'നുണ പ്രചാരണം..ഇഡി മൂന്നാമത്തെ സമൻസ് അയച്ചിട്ടില്ല'; 'സേവ് ബോക്സ്' ആപ്പ് തട്ടിപ്പ് വാർത്തകളിൽ ജയസൂര്യ
- Published by:Sarika N
- news18-malayalam
Last Updated:
തനിക്കെതിരെ വലിയ രീതിയിലുള്ള നുണപ്രചരണമാണ് നടക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു
കൊച്ചി: 'സേവ് ബോക്സ്' ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ജയസൂര്യ. ഏഴാം തീയതി വീണ്ടും ഹാജരാകാൻ തനിക്ക് നിർദേശം ലഭിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചാനലുകളിലൂടെ അല്ലാതെ നേരിട്ട് സമൻസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു മാധ്യമങ്ങൾക്കെതിരെയുള്ള താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ രണ്ട് ദിവസമായി തനിക്കെതിരെ വലിയ രീതിയിലുള്ള നുണപ്രചരണമാണ് നടക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു. 'ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ എന്റെ ഭാര്യയ്ക്കോ ഇഡിയിൽ നിന്ന് സമൻസ് ലഭിച്ചിട്ടില്ല. നേരത്തെ 24-നും 29-നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ തങ്ങൾ കൃത്യമായി ഹാജരായി മൊഴി നൽകിയതാണ്. വസ്തുനിഷ്ഠമായി വാർത്തകൾ എത്തിക്കേണ്ട മാധ്യമങ്ങൾ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോൾ സഹതപിക്കുകയേ നിർവാഹമുള്ളൂ. മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം... എന്താല്ലേ!' .ജയസൂര്യ കുറിച്ചു.
പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ ഭാവിയിൽ എന്തൊക്കെ തട്ടിപ്പുകൾ നടത്തുമെന്ന് മുൻകൂട്ടി ഊഹിക്കാൻ കഴിയില്ലെന്നും ജയസൂര്യ വിശദീകരിച്ചു. കൃത്യമായി നികുതി അടയ്ക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ സ്വദേശി സ്വാദിക് റഹിം ആരംഭിച്ച സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. നൂറിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സ്വാദിക്കുമായി ജയസൂര്യ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയായി പത്ത് മണിക്കൂറിലേറെ നേരത്തെ താരത്തെ ചോദ്യം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 02, 2026 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നുണ പ്രചാരണം..ഇഡി മൂന്നാമത്തെ സമൻസ് അയച്ചിട്ടില്ല'; 'സേവ് ബോക്സ്' ആപ്പ് തട്ടിപ്പ് വാർത്തകളിൽ ജയസൂര്യ





