ചരിത്രവീഥികളിലൂടെ കായികക്കുതിപ്പ്; ആവേശമായി 'തലശ്ശേരി ഹെറിറ്റേജ് റൺ'
Last Updated:
തലശ്ശേരി പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 'തലശ്ശേരി ഹെറിറ്റേജ് റണ്‍'. 1786 പേര്‍ പങ്കെടുത്ത ഓട്ടത്തില്‍ 890 പേര്‍ ലക്ഷ്യസ്ഥാനത്തെത്തി. വിനോദസഞ്ചാരം ലക്ഷ്യമിട്ടാണ് 21 കിലോമീറ്റര്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചത്.
തലശ്ശേരിയുടെ ചരിത്രവും സംസ്‌കാരവും തുടിക്കുന്ന വീഥികളിലൂടെ നടന്ന 'തലശ്ശേരി ഹെറിറ്റേജ് റണ്‍' ആവേശകരമായി സമാപിച്ചു. തലശ്ശേരി നഗരത്തിന് ചുറ്റുമായി നാടിന് അഭിമാനകരമായി ഉയര്‍ന്നുനില്‍ക്കുന്ന 42 പൈതൃക സ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് 21 കിലോമീറ്റര്‍ ദൂരത്തില്‍ ഹെറിറ്റേജ് റണ്‍ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഫ്‌ലാഗോഫ് നിര്‍വഹിച്ച 'തലശ്ശേരി ഹെറിറ്റേജ് റണ്‍' ഓരോ പൈതൃക കേന്ദ്രങ്ങളെയും തൊട്ടുണര്‍ത്തി മുന്നോട്ട് കുതിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവിടുത്തെ ചരിത്രകഥ അറിഞ്ഞുകൊണ്ട് കായികപ്രേമികള്‍ക്കാകെ മറക്കാനാവാത്ത അനുഭവമായി അത് മാറി.
വാശിയേറിയ മത്സരത്തിനൊടുവില്‍ ഒന്നാം സ്ഥാനത്തെത്തിയ പുരുഷ-വനിതാ വിജയികള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് സമ്മാനമായി നല്‍കിയത്. 890 പേര്‍ 21 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കിയപ്പോള്‍ കെനിയക്കാരനായ നെറിതു മെര്‍ഹാക് സുഗ്വ, ആശ എന്നിവര്‍ യഥാക്രമം പുരുഷ വനിത ചാമ്പ്യന്മാരായി. ഹെറിറ്റേജ് റണ്ണിൻ്റെ ഭാഗമായി അരങ്ങേറിയ വിവിധ കലാപരിപാടികള്‍ ഉത്സവപ്രതീതിയാണ് നഗരത്തിനും ജനങ്ങള്‍ക്കും സമ്മാനിച്ചത്. ഡാന്‍സ് പ്രോഗ്രാമും ഫ്യൂഷന്‍ മ്യൂസിക്കും മറ്റു കലാപരിപാടികളും ഒക്കെയായി അക്ഷരാര്‍ത്ഥത്തില്‍ തലശ്ശേരിയുടെ ഉത്സവമായി ഈ ദിനം മാറി.
advertisement

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമ്മാനം നല്‍കി. പ്രായം കുറഞ്ഞവരുടെ വിഭാഗത്തില്‍ റയാന്‍ ശ്രീജിത്ത്, പ്രായം കൂടിയവരുടെ വിഭാഗത്തില്‍ വി. വാസു, ഭിന്നശേഷി വിഭാഗത്തില്‍ ടി.കെ. ഹജാസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. 900 വിദ്യാര്‍ഥികള്‍ വൊളൻ്റിയര്‍മാരായി പങ്കെടുത്തവര്‍ക്ക് വഴികാട്ടി. ഓട്ടം തുടങ്ങി അഞ്ച് മണിക്കൂറിന് ശേഷം ലക്ഷ്യത്തിലെത്തിയവരുമുണ്ട്.
തലശ്ശേരി പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടന്ന ഓട്ടത്തില്‍ 1786 പേരാണ് ഓട്ടത്തില്‍ മത്സരിച്ചത്. സ്പീക്കറുടെ നേതൃത്വത്തില്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെൻ്റ് കൗണ്‍സിലാണ് പരിപാടി നടത്തിയത്. കായികക്ഷമതയ്‌ക്കൊപ്പം നമ്മുടെ പൈതൃകത്തെ ലോക സഞ്ചാരഭൂപടത്തിലേക്ക് ഉയര്‍ത്തിയെടുക്കാനും അടുത്തറിയാനും സംരക്ഷിക്കാനുമുള്ള വലിയൊരു സന്ദേശം കൂടി പരിപാടിയിലൂടെ മുന്നോട്ട് വച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 06, 2026 3:03 PM IST










