News18 Malayalam
Updated: January 10, 2021, 10:38 PM IST
jacobite church strike
കൊച്ചി: ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിഷേധം ശക്തമാകുന്നു. കോടതി ഉത്തരവിനെ തുടർന്ന് ഏറ്റെടുത്ത പള്ളികളിലേക്കും സമരം വ്യാപിപ്പിക്കാനാണ് നീക്കം. ഇതിൻറെ ഭാഗമായി മുളന്തുരുത്തി മാർത്തോമ പള്ളിയിൽ കൽ കുരിശിൽ കയർ കെട്ടി പുരോഹിതരും വിശ്വാസികളും പ്രതിജ്ഞ ചൊല്ലി. പ്രാർത്ഥനയിലും പ്രതിഷേധത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.
കോടതി ഉത്തരവിനെ തുടർന്ന് വിട്ടു കൊടുക്കേണ്ടി വന്ന പള്ളികൾക്ക് മുന്നിൽ സമരം ശക്തമാക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം. ഇതോടൊപ്പം സെക്രട്ടറിയേറ്റിന് മുന്നിലും വീണ്ടും സമരം തുടങ്ങും. പള്ളികൾ സംരക്ഷിക്കുന്നതിനും വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യം നിലനിർത്തുന്നതിനും അനുയോജ്യമായ രീതിയിൽ സർക്കാർ നിയമ നിർമാണം നടത്തണം എന്നാണ് സഭയുടെ പ്രധാന ആവശ്യം അതുവരെ സമരവുമായി മുന്നോട്ട് പോകും.
Also Read
ഓൺലൈൻ തട്ടിപ്പുകൾക്ക് പുറമെ സംസ്ഥാനത്ത് നിക്ഷേപത്തട്ടിപ്പും; പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് തട്ടിയെടുത്തത് 1500 കോടിയോളം രൂപ
അതേസമയം നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ സർക്കാറിനെ ഒന്നുകൂടി സമ്മർദ്ദത്തിൽ ആക്കുക എന്ന ലക്ഷ്യത്തോടെ ആണ് യാക്കോബായ സഭ സമരം ആരംഭിച്ചിരിക്കുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമ നിർമ്മാണം സംബന്ധിച്ച് സർക്കാർ പ്രാഥമികമായ ആലോചനകൾ നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
അതേസമയം യാക്കോബായ സഭ ഇപ്പോൾ നടത്തുന്നത് പ്രകോപനപരമായ നീക്കങ്ങൾ ആണെന്നാണ് ഓർത്തഡോക്സ് പക്ഷത്തിൻ്റെ ആരോപണം. പള്ളികൾക്ക് മുന്നിൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തുന്നു. ഇതിന് പൊലീസും കൂട്ടുനിൽക്കുകയാണെന്നും സഭ ആരോപിച്ചു. സംസ്ഥാനത്ത് സുപ്രീംകോടതി വിധി പൂർണമായ തോതിൽ നടപ്പിൽ വരുത്താൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന വിമർശനവും ഓർത്തഡോക്സ് വിഭാഗത്തിനുണ്ട്.
Published by:
user_49
First published:
January 10, 2021, 10:36 PM IST