കേരളപ്പിറവി ദിനത്തിൽ പിറന്ന 'കേരളകുമാരി'
Last Updated:
1956 നവംബര്‍ ഒന്നിന് പിറന്ന കുഞ്ഞിന് ഡോക്ടറിട്ട പേര് കേരളകുമാരി. കേരളത്തോടൊപ്പം കേരളകുമാരിക്കും വയസ്സ് 69.
ഐക്യകേരളം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇവിടെ പാട്യത്ത് കേരളകുമാരിയും പിറന്നാള്‍ ആഘോഷരാവിലാണ്. 1956 നവംബര്‍ ഒന്നിന് തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ പിറന്ന ഒരു പെണ്‍കുഞ്ഞ്. പാട്യം പത്തായക്കുന്നിലെ അധ്യാപകന്‍ പൂവാട്ട് ടി.പി. ഗോവിന്ദനും ഭാര്യ കല്യാണിക്കും പിറന്ന കുഞ്ഞ്. ഡോക്ടറിട്ട പേര് ഇഷ്ടപെട്ട ദമ്പതികള്‍ ആ പേര് തന്നെ മകളെ വിളിച്ചു, കേരളകുമാരി. കൂടെ ടി.പി. ഇനീഷ്യല്‍ ചേര്‍ത്ത് ടി.പി. കേരളകുമാരി.
കേള്‍ക്കുമ്പോള്‍ കൗതുകമാണെങ്കിലും കേരളകുമാരി വളര്‍ന്ന് ഇന്ന് 69 വയസ്സായിരിക്കുന്നു. പത്തായക്കുന്ന് സായുജ്യത്തില്‍ താമസിക്കുന്ന കേരളകുമാരിയുടെ ഭര്‍ത്താവ് പരേതനായ ബാലനാണ്. സ്വന്തം വീട്ടില്‍ 'കേര', ഭര്‍ത്താവിൻ്റെ വീട്ടില്‍ കുമാരി...
പേര് കേള്‍ക്കുമ്പോള്‍ പലരും വീണ്ടും വീണ്ടും പേരെന്തെന്ന് ചോദിച്ച കാലത്തേ കുറിച്ച് ഒരു പുഞ്ചിരിയിലാണ് കേരളകുമാരി ഓര്‍ക്കുന്നത്. അച്ഛന്‍ പഠിപ്പിച്ച പാട്യം എല്‍പി സ്‌കൂളിലും തുടര്‍ന്ന് ഹൈസ്‌കൂളിലുമായിരുന്നു കേരളകുമാരിയുടെ പഠനം. സ്‌കൂള്‍ കാലഘട്ടത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൗതുകമായിരുന്നു കേരളകുമാരിയുടെ പേര്.
കേരളപ്പിറവി ദിനത്തില്‍ ജനിച്ച കുഞ്ഞിന് ആശുപത്രിയുടെ വകയായി ഡോക്ടര്‍മാര്‍ ഒരുപവന്‍ സ്വര്‍ണം സമ്മാനിച്ച വിവരം അച്ഛനമ്മമാര്‍ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും പിന്നീട് അതെന്ത് ചെയ്തു എന്നതിനെപ്പറ്റി ഇവര്‍ക്ക് അറിവില്ല. ഷൈനിയും ഷൈജേഷുമാണ് കേരളകുമാരിയുടെ മക്കള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 03, 2025 4:29 PM IST


