ ഡേയുടെ പ്രസ്ക്തി ഇല്ലാതായെന്നും സർക്കാർ കരുതുന്നു.

    ടൂറിസം മേഖലയുടെ നിരന്തര ആവശ്യം

    ഡ്രൈ ഡേയ്ക്കെതിരേ ഏറ്റവും അധികം വിമർശനം ഉയരുന്നത് ടൂറിസം മേഖലയിൽ നിന്നാണ്. ഒരുതരത്തിലും ന്യായീകരിക്കാനാകാത്തതും അപ്രായോഗികവുമായ നടപടി എന്നാണ ടൂറിസം മേഖലയിലെ അഭിപ്രായം. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം മേഖലകളിലെങ്കിലും ഡ്രൈ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. ‍ഡ്രൈ ഡേ പൊതുവിൽ ഒഴിവാക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ ഇടതുമുന്നണി എത്തിയാൽ ടൂറിസം മേഖലയിൽ മാത്രം ഇളവു നൽകുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നു.

     
    Published by:Rajesh V
    First published: