തലശേരിയുടെ രണ്ടാം ഗുണ്ടര്‍ട്ട്, ചതുര്‍ഭാഷാ നിഘണ്ടുവിൻ്റെ പിതാവ് ഞാറ്റ്യേല ശ്രീധരൻ ഇനി ഓര്‍മ്മ
Last Updated:
അക്ഷരലോകത്തിന് തീരാ നഷ്ടവുമായി തലശേരിയുടെ രണ്ടാം ഗുണ്ടര്‍ട്ട് യാത്രയായി. കാല്‍നൂറ്റാണ്ടിൻ്റെ പരിശ്രമത്തിന് പിന്നാലെ ലോകത്തിന് അദ്ദേഹം സമ്മാനിച്ചത് ചതുര്‍ഭാഷാ നിഘണ്ടുവാണ്. ലക്ഷത്തില്‍പ്പരം വാക്കുകളുള്ള നിഘണ്ടുവിന് 860 പേജാണ്.
വാക്കുകളുടെ അര്‍ഥം തേടി എണ്‍പത്തി ഏഴാം വയസ്സിലും ഊര്‍ജ്ജസ്വരനായ തലശ്ശേരിക്കാരുടെ സ്വകാര്യ അഹങ്കാരം ഞാറ്റ്യേല ശ്രീധരന്‍ യാത്രയായി. ചതുര്‍ഭാഷാ നിഘണ്ടുവിൻ്റെ പിതാവ് ബുധനാഴ്ച അര്‍ധരാത്രിയാണ് വിടപറഞ്ഞത്. തലശ്ശേരി തിരുവങ്ങാടില്‍ നിന്ന് വാക്കുകള്‍ തേടി ഒരു സാധാരണക്കാരൻ്റെ യാത്രയാണ് മലയാളത്തിന് അമൂല്യമായ ഭാഷ നിഘണ്ടു സമ്മാനിച്ചത്. സ്‌നേഹത്തോടെ തലശ്ശേരിക്കാര്‍ തങ്ങളുടെ രണ്ടാം ഗുണ്ടേര്‍ട്ട് എന്ന വിശേഷിപ്പിലാണ് ഞാറ്റ്യേല ശ്രീധരനെ ലോകം അറിഞ്ഞത്.
നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ബീഡി തൊഴിലാളിയില്‍ നിന്ന് ജീവിതം ആരംഭിച്ച ശ്രീധരന്‍, ഉന്നത വിദ്യാഭ്യാസം ഒന്നുംതന്നെ ഇല്ലാതെ കഠിനപ്രയ്തനത്തിലൂടെ ഭാഷകള്‍ പഠിച്ചാണ് നിഘണ്ടു രചന തുടങ്ങിയത്. പതിറ്റാണ്ടുകളോളം അലഞ്ഞ് ദക്ഷിണേന്ത്യന്‍ ഭാഷകളും അര്‍ഥവും അറിഞ്ഞ് മലയാളത്തിൻ്റെ അക്ഷരസുകൃതമായ ചതുര്‍ഭാഷാനിഘണ്ടുവെന്ന സ്വപ്‌നം അദ്ദേഹം സഫലമാക്കി.
സൗഹൃദങ്ങളില്‍ നിന്നും തമിഴ്, കന്നഡ, തെലുങ്ക് ഭാഷയില്‍ പരിജ്ഞാനം നേടിയ ശ്രീധരന്‍ നീണ്ട കാലത്തിന് ശേഷം 2020 ലെ കേരളപ്പിറവി ദിനത്തിലാണ് ചതുര്‍ഭാഷാ നിഘണ്ടു പ്രകാശിപ്പിച്ചത്. ലക്ഷത്തില്‍പ്പരം വാക്കുകളുള്ള നിഘണ്ടുവിന് 860 പേജാണ്. മലയാളത്തിലെ ഓരോ വാക്കിനും നാനാര്‍ഥങ്ങള്‍ക്ക് സമാനമായ കന്നഡ, തമിഴ്, തെലുഗു വാക്കുകള്‍. മലയാളം ലിപിയാണ് നാലുഭാഷയിലെ വാക്കുകളും. മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുടെ ലേഖനവുമുണ്ട്. 2023 മേയ് 19-ന് രണ്ടാം പതിപ്പ് കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ചതുര്‍ദ്രാവിഡ ഭാഷാ പദപരിചയം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
advertisement
ശ്രീധരൻ്റെ നിഘണ്ടു തയ്യാറാക്കാനുള്ള പരിശ്രമം കോര്‍ത്തിണക്കി സംവിധായകന്‍ നന്ദന്‍ വാക്കുകളുടെ സ്വപ്‌നം ഡോക്യുമെൻ്ററി ചെയ്തിട്ടുണ്ട്. ഗുണ്ടര്‍ട്ട് അവാര്‍ഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയ ഞാറ്റ്യേല ശ്രീധരൻ്റെ വിയോഗത്തില്‍ തീരാനഷ്ടത്തിലാണ് അക്ഷരലോകം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 15, 2025 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശേരിയുടെ രണ്ടാം ഗുണ്ടര്‍ട്ട്, ചതുര്‍ഭാഷാ നിഘണ്ടുവിൻ്റെ പിതാവ് ഞാറ്റ്യേല ശ്രീധരൻ ഇനി ഓര്‍മ്മ