• HOME
  • »
  • NEWS
  • »
  • kerala
  • »
  • എംസി റോഡിലെ തിരക്ക് മറികടക്കുന്നതെങ്ങനെ; വാളകം മുതൽ കുറവിലങ്ങാട് വരെ ആറ് ടൗണുകൾ എങ്ങനെ ഒഴിവാക്കാം?

എംസി റോഡിലെ തിരക്ക് മറികടക്കുന്നതെങ്ങനെ; വാളകം മുതൽ കുറവിലങ്ങാട് വരെ ആറ് ടൗണുകൾ എങ്ങനെ ഒഴിവാക്കാം?

തിരുവനന്തപുരത്തു നിന്നും പന്തളം കഴിഞ്ഞെത്തുന്ന യാത്രക്കാർക്ക് ഇനി ഏറ്റുമാനൂർ വരെ ഏതാണ്ട് ഒരു മണിക്കൂറിൽ സഞ്ചരിക്കാം

  • Share this:
കോട്ടയം: എംസി റോഡ് വീതി കൂട്ടി നിർമ്മിച്ചതോടെ തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാണ് ഉണ്ടായിരുന്നത്. വാഹനത്തിരക്ക് ഏറിയപ്പോൾ നാഷണൽ ഹൈവേ വിട്ട് പലരും എം സി റോഡ് സ്ഥിരം വഴിയാക്കി. ഇതോടെ വാഹനപ്പെരുപ്പം 239 കിലോമീറ്ററിലെ എംസി റോഡ് വഴിയുള്ള യാത്രയും ദുരിതമയമാക്കി.

നാലു ജില്ലകളിലെ ചെറുപട്ടണങ്ങളിൽ വരെ ദീർഘനേരമുള്ള ബ്ലോക്കുകൾ യാത്രക്കാരുടെ മണിക്കൂറുകൾ നഷ്ടപ്പെടുത്തി. എംസി റോഡിൽ വാളകത്തിനും കുറവിലങ്ങാടിനും ഇടയിൽ വാഹനത്തിരക്ക് ദുരിതമായ നഗരങ്ങളാണ് ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, പന്തളം, അടൂർ, കൊട്ടാരക്കര എന്നിവ. ഇതിൽ ഓരോ ഇടത്തും ശരാശരി 10 മുതൽ 30 മിനിറ്റ് വരെ യാത്രാ തടസം പതിവാണ്.

ഇതിൽ അടൂരിൽ ആണ് ആദ്യം ബൈപ്പാസ് വന്നത്. അടൂർ ടൗണിൽ കയറാതെ പോകാൻ കഴിയുന്നത് ഇത് യാത്രക്കാർക്ക് വലിയ ഗുണമായി. തുടർന്ന് ചങ്ങനാശ്ശേരിയിലും കഴിഞ്ഞവർഷം തിരുവല്ലയിലും ബൈപ്പാസ് യാഥാർത്ഥ്യമായി. അപ്പോഴും കോട്ടയവും ഏറ്റുമാനൂരും ഇഴഞ്ഞിഴഞ്ഞ് നീങ്ങേണ്ട അവസ്ഥയിലായിരുന്നു ഈ യാത്രക്കാർക്ക് ആശ്വാസമാകുന്ന പുതിയ വാർത്തയാണ് ഏറ്റുമാനൂരിൽ നിന്ന് ഉണ്ടാകുന്നത്.
Also Read- തൃശൂർ പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു; എട്ടുമാസത്തിനിടെ രണ്ടാം തവണ

തിരുവനന്തപുരത്തു നിന്നും പന്തളം കഴിഞ്ഞെത്തുന്ന യാത്രക്കാർക്ക് ഇനി ഏറ്റുമാനൂർ വരെ ഏതാണ്ട് ഒരു മണിക്കൂറിൽ സഞ്ചരിക്കാം എന്നതാണ് പുതിയ വഴി. ഏറ്റുമാനൂർ ബൈപ്പാസ് തുറന്നുതോടെ തൊട്ടടുത്തു കിടക്കുന്ന വലിയ നഗരമായ കോട്ടയത്തെ മറികടക്കാനും സാധിക്കുന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസും വിഎൻ വാസവനും ചേർന്നാണ് ബൈപ്പാസ് നാടിന് സമർപ്പിച്ചത്.

പെരുന്തുരുത്തി- പട്ടിത്താനം (39.5 കിലോമീറ്റർ )

തിരുവല്ല കഴിഞ്ഞ് പെരുന്തുരുത്തിയിൽ നിന്നും വലത്തേക്ക് എടുത്താൽ തെങ്ങണയിലേക്ക്. നിലവിൽ ഒരു റെയിൽവേ ക്രോസ് ഉണ്ട്. തെങ്ങണയെത്തി നേരേപോയാൽ പുതുപ്പളളി വഴി മണർകാടെത്താം. അവിടെ നിന്ന് പുതിയ ബൈപ്പാസ് റോഡിലൂടെ നേരേ പോയാൽ പട്ടിത്താനം കവലയിലെത്താം. ഫലത്തിൽ ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ എന്നീ ടൗണുകളെ മറികടന്നു കൊണ്ടാണ് ഈ ദൂരം 39.5 കിലോമീറ്റർ യാത്ര.മണർകാട് നിന്ന് വലത്തേക്ക് പോയാൽ വാഴൂർ വഴി മുണ്ടക്കയത്ത് എത്താം. ബൈപ്പാസിൽ മണർകാട് കാണിക്കവഞ്ചി കവലയിൽ നിന്നും ഏറ്റുമാനൂർ അമ്പലം കവലയിൽ നിന്ന് വലത്തേക്കും പോയാൽ പാലായിലെത്താം.

