തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യ സെക്രട്ടറിയ്ക്കാണ് റിപ്പോർട്ട് കൈമാറിയത്.
ആരോഗ്യ അവസ്ഥ പരിഗണിക്കാതെ ഡിസ്ചാർജ് ചെയ്തതിലും, ശാരീരത്തിലെ മുറിവുകൾ വൃത്തിയാക്കാത്തതിലും വീഴ്ചപറ്റി. അപകടത്തിൽ പരുക്കേറ്റ് ചികിത്സ തേടിയ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്.
ആംബുലൻസ് കാത്ത് നിൽക്കുന്നു എന്ന് പറഞ്ഞ് ബന്ധുക്കൾ ധൃതിപിടിച്ചതിനാലാണ് രോഗിയായ അനിൽകുമാറിനെ വൃത്തിയാക്കാതെ ഡിസ്ചാർജ് ചെയ്യേണ്ടി വന്നതെന്നാണ് ജീവനക്കാരുടെ വിശദീകരണം.
വാർഡിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. വീഴ്ചവരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു. അനിൽകുമാറിന്റെ കുടുംബം ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം 21 നാണ് അനിൽകുമാറിനെ അപകടം പറ്റി തിരുവനന്തപുരം മെഡിക്കൽ കൊളജിൽ എത്തിക്കുന്നത്.
ചികിത്സയിലിരിക്കെ ഈ മാസം 6 ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ഭേദമായി വീട്ടിലെത്തിച്ചപ്പോൾ അനിൽകുറിന്റെ ശരീരം പുഴുവരിച്ച നിലയിലായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് കോവിഡ് ബാധിച്ചത്. അതിന് ശേഷം അനിൽകുമാറിന് ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിന്റെ ശരീരം തളർന്ന നിലയിലാണ്. സംസാരിക്കാനും കഴിയില്ല.
കഴുത്തിൽ പ്ലാസ്റ്റർ മാറ്റിയപ്പോൾ പുഴുവരിച്ച നിലയിലായിരുന്നു.
കോവിഡ് ബാധിച്ച ശേഷം ജീവനക്കാർ അനിൽകുമാറിനെ തിരിഞ്ഞ് നോക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും നിർദേശിച്ചിരുന്നു. നിലവിൽ മെഡിക്കൽ കോളജിലെ 10 ജീവനക്കാർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഇവരായിരുന്നു ഡിസ്ചാർജ് ചെയ്യുന്ന ദിവസം ഡ്യൂട്ടിയ്ക്ക് ഉണ്ടായിരുന്നത്. ആരോഗ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. തുടർ ചികിത്സയ്ക്ക് പേരൂർക്കട ജില്ല ആശുപത്രിയിലേയ്ക്ക് അനിൽകുമാറിനെ മാറ്റിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.