News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 22, 2020, 7:31 PM IST
രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23 ന് വിളിച്ച് ചേര്‍ക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണ്.
എന്നാല്‍ അടിയന്തിര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തിരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്. ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ലങ്കിലും എം എല്‍ എമാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് രമേശ് ചെന്നിത്തല പാര്‍ലമെന്ററി കാര്യമന്ത്രി എ കെ ബാലനോട് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി വിളിച്ചുകൂട്ടിയ നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പ്രത്യേക സഭാ സമ്മേളനം ചേരാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയത്.
Also Read-
കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം; നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു
മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയശേഷം ഇപ്പോഴത്തെ സാഹചര്യം ചർച്ച ചെയ്യുകയും തുടർ തീരുമാനം എടുക്കുകയും ചെയ്യുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. ഗവർണറുടെ നടപടി ദൌർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് മുൻ മന്ത്രി കെ.സി ജോസഫ് പറഞ്ഞു.
നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതിനുള്ള അടിയന്തരസാഹചര്യമെന്താണെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമങ്ങള്‍ രാജ്യമാകെ ബാധിക്കുന്ന വിഷയമാണെന്നും കേരളത്തിലെയും കര്‍ഷകരുടെ ആശങ്ക മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
Published by:
Anuraj GR
First published:
December 22, 2020, 7:19 PM IST