നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഞെട്ടിക്കുന്ന കണ്ടെത്തൽ; മീനച്ചിലാറ്റിൽ ക്രമാതീതമായ രീതിയിൽ മനുഷ്യവിസർജ്യമെന്ന പഠന റിപ്പോർട്ടുമായി ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

  ഞെട്ടിക്കുന്ന കണ്ടെത്തൽ; മീനച്ചിലാറ്റിൽ ക്രമാതീതമായ രീതിയിൽ മനുഷ്യവിസർജ്യമെന്ന പഠന റിപ്പോർട്ടുമായി ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

  അന്‍പതോളം കുടിവെള്ള പദ്ധതികളുടെ ശ്രോതസ്സ് ആയതിനാല്‍ തന്നെ ആയിരക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം എന്നാണ് ആവശ്യം

  • Share this:
  കോട്ടയം:അന്‍പതിലധികം കുടിവെള്ള പദ്ധതികളുള്ള കോട്ടയം മീനച്ചിലാറ്റിലെ ജലത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യ സാന്നിധ്യം കണ്ടെത്തി. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ആണ് ഗുരുതര സാഹചര്യം ഉള്ളതായി വ്യക്തമായത്.ഫീക്കല്‍ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിധ്യവും മീനച്ചില്‍ ആറ്റില്‍ തിരിച്ചറിഞ്ഞു.

  ഉത്ഭവ സ്ഥാനം മുതല്‍ അവസാനം വരെ ജനവാസ മേഖലകളിലൂടെ കടന്ന് പോകുന്ന മീനച്ചിലാറ്റില്‍ മലിനീകരണ തോത് അപകടകരമാം വിധം ഉയരുകയാണ് എന്നതാണ് ഏറെ ശ്രദ്ധേയം. അടുക്കം മുതല്‍ ഇല്ലിക്കല്‍ വരെ 10 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലാ സാമ്പിളുകളിലും ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിതായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
  അതായത് മനുഷ്യ വിസര്‍ജ്യം പുഴയില്‍ കലരുന്നുണ്ടെന്ന് മാത്രമല്ല, അതിന്റെ തോത് തീവ്രവുമാണ്. 7 സാമ്പിളുകളില്‍ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി കൗണ്ട്.

  ലോകാരോഗ്യ സംഘടനയുടെ ജല മാര്‍ഗരേഖ പ്രകാരം കുടിവെള്ളത്തില്‍ ഫീക്കല്‍ കോളിഫോം സാന്നിധ്യം ഉണ്ടാകരുത് എന്നാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കോട്ടയം ജില്ലയിലെ 50 കുടിവെള്ള പദ്ധതികള്‍ക്ക് അടക്കം ജലം ശേഖരിക്കുന്ന മീനച്ചിലാര്‍ അതീവ മലിനമാണെന്ന കണ്ടെത്തല്‍ പുറത്ത് വരുന്നത്. സാഹചര്യം അതീവ ഗുരുതരമാണെന്ന് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് ഡയറക്ടര്‍ പുന്നന്‍ കുര്യന്‍ പറഞ്ഞു.

  ജലത്തില്‍ പി എച്ച് ലെവല്‍ ഉയര്‍ന്നതായും കണ്ടെത്തലുണ്ട്. മീനച്ചിലാര്‍ പരിസരത്ത് വ്യവസായ കേന്ദ്രങ്ങള്‍ കുറവായതിനാല്‍,
  ജനവാസ കേന്ദ്രങ്ങളില്‍ നിന്നാണ് മാലിന്യങ്ങള്‍ എത്തുന്നതെന്ന് പഠനത്തില്‍ വ്യക്തമാകുന്നത്. കോളിഫോം സാന്നിധ്യം ഉള്ള വെള്ളം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങള്‍ പകരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തിന് മുമ്പും, ശേഷവും നടത്തിയ താരതമ്യ പഠനത്തില്‍ ആണ് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ണായക കണ്ടെത്തല്‍.

  റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അടിയന്തരമായ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്. അന്‍പതോളം കുടിവെള്ള പദ്ധതികളുടെ ശ്രോതസ്സ് ആയതിനാല്‍ തന്നെ ആയിരക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം എന്നാണ് ആവശ്യം. ഓരോ നഗരങ്ങളിലുമുള്ള മാലിന്യങ്ങള്‍ പ്രത്യേകം പരിശോധിച്ച് അവിടങ്ങളില്‍ നടപടി ഉണ്ടാകണം എന്നും ആവശ്യമുണ്ട്. മനുഷ്യവിസര്‍ജ്യം വന്‍തോതില്‍ എത്തുന്ന ശ്രോതസ്സുകള്‍ പ്രത്യേകമായി പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് കലക്ടറെ സമീപിച്ചു. ജില്ലയിലെ ജനങ്ങളെ ആകെ ബാധിക്കുന്ന വിഷയമാണ് ഇതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു
  Published by:Jayashankar AV
  First published:
  )}