ഉത്തരമലബാറിലെ പൈതൃക പെരുമ; തെയ്യങ്ങളുടെയും താളിയോലകളുടെയും ലോകമായി ചിറക്കൽ ഫോക്‌ലോർ അക്കാദമി
Last Updated:
നാടിൻ്റെ പ്രൗഢി ഗ്രഹിച്ച് കേരള വാസ്തുകലാ മാതൃകയില്‍ നാലുകെട്ട് രീതിയില്‍ നിര്‍മിച്ച കേരള ഫോക്‌ലോർ അക്കാദമി. താളിയോല രാമായണം മുതല്‍ പറയിപെറ്റ പന്തിരുകുലത്തിൻ്റെ ചരിത്രം വരെ ഈ ചുമരുകൾക്കുള്ളിൽ കാണാം.
വടക്കേ മലബാറുകാര്‍ക്ക് ഇനി തെയ്യകോലങ്ങളുടെ കാലമാണ്. ഇതിനിടയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് കേരള ഫോക്‌ലോർ അക്കാദമി. നാടിൻ്റെ പൈതൃകം വിളിച്ചോതുന്ന തെയ്യകാഴ്ചകളാല്‍ അവിസ്മരണിയമാണ് കേരള ഫോക്‌ലോർ അക്കാദമി. നാടന്‍ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ കണ്ണൂര്‍ ആസ്ഥാനമായി 1995 ല്‍ സ്ഥാപിച്ചതാണ് ഈ അക്കാദമി. കേരള വാസ്തുകലാ മാതൃകയായ നാലുകെട്ട് രീതിയിലാണ് ആസ്ഥാനകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.
ചരിത്രവും കാഴ്ചകളുടെ വിസ്മയവും ഒരുപോലെ സമന്വയിപ്പിച്ചാണ് ചിറക്കലിലെ ഫോക്‌ലോർ അക്കാദമി മ്യൂസിയം തയാറാക്കിയിരിക്കുന്നത്. വിവിധ തെയ്യക്കോലങ്ങള്‍ അതേരൂപത്തിലും വലിപ്പത്തിലും സജ്ജീകരിച്ചിട്ടുണ്ട്. തെയ്യക്കോലങ്ങളുടെ വിവിധ മുഖത്തെഴുത്തുകളാണ് പ്രധാന ആകര്‍ഷണം. മുഖത്തെഴുത്തുകളുടെ സവിശേഷതകള്‍ വ്യക്തമാക്കി വിശദവിവരങ്ങളടങ്ങിയ ചാര്‍ട്ടും സജ്ജീകരിച്ചിരിക്കുന്നു. ആടയാഭരണങ്ങള്‍, കിരീടം, പൊയ്ക്കണ്ണുകള്‍, ചിലമ്പ്, തുടങ്ങിയവയെല്ലാം പുതുതലമുറയെ ആകര്‍ഷിക്കുന്നുണ്ട്. ഉത്തരമലബാറിലെ തെയ്യക്കോലങ്ങളില്‍ പ്രധാനപ്പെട്ട വിഷ്ണുമൂര്‍ത്തി, തായ്പ്പര ദേവത, കരിങ്കുട്ടി ശാസ്തപ്പന്‍, പുലിയൂര്‍ കാളി, മാരിതെയ്യം, എന്നിവയുടെയെല്ലാം പൂര്‍ണരൂപം മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നു.
തിരുവാതിര, ഒപ്പന, മാര്‍ഗംകളി എന്നീ കലാരൂപങ്ങളും അക്കാദമി മ്യൂസിയത്തില്‍ ഇടംപിടിച്ചിരിക്കുന്നു. മലയാളത്തില്‍ എഴുതപ്പെട്ട താളിയോല രാമായണം അടക്കം പുരാതനതാളിയോല ഗ്രന്ഥങ്ങളുടെ ശേഖരവും ഇവിടെയെുണ്ട്. ചെറുശ്ശേരിയെ പരിജയപ്പെടുത്തുന്ന പ്രതിമയും, രാജവാഴ്ച കാലത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഉപയോഗിച്ച വീട്ടുപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, എന്നിവയെല്ലാം പഴമയുടെ പ്രതീകങ്ങളായി സംരക്ഷിച്ചിട്ടുണ്ട്. കാവുകളെ അനുസ്മരിപ്പിക്കും വിതത്തില്‍ ഗണപതി കോലം, സുന്ദരിയക്ഷി കോലം, അന്തരയക്ഷിക്കോലം, കുതിരക്കോലം, പക്ഷിക്കോലം, മറുതാ കോലം, കാലന്‍ കോലം എന്നിവയും അക്കാദമിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
advertisement

പറയിപെറ്റ പന്തിരുകുലത്തിൻ്റെ ചരിത്രം വിളിച്ചോതുന്ന പുറം ചുമരുകളും അക്കാദമിക്ക് മാറ്റ് കൂട്ടുന്നു. നാടന്‍ കലകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, മാസികകള്‍ പ്രസിദ്ധപ്പെടുത്തുക, പഠനങ്ങള്‍ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനവും ധനസഹായവും നല്‍കുക തുടങ്ങിയ ചുമതലകളുമായി ഈ അക്കാദമി കണ്ണൂരില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 06, 2026 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഉത്തരമലബാറിലെ പൈതൃക പെരുമ; തെയ്യങ്ങളുടെയും താളിയോലകളുടെയും ലോകമായി ചിറക്കൽ ഫോക്‌ലോർ അക്കാദമി







