മൈസൂർ ദസറയ്ക്ക് പിന്നാലെ കണ്ണൂർ ദസറ; ആഘോഷ രാവില്‍ നഗരം
Last Updated:
'പങ്കുവയ്ക്കാം സ്നേഹം പങ്കുചേരാം ദസറ' എന്നതാണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറയുടെ മുദ്രാവാക്യം.
മൈസൂര്‍ ദസറ പകര്‍ന്ന തീ നാളത്തില്‍ കണ്ണൂരും. രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂര്‍ ദസറയുടെ ആരവത്തിലാണ് നാട്. നേരം ഇരുട്ടി തുടങ്ങിയാല്‍ നിരത്തിലാകെ ആളൊഴുകും, കണ്ണൂരിൻ്റെ സ്വന്തം ദസറ കാണാന്‍. നവരാത്രിക്കൊപ്പം ഉണര്‍ന്ന ദസറയില്‍ ഓരോ തവണയും നഗരം വര്‍ണാഭമാകും.
ആഘോഷത്തില്‍ മൈസൂരുവിലെ ദസറ ആഘോഷത്തിന് തൊട്ട് പിന്നില്‍ നില്‍ക്കുന്ന കണ്ണൂരിലെ ദസറ കോര്‍പറേഷൻ്റെ നേതൃത്വത്തിലാണ് നടത്തുന്നത്. സാംസ്‌കാരിക സമ്പന്നതയുടെ, വിശ്വാസത്തിൻ്റെയും കലയുടെയും സമന്വയത്തിൻ്റെയും ദര്‍ശനമായ ദസറ ആഘോഷങ്ങള്‍ സെപ്തംബര്‍ 23 ന് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയിലാണ് ആരംഭിച്ചത്. 'പങ്കുവയ്ക്കാം സ്നേഹം, പങ്കുചേരാം ദസറ' എന്ന മുദ്രാവാക്യവുമായി മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിച്ച് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ദസറയില്‍ അലിഞ്ഞു.
നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രങ്ങള്‍ നവരാത്രി ആഘോഷത്തിനായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ഏഴ് നൂറ്റാണ്ടിന് മുമ്പ് ജീവിച്ച മുനീശ്വരൻ്റെ സമാധി സ്ഥലമായ മുനീശ്വരന്‍ കോവില്‍ ഈ ആഘോഷത്തിൻ്റെ ആത്മീയ കേന്ദ്രബിന്ദുവാണ്. കാഞ്ചി കാമാക്ഷിയമ്മന്‍ കോവില്‍, പിള്ളയാര്‍ കോവില്‍ തുടങ്ങിയ ക്ഷേത്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ പരിപാടികള്‍ നടക്കുന്നത്.
advertisement
ഇവിടങ്ങളില്‍ രാത്രി സംഗീതം നിറയും. നൃത്തം, പാട്ട് എന്നിങ്ങനെ കലാസന്ധ്യയില്‍ നാട് അലിയും. ഒന്‍പത് ദിവസങ്ങളിലായി അരങ്ങേറുന്ന സാംസ്‌കാരിക സമ്മേളനങ്ങളും കലാപരിപാടികളും ദസറയ്ക്ക് മാറ്റേറുന്നു. രാത്രി മുതല്‍ പുലരും വരെ സംഗീതം പരക്കുന്ന രണ്ടാം ദസറയെന്ന കണ്ണൂര്‍ ദസറയ്ക്ക് ഒക്ടോബര്‍ 1 ന് സമാപനമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 30, 2025 2:39 PM IST