മുംബൈ ആശുപത്രിയിലെ മലയാളി നഴ്സുമാരിൽ അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ കേരള മുഖ്യമന്ത്രി ഇടപെടുകയും പ്രധാനമന്ത്രിക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കത്തയക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള ആരോഗ്യരംഗത്തെ ഈ മുന്നണിപ്പോരാളികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രജിസ്റ്റേഡ് നഴ്സുമാരുള്ളതും കേരളത്തിലാണ്. ലോകത്തിന്‍റെ എല്ലായിടത്തും അവരുണ്ട്. നഴ്സിംഗ് കൗൺസിലിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിലെ രജിസ്റ്റർ ചെയ്തിട്ടുള്ള ഇരുപത് ലക്ഷം നഴ്സുമാരിൽ പതിനെട്ട് ലക്ഷവും കേരളത്തിൽ നിന്നാണ്.
കേരളത്തിലെ നഴ്സുമാർ ലോകത്തിന്‍റെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരെ എത്തിപ്പെട്ടിട്ടുണ്ട്. ഇത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. വിദേശത്ത് ജോലി ചെയ്യുന്നവരിൽ അന്താരാഷ്ട്ര തലത്തിൽ വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ള നഴ്സുമാരിൽ ഫിലിപ്പൈന്‍സ് കഴിഞ്ഞാൽ വലിയൊരു പങ്ക് ഇന്ത്യയിൽ നിന്നുമാണ്. യുകെയിലും യുഎസിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ മുപ്പതു ശതമാനം കേരളത്തിൽ നിന്നുള്ളവരാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഓസ്ട്രേലിയയിൽ 15%വും മിഡിൽ ഈസ്റ്റിൽ 12%" എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്‍ട്ടിൽ പറയുന്നത്. അതുപോലെ തന്നെ വലിയൊരു വിഭാഗം ഡല്‍ഹി, ബംഗളൂരു, മുംബൈ തുടങ്ങി ഇന്ത്യയുടെ തന്നെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്നുണ്ട്.
*********
1970കളിൽ കേരളത്തിലെ നഴ്സുമാരെയും കന്യാസ്ത്രീകളെയും കുറിച്ച് ഇന്ത്യൻ സർക്കാരിന്റെ കീഴിലുള്ള ഒരു പ്രസിദ്ധീകരണത്തിനു വേണ്ടി ലേഖനം എഴുതുന്നതുമായി ബന്ധപ്പെട്ട് ഞാൻ ഒരു പ്രായമായ കന്യാസ്ത്രീയെ സന്ദർശിച്ചിരുന്നു. സ്വിസ് സ്വദേശിയായ അവർ തിരുവന്തപുരത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1906 ലാണ് ഒരു കൂട്ടം നഴ്സുമാരും കന്യാസ്ത്രീകളുമൊത്ത് സ്വിറ്റ്സർലാൻഡിൽ നിന്നും അവര്‍ ഇന്ത്യയിലെത്തിയത്. അന്ന് തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ കീഴിലായിരുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സേവനം അനുഷ്ടിക്കാനാണ് ഇവരെത്തിയത്. ഈ കന്യാസ്ത്രീകൾ ആ പ്രദേശത്തെ, പ്രത്യേകിച്ചും ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ളവരെ പെൺകുട്ടികൾക്ക് പരിശീലനം നൽകി സഹായികളായി ഒപ്പം കൂട്ടി. അവരുടെ മതവിശ്വാസത്തിന്‍റെ ഭാഗമായി നഴ്സിംഗ് സേവനവും ഉൾപ്പെടുത്തി.
1934ലാണ് നഴ്സിംഗ് എന്നത് ഒരു തൊഴിലായി അംഗീകരിക്കപ്പെടുന്നത്. എന്നിരുന്നാലും നഴ്സിങ് എന്നത് സേവനമായാണ് എന്നും കണക്കാക്കപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിൽ തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികളാണ് കൂടുതലായും ഈ മേഖലയിലേക്ക് കടന്നു വന്നിരുന്നത്. പ്രത്യേക വിദ്യാഭ്യാസ യോഗ്യത വേണ്ടെന്നതും എളുപ്പത്തിൽ ജോലി ലഭിക്കുമെന്നതുമായിരുന്നു ഇതിന് കാരണം. പിന്നീട് നഴ്സിങ് വിഭാഗവും വളർന്നു. എങ്കിലും ഇന്നും മാന്യമായ വരുമാനം ലഭിക്കുന്ന ജോലിയായി നഴ്സിങ് മേഖല മാറിയിട്ടില്ല. എങ്കിലും സ്ത്രീകൾക്ക് കൂടുതൽ യാത്ര ചെയ്യാനും ലോകം കാണാനുമുള്ള അവസരം ഈ തൊഴിൽ മേഖല ഒരുക്കി. കൂടാതെ, ജോലി സാധ്യത ഏറെയുള്ള മേഖലയായും ഇതു മാറി.
