ശബരിമല അക്രമം: തൃപ്പൂണിത്തുറ സ്വദേശിക്ക് ജാമ്യമില്ല
Last Updated:
കൊച്ചി: ശബരിമലയിൽ പൊതുമുതൽ നശിപ്പിക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അക്രമത്തിൽ പങ്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ല.
അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ശബരിമല ആക്രമണവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണ് ഇത്. നിലയ്ക്കലിൽനിന്നു സന്നിധാനത്തേക്കു പോകാൻ സാധിക്കാതെ നിൽക്കുകയായിരുന്നു താൻ എന്നായിരുന്നു ഹർജിക്കാരന്റെ നിലപാട്. എന്നാൽ കേസിൽ ഇയാൾക്കെതിരെ കേസ് ഡയറിയും ചിത്രങ്ങളും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
advertisement
കെഎസ്ആർടിസി ജീവനക്കാർ ഉൾപ്പടെ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതായും പൊലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. അക്രമങ്ങൾക്കും പൊതുമുതൽ നശിപ്പിച്ചതിനും പമ്പ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. കഴിഞ്ഞ 25ന് അറസ്റ്റിലായി. ഒക്ടോബർ 17ാം തിയതി ഗോവിന്ദ് മധുസൂദനൻ സംഘം ചേർന്ന് പൊലീസിനെ ആക്രമിക്കുകയും ബസുകൾ തകർക്കുകയും ചെയ്തെന്നാണ് കേസ് ഡയറിയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 12:31 PM IST


