ഹെയർ ട്രാൻസ്പ്ലാന്റേഷന് വിധേയനായ യുവാവിന്റെ തലയിൽ അണുബാധ
- Published by:Sneha Reghu
- news18-malayalam
Last Updated:
അണുബാധയേറ്റതോടെ സ്ഥാപനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് സനലിന്റെ കുടുംബം
എറണാകുളം: ഹെയർ ട്രാൻസ്പ്ലാന്റേഷന് വിധേയനായ യുവാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. എളമക്കര സ്വദേശിയായ സനിലിന് (49) ആണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്. തലയിൽ അണുബാധയേറ്റ സനിൽ നിലവിൽ ചികിത്സയിലാണ്. ഇതിനോടകം ഒട്ടേറെ ശസ്ത്രക്രിയകൾ സനിലിന് ചെയ്യേണ്ടി വന്നു.
പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കിൽ ഫെബ്രുവരി 26,27 തീയതികളിലാണ് മുടിവച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ മാർച്ച് ആദ്യ വാരം മുതൽ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു തുടങ്ങി. വൈകാതെ അസഹനീയ തലവേദന തുടങ്ങിയതോടെ സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ, വേദന സംഹാരി ഗുളികകൾ കഴിയ്ക്കാനുള്ള നിർദേശം മാത്രമാണ് ലഭിച്ചത്.
ഗുളികകളെല്ലാം കഴിച്ചിട്ടും വേദന കുറവില്ലായതോടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ഇവിടത്തെ പരിശോധനയിലാണ് മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധയേറ്റതായി കണ്ടെത്തിയത്. എന്നാൽ, അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനാകുകയായിരുന്നു. ഇപ്പോൾ തലയോട്ടിയിൽ നിന്ന് പഴുപ്പ് വലിച്ചെടുക്കുന്നതിന് വാക്വം മെഷീൻ ഘടിപ്പിച്ചിരിക്കുകയാണ്.
advertisement
കൃത്രിമ മുടി വച്ചുപിടിപ്പിക്കുന്നതിന് അരലക്ഷം രൂപയാണ് ഈടാക്കിയത്. തുടർന്നുണ്ടായ ചികിത്സയ്ക്ക് ഇതുവരെ 10 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്. അണുബാധയേറ്റതോടെ സ്ഥാപനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് സനലിന്റെ കുടുംബം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
May 20, 2025 10:39 AM IST