മറ്റേതൊരു മേഖലയും എന്ന പോലെ നഴ്സിങിലും സ്ത്രീകളുടെ മുന്നേറ്റത്തിന്റെ ആദ്യഘട്ടം ദുർഘടമായിരുന്നു. പുരുഷന്മാരായ രോഗികളെ യുവതികളായ നഴ്സുമാർ ശുശ്രൂശിക്കുന്നത് ആദ്യകാലങ്ങളിൽ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. പിന്നീട് നഴ്സുമാർക്ക് യൂണിഫോം വന്നു. അതോടെ സ്ത്രീകൾക്ക് നേരെയുള്ള മോശം തരത്തിലുള്ള കാഴ്ച്ചപ്പാടിൽ മാറ്റം വന്നു തുടങ്ങി. എന്നിരുന്നാലും മനുഷ്യന്റെ വിസർജ്യം വരെ കൈകാര്യം ചെയ്യുന്ന ജോലി എന്ന തരത്തിൽ നഴ്സിങ്ങിന്റെ സ്ഥാനം താഴെത്തന്നെയായിരുന്നു.
എന്നാൽ, കുടുംബത്തിൽ പുരുഷന്മാരേക്കാളും വരുമാനം കൊണ്ടുവരാൻ തങ്ങൾക്കാകുമെന്ന് ഈ ജോലിയിലൂടെ കഠിനാധ്വാനികളായ സ്ത്രീകൾ തെളിയിച്ചു. വർഷങ്ങൾ നീണ്ട അവരുടെ കഠിനാധ്വാനത്തിന‍്റെ ശ്രമഫലമായാണ് നഴ്സിങ്ങിനെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറിയത്. കുടുംബത്തിലെ മുതിർന്ന നഴ്സുമാരായ സ്ത്രീകൾ തന്നെ മുൻകയ്യെടുത്ത് യുവാക്കളെ ഈ ജോലിയിലേക്ക് ആകർഷിച്ചു. എന്നാൽ ഈ രംഗത്തേക്ക് പുരുഷന്മാരിൽ നിന്ന് ഒരു മത്സരവും ഉണ്ടായിരുന്നുമില്ല.
ഇന്ന് പുരുഷ നഴ്സുമാരുടെ എണ്ണത്തിൽ വളർച്ച കാണാനാകുന്നുണ്ട്. നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ 21 ശതമാനത്തോളം പുരുഷന്മാരാണ്. സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി, നഴ്സിങ് മേഖല പ്രൊഫഷനായി തെരഞ്ഞെടുക്കാൻ, മതപരവും സേവന മനോഭാവവും അല്ലാത്ത മറ്റു കാരണങ്ങൾ പുരുഷന്മാർക്ക് ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടുതൽ ജോലി സാധ്യതയും വേതനവുമാണ് പുരുഷന്മാരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. മാത്രമല്ല, വികസിത രാജ്യങ്ങളിലേക്ക് ചേക്കേറാമെന്നതും അവരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നു.
"പുരുഷന്മാരുടെ തൊഴിൽ" ആയി കണക്കാക്കപ്പെടാത്തതു കൊണ്ടു തന്നെ പലരും കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് നഴ്സിങ് മേഖല തിരഞ്ഞെടുക്കുന്നത്.
