എട്ട് ദിവസങ്ങളോളം ആസ്വാദകരെ കവർന്നെടുത്ത കോട്ടയത്ത് തമ്പുരാന്‍ കഥകളി ഉത്സവം സമാപിച്ചു
Last Updated:
മൂന്നാമത് കോട്ടയത്ത് തമ്പുരാൻ കഥകളി സമാപിച്ചു. തമ്പുരാൻ്റെ ആട്ടക്കഥകളിലെ പൂര്‍ണ രൂപത്തിലാണ് കഥകളി ഉത്സവത്തില്‍ അവതരണം. എട്ട് ദിവസങ്ങളിലായി കഥകളി ശില്പശാലയും നടത്തി.
മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ ഒരാഴ്ചയായി നടന്നു വരുന്ന കോട്ടയത്ത് തമ്പുരാന്‍ കഥകളി ഉത്സവത്തിന് ധനാശി പാടി. ദേവസ്വവും, ക്ഷേത്രകമ്മറ്റിയും ചെറുതുരുത്തി കഥകളി സ്‌കൂളുമായും സഹകരിച്ചാണ് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിൻ്റെ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെൻ്റര്‍ കോട്ടയത്ത് തമ്പുരാന്‍ കഥകളി ഉത്സവം സംഘടിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് കഥകളി മഹോത്സവം നടത്തിയത്.
കഥകളി ആചാര്യന്‍ പത്മശ്രീ സദനം ബാലകൃഷ്ണന്‍ ആശാന്‍, കള്‍ച്ചറല്‍ സെൻ്റര്‍ ഡയറക്ടര്‍ കെ.കെ. ഗോപാലകൃഷ്ണന്‍, കഥകളി സ്‌കൂള്‍ ഡയറക്ടര്‍ കലാമണ്ഡലം ഗോപാലകൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കഥകളി ഉത്സവം അരങ്ങേറിയത്. കോട്ടയത്ത് തമ്പുരാൻ്റെ ബകവധം, കിര്‍മീരവധം, കല്യാണ സൗഗന്ധികം എന്നീ ആട്ടക്കഥകളുടെ സമ്പൂര്‍ണ അവതരണമാണ് കഥകളി ഉത്സവത്തില്‍ നടന്നത്. കോട്ടയത്ത് തമ്പുരാൻ്റെ ആട്ടക്കഥകളില്‍ മാസറ്റര്‍പീസ് എന്നു വിശേഷിപ്പിക്കുന്ന നിവാതകവച കാലകേയവധത്തോടെയാണ് കഥകളിക്ക് സമാപനമായത്.
ഉര്‍വശി ശാപം ഉപകാരമായി മാറി എന്ന ചൊല്ലിന് അടിസ്ഥാനമായ കഥാതന്തുവില്‍ കാലകേയവധം രണ്ടാംഭാഗം അരങ്ങിലെത്തി. മദാലസയും ദേവനര്‍ത്തകിയുമായ ഉര്‍വശിക്ക് അര്‍ജുനനോട് തോന്നുന്ന പ്രേമ പാരവശ്യവും ഉര്‍വശിയുടെ ചാപല്യത്തെ അര്‍ഹിക്കുന്ന വെറുപ്പോടെ നിഷേധിക്കുന്ന അര്‍ജുനനും തമ്മിലുള്ള അഭിനയ മൂഹൂര്‍ത്തങ്ങൾ കാലകേയവധം രണ്ടാം ഭാഗത്തെ അനശ്വരമാക്കി.
advertisement
കളിവിളക്കിന് മുന്നില്‍ ആട്ടവും കഥയും കാണാനും കേള്‍ക്കാനും ഓരോ ദിവസവും എത്തിയ ആസ്വാദകര്‍ ഏറെയാണ്. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9.30 വരെയാണ് എട്ട് ദിവസങ്ങളിലും കഥകളി അവതരിപ്പിച്ചത്. കഥകളി ആസ്വാദകര്‍ക്കും വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കും വേണ്ടി കോട്ടയം കഥകളെ അടിസ്ഥാനമാക്കി സദനം ബാലകൃഷ്ണന്‍ ആശാൻ്റെ നേതൃത്വത്തില്‍ കഥകളി ശില്പശാലയും നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 22, 2025 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
എട്ട് ദിവസങ്ങളോളം ആസ്വാദകരെ കവർന്നെടുത്ത കോട്ടയത്ത് തമ്പുരാന്‍ കഥകളി ഉത്സവം സമാപിച്ചു