എടക്കാട് നടാൽ ക്ഷേത്രത്തിൽ മനം നിറച്ചൊരു വിവാഹം; സ്നേഹത്തിന് പ്രായമില്ലെന്ന് തെളിയിച്ച് ചന്ദ്രനും രമയും
Last Updated:
ഒറ്റപ്പെടലില്‍ നിന്നുള്ള മോചനമായി 85-ാം വയസ്സില്‍ വിവാഹിതനായി ചന്ദ്രന്‍. അപൂര്‍വ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ച് നടാല്‍ മഹാവിഷ്ണു ക്ഷേത്രം.
കണ്ണൂര്‍ എടക്കാട് നടാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കണ്ടു നിന്നവരുടെ മനം നിറച്ചൊരു മാഗംല്യം. എണ്‍പത്തിയഞ്ചുകാരനായ വടക്കേച്ചാലില്‍ ചന്ദ്രനും അറുപത്തിയഞ്ചുകാരി മേപ്പാട് രമയും തുളസിമാലകള്‍ പരസ്പരം അണിഞ്ഞ് പുതു ജീവിതത്തിലേക്ക് ചുവടുവെച്ചു.
ചന്ദ്രന്‍ രമയുടെ കൈപിടിച്ച് നടാല്‍ വായനശാലയ്ക്ക് സമീപത്തെ വീട്ടിലേക്ക് കയറുമ്പോള്‍ ഇളയമകള്‍ വധൂവരന്മാരുടെ കാലുകളില്‍ വെള്ളമൊഴിച്ച് വരവേറ്റു. നിലവിളക്കുമായി ഇരുവരും വീടിനുള്ളിലേക്ക് കടന്നു.
ആറുവര്‍ഷം മുന്‍പാണ് ചന്ദ്രൻ്റെ ഭാര്യ മരിച്ചത്. അതില്‍ പിന്നീട് ഏകാന്തജീവിതത്തില്‍ കഴിഞ്ഞ ചന്ദ്രന് മുന്നില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് രമ എത്തിയത്. കണ്ണൂരിലെ ഒരു ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍നിന്ന് ഡൈമാസ്റ്ററായി വിരമിച്ച ടി.വി. ചന്ദ്രന്‍ ചാല കോയ്യോട് റോഡിലെ ബാഗ് നിര്‍മാണ യൂണിറ്റില്‍ ജോലിചെയ്യുന്നുണ്ട്. അവിടെ എത്തിയപ്പോഴാണ് രമയെ കണ്ടതും പരിചയപ്പെട്ടതും. മേപ്പാട് കാവിനടുത്ത തറവാടുവീട്ടില്‍ രമയും ഒറ്റയ്ക്കായിരുന്നു താമസം.
advertisement
പുതുജീവിതം ആഗ്രഹിച്ച ചന്ദ്രനും രമയ്ക്കും പൂര്‍ണപിന്തുണ നല്‍കിയത് ചന്ദ്രൻ്റെ അഞ്ചുമക്കളും ചേര്‍ന്നാണ്. ഇളയമകളും ഭര്‍ത്താവും വിവാഹച്ചടങ്ങില്‍ അച്ഛനൊപ്പമുണ്ടായിരുന്നു. ചന്ദ്രൻ്റെ ആറുമക്കളില്‍ ഒരാള്‍ നേരത്തേ മരിച്ചിരുന്നു. മറ്റ് അഞ്ചുപേരും വിവാഹിതരായി കുടുംബത്തോടൊപ്പം താമസിക്കുകയാണ്. ക്ഷേത്രം മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. എഴുപതോളം പേര്‍ കല്യാണത്തിനെത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 14, 2026 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
എടക്കാട് നടാൽ ക്ഷേത്രത്തിൽ മനം നിറച്ചൊരു വിവാഹം; സ്നേഹത്തിന് പ്രായമില്ലെന്ന് തെളിയിച്ച് ചന്ദ്രനും രമയും







