മാസങ്ങളുടെ പരിശ്രമത്തിൽ നിന്നൊരു അതുല്യ വിവാഹ സമ്മാനം
Last Updated:
പ്രിയതമന് നല്‍കാൻ അമൂല്യ സമ്മാനം സ്വന്തമായി തയ്യാറാക്കി മിടുക്കി. 10 മാസം കൊണ്ട് ഫസ്മിത പകര്‍ത്തി എഴുതിയത് പരിശുദ്ധ ഖുര്‍ആൻ. അറബിക് അധ്യാപികയും മെൻ്ററുമായ ഫസ്മിത തലശ്ശേരി സ്വദേശി റിസിലിന് ഖുര്‍ആൻ കൈമാറി.
വരന് മനസ്സിലെന്നും ഓര്‍ത്തിരിക്കാൻ അമൂല്യ സമ്മാനം നല്‍കി യുവതി. സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെടുത്ത പരിശുദ്ധ ഖുര്‍ആന് ആണ് ഫസ്മിത ഷെറിൻ പ്രിയതമന് സമ്മാനിച്ചത്. 10 മാസം കൊണ്ടാണ് ഫസ്മിത ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയത്. മേപ്പാടി മുക്കില്‍പീടികയിലെ ചോലശേരി അബ്ദുല്‍ഹത്ത് ഷഹബാന്‍ ദമ്പതികളുടെ മകളാണ് ഫസ്മിത.
അറബിക് അധ്യാപികയും മെൻ്ററുമായ ഫസ്മിതയ്ക്ക് ചെറുപ്പം മുതലെ ഖുര്‍ആനോട് അതിയായ കമ്പമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് വിവാഹാലോചനകള്‍ നടക്കുന്ന വേളയില്‍ വരനായി വരുന്ന വ്യക്തിക്ക് എന്തെങ്കിലും സമ്മാനം നല്‍കണമെന്ന ചിന്ത ഉടലെടുത്തത്. എന്നാല്‍ പിന്നെ ഖുര്‍ആൻ തന്നെ നല്‍കാം എന്ന് തീരുമാനിച്ചു. പിന്നീടങ്ങോട്ട് അതിനായുള്ള പരിശ്രമം ആരംഭിച്ചു. ഖുര്‍ആന്‍ വചനങ്ങളും അറബിക് വാക്യങ്ങളും കാലിഗ്രാഫില്‍ എഴുതാറുള്ള ഫസ്മിതയ്ക്ക് ഖുര്‍ആന്‍ പൂര്‍ണ്ണമായും എഴുതുന്നതിനോട് താത്പര്യം ജനിച്ചതും അങ്ങനെതന്നെ.
ഒഴിവു സമയങ്ങളിലെല്ലാം വചനങ്ങള്‍ എഴുതാൻ തുടങ്ങി. ചിലത് തെറ്റി പോകുമെങ്കിലും പാതിവഴിയില്‍ നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ വിവാഹവേദിയില്‍ വെച്ച് തലശ്ശേരി സ്വദേശി റിസിലിന് ഖുര്‍ആൻ കൈമാറി. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ താൻ മനസ്സില്‍ കരുതിയത് പോലെ തന്നെ ഖുര്‍ആൻ പകര്‍ത്തി എഴുതാനായതിലും പ്രിയതമൻ മികച്ചൊരു സമ്മാനം നല്‍കാൻ കഴിഞ്ഞതിലും അതിയായ സന്തോഷത്തിലാണ് ഫസ്മിത. വിവാഹവേദിയില്‍ വെച്ച് വരന് ഖുര്‍ആന് കൈമാറിയപ്പോള്‍, ആ മുഹൂര്‍ത്തതിന് സാക്ഷ്യം വഹിക്കാൻ എത്തിയത് നിരവധി പേരാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 08, 2025 4:28 PM IST