'ഹരിത തിരഞ്ഞെടുപ്പ്' സന്ദേശവുമായി ശുചിത്വമിഷൻ്റെ വാഹനയാത്ര കണ്ണൂരിൽ; 28-ന് പയ്യാമ്പലം ബീച്ചിൽ സമാപനം
Last Updated:
തദ്ദേശ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഹരിതസന്ദേശ യാത്രയ്ക്ക് തുടക്കം. തെരഞ്ഞെടുപ്പ്, പ്രചരണ വേളയില്‍ ഹരിത ചട്ടം പാലിക്കണമെന്ന തെരഞ്ഞടുപ്പ് കമ്മീഷൻ്റെ നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പര്യടനം.
തദ്ദേശ തെരഞ്ഞെടുപ്പ് ഹരിത തെരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി ജില്ല ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്ന ഹരിത സന്ദേശ വാഹനയാത്രയ്ക്ക് ജില്ലയില്‍ ആരംഭമായി. പയ്യന്നൂര്‍ കോളേജില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും ഹരിത പ്രചാരണ വാഹനത്തിൻ്റെ ഫ്‌ളാഗ് ഓഫ് കര്‍മവും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എം. സന്തോഷ് നിര്‍വഹിച്ചു. പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ്, പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരം, ചെറുകുന്ന്തറ എന്നിവിടങ്ങളില്‍ ആദ്യദിനത്തില്‍ പര്യടനം നടത്തി. വരും ദിവസങ്ങളില്‍ എല്ലാ ബ്ലോക്കുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പര്യടനം തുടരും. 28-ന് പയ്യാമ്പലം ബീച്ചിലാണ് ഹരിതസന്ദേശ യാത്രയുടെ സമാപനം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരിത മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദ്ദേശപ്രകാരം പ്രചാരണം മുതല്‍ വോട്ടെടുപ്പിന് ശേഷമുള്ള ശുചീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ഈ നിര്‍ദേശം മുന്നോട്ട് വച്ചാണ് ഹരിതസന്ദേശ യാത്ര പര്യടനം നടത്തുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനം ഉറപ്പാക്കാന്‍ മജീഷ്യന്‍ രാജീവ് മേമുണ്ടയും സംഘവും നയിച്ച മ്യൂസിക്കല്‍ മാജിക് ഷോയും അരങ്ങേറി. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ എന്‍ഫോഴ്സ്മെൻ്റ് സ്‌ക്വാഡ് ലീഡര്‍ പി.പി. അഷറഫ്, ശുചിത്വമിഷന്‍ ആര്‍പി കെ.എം. സോമന്‍, പയ്യന്നൂര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് ലീഡര്‍ അര്‍ജുന്‍ മണികണ്ഠന്‍, ഇ. മോഹനന്‍, എം. സുജന എന്നിവര്‍ പര്യടനത്തില്‍ അണിനിരന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 24, 2025 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ഹരിത തിരഞ്ഞെടുപ്പ്' സന്ദേശവുമായി ശുചിത്വമിഷൻ്റെ വാഹനയാത്ര കണ്ണൂരിൽ; 28-ന് പയ്യാമ്പലം ബീച്ചിൽ സമാപനം


