പാട്ടുത്സവത്തിന് സമാപനം: കോട്ടയം തമ്പുരാൻ്റെ ഐതിഹ്യം പേറി പടുവിലാക്കാവിൽ തേങ്ങ പിടി ചടങ്ങ്
Last Updated:
വടക്കെ മലബാറിലെ അപൂര്‍വ്വ ആചാരങ്ങളിലൊന്നായ തേങ്ങ പിടി ഉത്സവം. കോട്ടയം തമ്പുരാന്‍ തൻ്റെ ഭടന്‍മാരുടെ കരുത്ത് അറിയാനായി പടുവിലാ കാവിലെത്തി നടത്തിവന്നതാണ് തേങ്ങ പിടിയെന്ന് ഐതീഹ്യം.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പടുവിലാക്കാവില്‍ തേങ്ങ പിടി ചടങ്ങ് നടന്നു. ഉത്തര മലബാറിലെ പ്രധാന ദൈവത്താര്‍ ക്ഷേത്രങ്ങളിലൊന്നായ പടുവിലാക്കാവില്‍ പാട്ടുത്സവത്തിൻ്റെ സമാപനം കുറിച്ചാണ് തേങ്ങ പിടി ചടങ്ങ് നടന്നത്. എല്ലാ വര്‍ഷവും വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന പാട്ടുത്സവത്തിൻ്റെ സമാപനം തേങ്ങ പിടി ചടങ്ങിലാണ് അവസാനിക്കുക.
ശ്രീഭൂതബലി, തിടമ്പ് നൃത്തം തുടങ്ങിയ ചടങ്ങുകള്‍ക്ക് പിന്നാലെ പൂജിച്ച് രണ്ട് നാളികേരം കുന്നുംചിറ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി തന്ത്രി മഠത്തിന് സമീപം കൊണ്ടുവന്ന് പൊന്മലേരി കോറോത്ത് തറവാട്ട് കാരണവര്‍ പി.കെ. സുകുമാരന്‍ നമ്പ്യാര്‍ക്ക് കൈമാറി. അദ്ദേഹം വാല്യക്കാര്‍ക്ക് നേരെ തേങ്ങ എറിഞ്ഞുകൊടുത്തു.
തൻ്റെ ഭടന്‍മാരുടെ കരുത്ത് അറിയാനായി കോട്ടയം തമ്പുരാന്‍ പടുവിലാ കാവിലെത്തി നടത്തിവന്നതാണ് തേങ്ങ പിടി ചടങ്ങെന്നാണ് ഐതീഹ്യം. ദിവസങ്ങളോളം എണ്ണയിലിട്ടുവച്ച തേങ്ങ വാല്യക്കാര്‍ പിടിക്കുമെങ്കിലും കൈയില്‍ നിന്നും വഴുതിമാറും. ചടങ്ങിൻ്റെ പ്രത്യേകത തന്നെ ഇതാണ്. മാറിമറിഞ്ഞ തേങ്ങ ഒന്ന് കെ.കെ. അനുനാഥിനും രണ്ടാമത്തത് വാണിദാസിനുമാണ് കിട്ടിയത്. ഇവ കിഴക്കേ നടയില്‍ എറിഞ്ഞുടച്ചതോടെ ചടങ്ങ് പൂര്‍ണ്ണമായി.
advertisement

തേങ്ങ പിടി ചടങ്ങിന് ശേഷം പടുവിലായി സഭയുടെ നേതൃത്വത്തില്‍ സഹസ്രദീപ സമര്‍പ്പണം, അര്‍ജുനന്‍ മാരാരുടെ തായമ്പക എന്നിവയും അരങ്ങേറി. പൂജ കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം ശാന്തി ശങ്കര്‍ ബാബു നമ്പൂതിരി നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 24, 2025 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പാട്ടുത്സവത്തിന് സമാപനം: കോട്ടയം തമ്പുരാൻ്റെ ഐതിഹ്യം പേറി പടുവിലാക്കാവിൽ തേങ്ങ പിടി ചടങ്ങ്


