ഈ ഹോട്ടലില്‍ ഒരു റൂം ബുക്ക് ചെയ്യുന്നോ? സിംഹക്കുട്ടിയെത്തും രാവിലെ വിളിച്ചുണര്‍ത്താന്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
അസാധാരണവും എന്നാല്‍ അപകടം പിടിച്ചതുമായ ഹോട്ടലിലെ സര്‍വീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
ലോകമെമ്പാടുമുള്ള ഹോട്ടലുകള്‍ അതിഥികള്‍ക്കായി നിരവധി ആകര്‍ഷകമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ചൈനയിലെ ഈ ഹോട്ടല്‍ അവിടെ റൂം ബുക്ക് ചെയ്യുന്നവര്‍ക്കായി അസാധാരണമായ ഒരു സേവനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആവേശവും ചർച്ചയുമായി മാറിയിരിക്കുന്നത്.
ഇത്ര ആവേശവും അദ്ഭുതവും തോന്നുന്ന സേവനം എന്താണെന്നല്ലേ...?ഹോട്ടലിൽ റൂം എടുത്തിട്ടുള്ള അതിഥികളെ രാവിലെ വിളിച്ചുണര്‍ത്താന്‍ ഒരുക്കിയിട്ടുള്ള അവരുടെ സര്‍വീസാണ് ഏവരെയും അതിശയിപ്പിക്കുന്നത്. മിക്ക ഹോട്ടലുകളിലും അതിഥികളെ എഴുന്നേല്‍പ്പിക്കാന്‍ മോര്‍ണിംഗ് ബെല്‍ സൗകര്യം ഉപയോഗിക്കുമ്പോള്‍ ഈ ഹോട്ടല്‍ അതില്‍ നിന്ന് എല്ലാം വ്യത്യസ്ഥമായി ജീവനുള്ള ഒരു സിംഹക്കുട്ടിയെ ആണ് ആ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. അതേ, ഇത് കേട്ടപ്പോള്‍ തന്നെ ഒരു ഞെട്ടലും പേടിയും തോന്നിയില്ലേ.
ജീവനുള്ള ഒരു സിംഹക്കുട്ടിയെ റൂമിലേക്ക് അയച്ചാണ് ഇവിടെ അതിഥികളെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നത്. അസാധാരണവും എന്നാല്‍ അപകടം പിടിച്ചതുമായ ഈ സര്‍വീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് ആളുകളെ ആകര്‍ഷിക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്യുന്നു.
advertisement
ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഹാപ്പി കണ്‍ട്രിസൈഡ് റിസോര്‍ട്ട് ആണ് അസാധാരണമായി തോന്നുന്ന ഈ മോര്‍ണിംഗ് കോള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഒരു ജീവനക്കാരന്‍ രാവിലെ 8-നും 10-നും ഇടയില്‍ സിംഹക്കുട്ടിയുമായി അതിഥികളുടെ റൂമിലെത്തും. ഏകദേശം ഏഴ് മിനുറ്റ് നേരം സിംഹക്കുട്ടി അതിഥികളുമായി ഇടപഴകും. തിരഞ്ഞെടുത്ത 20 മുറികളിലാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നതെന്ന് ഹോട്ടല്‍ പറയുന്നു. ഓരോ മുറിക്കും ഒരു രാത്രിക്ക് ഏകദേശം 7,800 രൂപയാണ് വാടക വരുന്നത്.
ഹോട്ടലില്‍ നിന്നുള്ള ഈ സേവനത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് ഇതിനു താഴെ വരുന്നത്. മുറിക്കുള്ളില്‍ ഒരു കുട്ടി സിംഹക്കുട്ടിയെ പിടിച്ച് കളിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സേവനത്തിന്റെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രംഗത്തെത്തുകയും ചെയ്തു. സിംഹങ്ങളെ ഹോട്ടലില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടെന്നും ഈ സേവനം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹോട്ടല്‍ അറിയിച്ചു.
advertisement
നവംബര്‍ അവസാനം വരെയുള്ള തീയതികളിൽ ഈ സേവനം ആസ്വദിക്കാനായി ആളുകള്‍ ഹോട്ടലില്‍ മുഴുവന്‍ റൂമുകളും ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിഥികള്‍ക്കിടയില്‍ ഇത് ജനപ്രിയമാണെന്നും ഹോട്ടലിലെ ഒരു വനിതാ സ്റ്റാഫ് അറിയിച്ചു.
പലരും സേവനത്തെ പ്രശംസിച്ചെങ്കിലും ചിലര്‍ അതിലെ അപകടവും ചൂണ്ടിക്കാട്ടി. ചിലര്‍ സേവനത്തെ നിരുത്തരവാദപരം എന്നും വിശേഷിപ്പിച്ചു. സിംഹക്കുട്ടിയെ കാണാന്‍ ഭംഗിയുണ്ടെങ്കിലും ഇത് ഭയപ്പെടുത്തുന്ന അനുഭവമാണെന്ന് ഒരാള്‍ പറഞ്ഞു. എല്ലാത്തിനുമുപരി ഇവ ഒരു വന്യമൃഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നവംബര്‍ 11-ന് ബീജിംഗ് യൂത്ത് ഡെയ്‌ലി ഹോട്ടലിന്റെ സേവനത്തെ വിമര്‍ശിച്ച് ഒരു എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു. സേവനത്തെ കുറിച്ചുള്ള നിരവധി ആശങ്കകളും പത്രം ലേഖനത്തിൽ പങ്കുവെച്ചിരുന്നു. ഈ സേവനം മൃഗത്തിന്റെ അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളും പ്രസിദ്ധീകരണം ഇതോടൊപ്പം ഉയര്‍ത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 17, 2025 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ ഹോട്ടലില്‍ ഒരു റൂം ബുക്ക് ചെയ്യുന്നോ? സിംഹക്കുട്ടിയെത്തും രാവിലെ വിളിച്ചുണര്‍ത്താന്‍