*********
2011 ൽ കേരളത്തിൽ നിന്ന് ജോലി ചെയ്യാനായി മുംബൈയിൽ പോയ ബീന ബേബി എന്ന നഴ്‌സ് ജോലി ചെയ്തിരുന്ന സ്ഥലത്ത് ആത്മഹത്യ ചെയ്തു. ബീനയുടെ മാതാപിതാക്കൾ സാധാരണ തൊഴിലാളികളായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് അവർ നഴ്സായത്. ബീന മരിക്കുന്ന സമയത്തും വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നുണ്ടായിരുന്നു
മുംബൈയിലേക്ക് ജോലി നൽകിയ ഏജന്റ് ബീനയുടെ ശമ്പളത്തിൽ നിന്ന് വലിയൊരു തുക കമ്മീഷനായി പറ്റിയിരുന്നു. ഇതുകൂടാതെ ബീന രണ്ടുവർഷത്തെ തൊഴിൽ ബോണ്ടിൽ ഒപ്പുവയ്ക്കേണ്ടിയും വന്നു. ബോണ്ട് ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കുമെന്നായിരുന്നു കരാർ. ബോണ്ട് കാരണം മികച്ച ജോലി ഓഫർ ലഭിക്കുമ്പോഴൊന്നും ബീനക്ക് അത് ഏറ്റെടുക്കാനായില്ല. കഴിയില്ലായിരുന്നു. ഈ നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ബോണ്ട് സമ്പ്രദായത്തിനെതിരെയുള്ള നഴ്സുമാരുടെ പ്രതിഷേധ പരമ്പരയ്ക്ക് കാരണമായ ആദ്യ സംഭവം ഇതാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ രൂപീകരണവും ഇതേത്തുടർന്നാണുണ്ടായത്. ആയിരക്കണക്കിന് നഴ്സുമാരാണ് അസോസിയേഷനിൽ അംഗത്വമെടുത്തത്.
ഗൾഫിൽ ജോലി ചെയ്തിരുന്ന നഴ്‌സായ ജാസ്മിൻ ഷാ ആയിരുന്നു അസോസിയേഷന്റെ ബുദ്ധികേന്ദ്രം. കഴിഞ്ഞ വർഷം ഇതേ അസോസിയേഷൻ വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള അസോസിയേഷന്റെ നാല് നേതാക്കൾക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു എന്നതായിരുന്നു വാർത്ത. യുഎൻഎയുടെ ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയിലായിരുന്നു കേസ്.
കേരളത്തിൽ നിന്നുള്ള നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം അസോസിയേഷന്റെ കരുതൽ ഒരുതരം ആശ്വാസം നൽകുന്നുണ്ടായിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുമ്പോൾ അവരെ കരുത്തോടെ നിലനിർത്താൻ അത് സഹായകമായിരുന്നു.
*********
ഒരു വീട്ടിലെ അമ്മമാരോ പെൺമക്കളോ ബന്ധുക്കളോ ആരെങ്കിലുമൊക്കെ ഈ മേഖലയിൽ ജോലി ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ യുദ്ധങ്ങളും പകർച്ചവ്യാധികളും വരുമ്പോൾ ഇവരുടെ മികവും പ്രതിരോധവും പരീക്ഷിക്കപ്പെടുന്ന സമയം കൂടിയാണ്.
23 ദിവസം ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയതോടെ 2014 ൽ ഒരു കൂട്ടം സഹപ്രവർത്തകരെ ഇറാഖിൽ നയിച്ച ധീര നഴ്‌സായ മറീന ജോസ് ഒരു ഉദാഹരണമാണ്. കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, മറീനയുടെ സഹപ്രവർത്തകരിൽ പലരും ഇപ്പോഴും ഇതുപോലെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവർക്ക് പണം ആവശ്യമാണ്. ചിലർക്ക് വായ്പകൾ അടച്ച് തീർക്കാനുണ്ട്, മറ്റുള്ളവർക്ക് കുട്ടികളുടെ ചെലവുകൾ നോക്കാനുണ്ട്.
ഇന്ത്യയിൽ മാത്രമല്ല വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാധിക്കെതിരെ പോരാടുകയാണ് കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ. യുകെയിൽ, കോവിഡ് -19 യുദ്ധത്തിൽ അവർ മുൻപന്തിയിലാണെന്ന് കാരവൻ റിപ്പോർട്ട് ചെയ്യുന്നു. “നമ്മൾ പഠിക്കുന്ന മികച്ച കാര്യങ്ങൾ നഴ്‌സുമാരിൽ നിന്നാണ്, അവരിൽ ചിലർ ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്, പ്രത്യേകിച്ചും കേരളത്തിൽ നിന്നുള്ളവർ”, മുൻ ബ്രിട്ടീഷ് എംപി അന്ന സൂബ്രി ഒരു അഭിമുഖത്തിൽ പറഞ്ഞു.
കേരളത്തിലെ നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അവർക്ക് ജോലിയുടെ ഭാഗം മാത്രമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Female nurses, Nurse Lini, Nurses, United Nurses Association (UNA)