കണ്ണൂർ ജില്ലാ കലോത്സവത്തിന് തിരശ്ശീല; കണ്ണൂർ നോർത്ത് ഓവറോൾ ചാമ്പ്യന്മാർ
Last Updated:
കലോത്സവവേദി കീഴടക്കി ജില്ലയിലെ കലാലോകം. അഞ്ച് ദിവസമായി നടന്ന മത്സരത്തിൽ 1003 പോയിൻ്റ് നേടി കണ്ണൂര്‍ റവന്യു ചാമ്പ്യന്മാരായി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ തൃശ്ശൂരിൽ.
അഞ്ച് രാപ്പകലുകളായി ആവേശ തിമിര്‍പ്പിലായ ജില്ലയിലെ കലാലോകത്തിന് തിരശ്ശീല വീണു. കൗമാര പ്രതിഭകളുടെ താളമേള വിസ്മയങ്ങള്‍ പെയ്തിറങ്ങിയ രാവിനാണ് കണ്ണൂര്‍ സാക്ഷിയായത്. വാശിയേറിയ പോരാട്ടത്തില്‍ കണ്ണൂര്‍ നോര്‍ത്ത് 1003 പോയിൻ്റോടെ വിജയകിരീടം ചൂടി. കഴിഞ്ഞ വര്‍ഷം പയ്യന്നൂരില്‍ നടന്ന കലോത്സവ വേദിയില്‍ കപ്പടിച്ചതിൻ്റെ അതേ ആവേശത്തിലായിരുന്നു കണ്ണൂര്‍ നോര്‍ത്ത്.
മികവുറ്റ കലാപ്രതിഭകളുടെ കലാമാമാങ്കത്തില്‍ 925 പോയിൻ്റോടെ മട്ടന്നൂര്‍ രണ്ടാമതായി. 901 പോയിൻ്റുമായി കണ്ണൂര്‍ സൗത്ത്, 897 പോയിൻ്റുമായി ഇരിട്ടി, 890 പോയിൻ്റുമായി തളിപ്പറമ്പ് നോര്‍ത്ത് എന്നിവ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി. സ്‌കൂളുകളില്‍ 384 പോയിൻ്റോടെ മമ്പറം എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യരായി. 301 പോയിൻ്റോടെ കണ്ണൂര്‍ സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് റണ്ണറപ്പായി. 268 പോയിൻ്റുള്ള മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസാണ് മൂന്നാമത്. യുപി വിഭാഗത്തില്‍ 60 പോയിൻ്റോടെ പയ്യന്നൂര്‍ സെൻ്റ് മേരീസ് ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് ഒന്നാമതെത്തി. ഹൈസ്‌കൂള്‍ 171 പോയൻ്റ് വീതം നേടി മമ്പറം എച്ച്എസ്എസും കടമ്പൂര്‍ എച്ചഎസ്എസും ഒന്നാം സ്ഥാനം പങ്കിട്ടു.
advertisement
കണ്ണൂര്‍ ജിവി എച്ച്എസ്എസ് ഉള്‍പ്പെടെ 13 വേദികളിലായി നടന്ന കലാരൂപം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. സമാപന സമ്മേളനം സിറ്റി പൊലീസ് കമീഷണര്‍ പി നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, നടി നിഹാരികാ എസ് മോഹന്‍ എന്നിവര്‍ മുഖ്യാതിഥികളായി. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ള പതിനായിരത്തിലധികം കൗമാരകലാകാരന്മാര്‍ ഇഞ്ചോടിച്ച് മത്സരിച്ച കലാലോകമായിരുന്നു അഞ്ചുനാള്‍. ചിലര്‍ പാതിവഴിയില്‍ വീണപ്പോള്‍ വിജയശ്രീലാളിതരായ മറ്റുചിലര്‍ സംസ്ഥാന കലോത്സവം നടക്കുന്ന തൃശൂരിലേക്ക് യാത്ര തിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 24, 2025 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂർ ജില്ലാ കലോത്സവത്തിന് തിരശ്ശീല; കണ്ണൂർ നോർത്ത് ഓവറോൾ ചാമ്പ്യന്മാർ


