കൊച്ചി: കൊടുവള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇതോടെ അവിടെനിന്ന് ജയിച്ച എൽ.ഡി.എഫ്. സ്വതന്ത്രൻ കാരാട്ട് റസാഖ് അയോഗ്യനായി. എതിർ സ്ഥാനാർഥിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചിപ്പിച്ചതിനാണ് അയോഗ്യത. അതേസമയം വിജയിയായി പ്രഖ്യാപിക്കണമെന്ന എതിർ സ്ഥാനാർഥി എം.എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് എബ്രഹാം മാത്യൂസിന്‍റെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 573 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കാരാട്ട് റസാഖ് വിജയിച്ചത്.
യുഡിഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ഡോക്യുമെന്ററി സൃഷ്ടിച്ചു പ്രചരണം നടത്തി എന്നാണ് കാരാട്ട് റസാഖിനെതിരായ പരാതി. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടർമാരായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.
മുസ്ലീം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ചത്. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് 573 വോട്ടുകൾക്ക് കാരാട്ട് റസാഖ് വിജയിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.