Also Read- എ എം ആരിഫ് എംപിയുടെ കാർ നിർത്തിയിട്ട ലോറിക്കുപിന്നിൽ ഇടിച്ചു;ആരിഫിനെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

എം സി റോഡ് യാത്രക്കാർക്ക് മാത്രമല്ല ഏറ്റുമാനൂർ ബൈപ്പാസ് ഗുണം ചെയ്യുക. കോട്ടയം കുമളി റോഡിൽ യാത്ര ചെയ്യുന്നവർക്കും മണർകാട് എത്തി ഈ റോഡ് ഉപയോഗിക്കാം. വാഗമൺ ഈരാറ്റുപേട്ട പാലാ മേഖലകളിൽനിന്ന് എത്തുന്നവർക്കും ഏറ്റുമാനൂർ ബൈപ്പാസിന്റെ ഗുണം ലഭിക്കും.എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് ദേശീയപാത 183ൽ മണർകാട് ജങ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്.

ദീർഘ ദൂര യാത്രയിൽ ഒഴിവാക്കാനാകുന്ന മറ്റു നഗരങ്ങൾ

ചങ്ങനാശേരി (2.86 കിലോമീറ്റർ )

എംസി റോഡിൽ പെരുന്തുരുത്തിയിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ മുന്നോട്ട് പോയി ളായിക്കാട് പാലം കഴിഞ്ഞ് വലത്തേക്ക് പോയാൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ കടന്ന് കുമളി റോഡിലെത്തും. നേരേ പോയാൽ ടൗൺ ഒഴിവാക്കി പാലാത്രച്ചിറയിൽ എംസി റോഡിലത്താം. 2.86 കിലോമീറ്റർ ദൂരത്തിൽ രണ്ട് ട്രാഫിക് സിഗ്നലുകൾ. കുമളി റോഡിലൂടെ വലത്തേക്ക് പോയാൽതെങ്ങണ, കറുകച്ചാൽ വഴി മുണ്ടക്കയത്ത് എത്താം. (പെരുന്തുരുത്തി വഴിയിലെ റെയിൽവേ ക്രോസ് ഇവിടെ ഒഴിവാക്കാം )

തിരുവല്ല (2.3 കിലോമീറ്റർ)

മഴുവങ്ങാട് മുതൽ രാമൻചിറ വരെയുളള തിരുവല്ല ബൈപ്പാസ് കടന്ന് നഗരത്തിലെ തിരക്ക് ഒഴിവാക്കാം. ഓവർ ബ്രിഡ്ജ് സംവിധാനം ഉണ്ടെങ്കിലും 2.3 കിലോമീറ്ററിൽ അഞ്ച് ട്രാഫിക് സിഗ്നലുകൾ രൂപകൽപ്പനയിലെ അപാകതയാണ്.

ചെങ്ങന്നൂർ (7 കിലോമീറ്റർ )

പന്തളം കഴിഞ്ഞ് മുളക്കുഴ സെഞ്ച്വറി ജംഗ്ഷനിൽ നിന്നും വലത്തേക്ക് കയറിയാൽ ടൗൺ ഒഴിവാക്കി ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് ശേഷമുള്ള റെയിൽവേ ഓവർബ്രിഡ്ജിന് സമീപമെത്താം. ഇത് ബൈപ്പാസ് ആയി വന്നിട്ടില്ലെങ്കിലും യാത്രക്കാർക്ക് ഏതാണ്ട് ഏഴു കിലോമീറ്റർ ആ നിലയിൽ ഉപയോഗിക്കാവുന്നതാണ്.

ഇതൊക്കെയാണെങ്കിലും എം സി റോഡും മാവേലിക്കര കൈപ്പട്ടൂർ റോഡും സംഗമിക്കുന്ന പന്തളവും
എം സി റോഡും കൊല്ലം ചെങ്കോട്ട റോഡും സംഗമിക്കുന്ന കൊട്ടാരക്കരയും കടക്കാൻ പ്രവർത്തി നേരങ്ങളിൽ ഇപ്പോഴും ഏറെ സമയമെടുക്കും. മൈലം മുതൽ കരിക്കം വരെ ഏതാണ്ട് മൂന്നു കിലോമീറ്റർ ദൂരം കടക്കാൻ അര മണിക്കൂറിലേറെയാണ് കുറഞ്ഞ സമയം.
Published by:Naseeba TC
First published: