KM Shaji| കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ED ഉത്തരവിന് ഹൈക്കോടതി സ്റ്റേ
- Published by:Rajesh V
- news18-malayalam
Last Updated:
ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമായിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ ഡി കണ്ടുകെട്ടിയത്.
കൊച്ചി: മുന്‍ അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിയുടെ (KM Shaji) ഭാര്യയുടെ സ്വത്ത് കണ്ട് കെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉത്തരവിന് ഹൈക്കോടതി (Kerala High Court) സ്റ്റേ. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള നടപടിക്കെതിരേ കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. എന്നാല്‍ ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടുണ്ട്. ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമായിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ ഡി കണ്ടുകെട്ടിയത്.
വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഏപ്രില്‍ 18 നാണ് കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. എംഎല്‍എ ആയിരുന്ന സമയത്ത് അഴീക്കോട് സ്‌കൂളില്‍ ഒരു അധ്യാപകയ്ക്ക് സ്ഥിര നിയമനം നല്‍കാന്‍ അവരില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലിയായി ഷാജി വാങ്ങിച്ചെന്ന പരാതിയില്‍ 2016 ല്‍ വിജിലന്‍സ് ഷാജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഭാര്യയുടെ പേരില്‍ കോഴിക്കോട് വീടും സ്ഥലവും വാങ്ങാന്‍ ഈ പണം ഉപയോഗിച്ചതായി ഇ ഡിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഇ ഡി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ല്‍ ഉള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നുമായിരുന്നു ഷാജി നല്‍കിയ ഹർജിയില്‍ പറയുന്നത്.
advertisement
അതേസമയം കെഎം ഷാജിയുടെ ഭാര്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഇഡി ഉത്തരവിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. മുൻ എംഎൽഎ കെ എം ഷാജിക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങൾ. ഷാജിയെ വേട്ടയാടി രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇഡി നടപടി. വിജിലൻസിൽ തുടങ്ങി ഇ.ഡിയിൽ എത്തി നിൽക്കുന്ന ഈ നാടകത്തിന് പിന്നിൽ സിപിഎമ്മെന്നും കെ പി എ മജീദ് ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2022 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KM Shaji| കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ED ഉത്തരവിന് ഹൈക്കോടതി സ്റ്റേ


