കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജില്ലാ കളക്ടര്‍ രേണു രാജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ടത്. ജില്ലാ കളക്ടര്‍ രേണു രാജിനോട് ബുധനാഴ്ച കോടതിയില്‍ എത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തത്തിൽ നിന്ന് കളക്ടർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നോ എന്നും കോടതി ആരാഞ്ഞു.
Also Read – എറണാകുളം കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി; 5 ജില്ലകളിൽ മാറ്റം
മാലിന്യമില്ലാത്ത അന്തരീക്ഷം ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലെ ജനങ്ങള്‍ക്ക് നഷ്ടമാവുന്നു. പൊതുജനങ്ങളുടെ താത്പര്യത്തിനാണ് കോടതി പ്രഥമപരിഗണന നല്‍കുന്നത്. ബ്രഹ്മപുരം പ്രശ്‌നത്തില്‍ ശാശ്വതപരിഹാരമാണ് വേണ്ടത്. അതുകൊണ്ടാണ് ഉത്തരവാദപ്പെട്ടവരെ വിളിച്ചുവരുത്തിയതെന്നും കോടതി പറഞ്ഞു.
പൊതുജനങ്ങൾക്ക് എന്തുമുന്നറിയിപ്പാണ് നൽകിയത്. പ്രഥമ പരിഗണ പൊതുജന താൽപര്യത്തിനാണ്. ഇന്നലെ രാത്രിയും തീയുണ്ടായി, നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ കളക്ടര്‍ വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, തീപിടിത്തത്തിന് മുൻപ് തന്നെ കൊച്ചി കോര്‍പ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കളക്ടർ കോടതിയെ അറിയിച്ചു. ചൂട് കൂടി വരുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. തീയണയ്ക്കാൻ ജില്ലയ്ക്ക് പുറത്തുനിന്നുപോലും സഹായം തേടിയെന്നും കളക്ടർ പറഞ്ഞു. നഗരത്തിൽ കുന്നുകൂടിയ മാലിന്യം നീക്കാൻ എത്രസമയം വേണമെന്ന് ഹൈക്കോടതി കോർപ്പറേഷനോട് ചോദിച്ചു. നാളെ മുതൽ മാലിന്യശേഖരണം പുനരാരംഭിക്കുമെന്ന് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.