കോട്ടയം: മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകള്ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.
സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അത് എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്പര്യങ്ങള്ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.
'പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം' ; പിന്തുണച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം)
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയറിയിച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം). ബിഷപ്പ് ലൗ ജിഹാദിനെതിരേയും, നാര്‍ക്കോട്ടിക് ജിഹാദിനെതിരേയുമാണ് പ്രതികരിച്ചതെന്ന് കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പറഞ്ഞു. പാലായിലെ ബിഷപ്പ് ഹൗസില്‍ നേരിട്ടെത്തിയാണ് നിര്‍മലാ ജിമ്മി പിന്തുണയറിയിച്ചത്.
ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നും നിര്‍മ്മലാ ജിമ്മി ആവശ്യപ്പെട്ടു. അതേ സമയം കേരള കോണ്‍ഗ്രസ് എം ഈ വിഷയത്തില്‍ നിശബ്ദത തുടരുകയാണ്. എന്നാല്‍ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന് രംഗത്തെത്തിയിരുന്നു.
ബിഷപ്പിന്റെ പ്രസ്താവന വിവാദമാകുന്നതിനുപിന്നിൽ മയക്കുമരുന്ന് ലോബി ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ കുറ്റം പറയാനാകില്ല എന്നാണ് മണി സി കാപ്പൻ ഉന്നയിക്കുന്ന പ്രധാന വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.