തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും നടത്തിയത് അപകടകരമായ കൂടിക്കാഴ്ചയെന്ന് ഡിവൈഎഫ്ഐ. കൂടിക്കാഴ്ച്ച അങ്ങേയറ്റം നിഗൂഢമാണ്. രണ്ടു വർഗീയ ശക്തികൾ എന്ത് ധാരണയിലാണ് എത്തിയതെന്നും ഇരു കൂട്ടരും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതായും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം വിമർശിച്ചു.
ആശയ സംവാദത്തിലൂടെ ആർഎസ്എസ്സിനെ തിരുത്താമെന്നത് ജമാഅത്തെ ഇസ്ലാമിയുടെ വ്യാമോഹമാണ്. കൂടിക്കാഴ്ചയെ കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണം നൽകാൻ ജമാത്തെ ഇസ്ലാമിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Also Read- ‘ജമാഅത്തെ ഇസ്‌ലാമി-ആർ എസ് എസ് ബന്ധം ചരിത്രപരം; മത രാജ്യമാണ് ഇരു കൂട്ടരുടെയും സ്വപ്നം’; കെ.എന്‍.എം
ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് എന്തുകൊണ്ട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചില്ലെന്നും റഹീം കുറ്റപ്പെടുത്തി. ഈ കൂടിക്കാഴ്ച ഇന്ത്യൻ മതേതര വിശ്വാസത്തിന് ഭീഷണിയാണ്. ഇരു കൂട്ടരും ഒന്നിച്ചിരുന്നത് അപകടകരമായ സൂചനയാണെന്നും റഹീം പറഞ്ഞു.
Also Read- ‘ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയത്? വർഗീയതകൾ സന്ധിചെയ്ത് മതനിരപേക്ഷതയെ തച്ചുടക്കുന്നു’: മുഖ്യമന്ത്രി
ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമര്‍ശനവുമായി വിദ്യാര്‍ഥി വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം സംഘടന ചെയ്താല്‍ ശരിയും മറ്റുള്ളവര്‍ ചെയ്താല്‍ തെറ്റുമാകുന്നത് അടഞ്ഞ സംഘടനാ ബോധമാണെന്ന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി വസീം ആര്‍ എസ് കുറ്റപ്പെടുത്തി.
വേട്ടക്കാരന്‍റെ അജണ്ട തിരിച്ചറിയാതെയാണ് ചര്‍ച്ചയെന്ന് വിദ്യാര്‍ഥി വിഭാഗമായ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി വസീം ആര്‍ എസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. ചര്‍ച്ച രാഷ്ട്രീയ വിവേകമല്ല, ജമാഅത്തെ ഇസ്ലാമി ചെയ്താലും അത് തെറ്റാണ്. സ്വന്തം സംഘടന ചെയ്താല്‍ ശരിയും മറ്റുള്ളവര്‍ ചെയ്താല്‍ തെറ്റുമാകുന്നത് അടഞ്ഞ സംഘടനാ ബോധമാണ്. സംഘടനയേക്കാള്‍ വലുതാണ് നീതിബോധമെന്നും ജമാ അത്തെ ഇസ്ലാമി തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷയെന്നും വസീം പറയുന്നു.
ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംഭാഷണങ്ങളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്നത് പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാൻ കഴിയുമെന്ന കരുതലിന് തുല്യമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും പിണറായി വിജയന്‍ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.