പൊലീസിനെതിരെയുള്ള പോപ്പുലർ ഫ്രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ ASIയ്ക്കെതിരെ നടപടിക്ക് ശുപാർശ
- Published by:Naseeba TC
- news18-malayalam
Last Updated:
തന്റെ ഫേസ്ബുക്ക് ഉപയോഗിച്ച് ഭർത്താവാണ് പോസ്റ്റ് ഷെയർ ചെയ്തത് എന്നാണ് ഉദ്യോഗസ്ഥയുടെ മൊഴി
കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവ് എഎ റൗഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി എഎസ്ഐയ്ക്കെതിരെ നടപടിക്ക് ശുപാർശ. ന്യൂസ് 18 കേരളം ഇന്ന് രാവിലെ വാർത്ത പുറത്ത് വിട്ടതിനു പിന്നാലെയാണ് തിരക്കുപിടിച്ച നടപടിക്രമങ്ങളുമായി പോലീസ് രംഗത്ത് വന്നത്.
സംഭവത്തിൽ പോലീസിന്റെ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റംല ഇസ്മായിലിനെതിരെ നടപടി ശുപാർശ ചെയ്ത് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് റിപ്പോർട്ട് കൈമാറിയത്. മധ്യമേഖലാ ഡിഐജി നീരജ് കുമാർ ഗുപ്‍തക്കാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ശുപാർശ നൽകിയത്. സംഭവത്തിൽ തുടർനടപടി സ്വീകരിക്കുക ഇനി ഡിഐജി ആകും.
അതേസമയം, താനല്ല ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതെന്ന് റംല ഇസ്മായിൽ പൊലീസിന്റെ ആഭ്യന്തര അന്വേഷണ സമിതിക്ക് മൊഴി നൽകി. തന്റെ ഫേസ്ബുക്ക് ഉപയോഗിച്ച് ഭർത്താവാണ് പോസ്റ്റ് ഷെയർ ചെയ്തത് എന്നാണ് റംലയുടെ മൊഴി. എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഇതോടെയാണ് നടപടിക്ക് ശുപാർശ ചെയ്തു ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഡിഐജി നീരജ് ഗുപ്തക്ക് റിപ്പോർട്ട് നൽകിയത്. പോലീസിന് വേണ്ട അച്ചടക്കം അടക്കമുള്ള കാര്യങ്ങളിൽ റംല വീഴ്ച വരുത്തി എന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
advertisement
Also Read- പൊലീസ് ഉദ്യോഗസ്ഥ പോലീസിനും കോടതിയ്ക്കുമെതിരേയുളള പോപ്പുലർ ഫ്രണ്ട് FB പോസ്റ്റ് ഷെയർ ചെയ്തു
അതേസമയം റിപ്പോർട്ടിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ന്യൂസ് 18 നോട് പറഞ്ഞു. ഡിഐജി ആണ് ഈ കാര്യത്തിൽ തുടർന്നുള്ള നടപടികൾ സ്വീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 31 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോലീസിനും കോടതി നടപടികൾക്കും എതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ റംല ഇസ്മായിൽ ഷെയർ ചെയ്തത്.
advertisement
ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉൾപ്പെടെയുള്ള നേതാക്കൾ റംലയ്ക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. റംലക്കെതിരെ നടപടി എടുക്കാതിരിക്കാൻ പൊലീസിൽ കടുത്ത സമ്മർദ്ദം നടക്കുന്നതായി എൻ ഹരി ന്യൂസ് 18 നോട് പറഞ്ഞു. ആശ്ചര്യജനകമായ സംഭവമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത് എന്നും ഹരി ആരോപിച്ചു. ജൂലൈ അഞ്ചിന് ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു എങ്കിലും ഇതുവരെ റംലയ്ക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല എന്നതാണ് വിവാദമായത്.
ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതിന് തൊടുപുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നിരുന്നു. പോലീസിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള കടുത്ത നടപടിയാണ് അന്ന് സ്വീകരിച്ചത്. മൂന്നാർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കും പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐയും ഈരാറ്റുപേട്ട സ്വദേശിനിയുമായ റംല ഇസ്മയിൽ വിവാദ പോസ്റ്റ് ഷെയർ ചെയ്തത് എന്നതാണ് ശ്രദ്ധേയം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2022 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിനെതിരെയുള്ള പോപ്പുലർ ഫ്രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ ASIയ്ക്കെതിരെ നടപടിക്ക് ശുപാർശ