'ലൈംഗിക തൊഴിലാളി ഉത്പന്നമല്ല; അനാശാസ്യകേന്ദ്രത്തിൽ പോകുന്നവർക്കെതിരെ വ്യഭിചാര പ്രേരണയ്ക്ക് കേസെടുക്കാം:' ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
ലൈംഗിക തൊഴിലാളി ഒരു ഉത്പന്നമല്ല. പലപ്പോഴും അവർ മനുഷ്യക്കടത്തിന്റെ ഇരകളും മറ്റുള്ളവരുടെ ശാരീരികസുഖത്തിനായി സ്വന്തംശരീരം നൽകാൻ നിർബന്ധിതരാകുന്നവരുമാണെന്നും കോടതി നിരീക്ഷിച്ചു
കൊച്ചി: അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാൾക്കെതിരെ വ്യഭിചാര പ്രേരണാകുറ്റം നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം പേരൂർക്കട പൊലീസ് 2021ൽ അനാശാസ്യപ്രവർത്തന നിരോധന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതി നൽകിയ ഹർജി ഭാഗികമായി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് വി ജി അരുൺ ഇക്കാര്യം വ്യക്തമാക്കിയത്.
അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാളെ ഉപഭോക്താവായി കാണാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താവായി കാണണമെങ്കിൽ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണം. ലൈംഗിക തൊഴിലാളി ഒരു ഉത്പന്നമല്ല. പലപ്പോഴും അവർ മനുഷ്യക്കടത്തിന്റെ ഇരകളും മറ്റുള്ളവരുടെ ശാരീരികസുഖത്തിനായി സ്വന്തംശരീരം നൽകാൻ നിർബന്ധിതരാകുന്നവരുമാണെന്നും കോടതി നിരീക്ഷിച്ചു.
“മനുഷ്യക്കടത്തിലൂടെ അവരെ (ലൈംഗികത്തൊഴിലാളികളെ) ഈ വ്യാപാരത്തിലേക്ക് ആകർഷിക്കുകയും മറ്റുള്ളവരെ ശാരീരികമായി തൃപ്തിപ്പെടുത്തുന്നതിനായി സ്വന്തം ശരീരം നൽകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ, ആനന്ദാന്വേഷണം നടത്തുന്നയാൾ പണം നൽകുന്നുണ്ടാകാം, അതിൽ വലിയൊരു ഭാഗം അനാശാസ്യ കേന്ദ്രത്തിന്റെ സൂക്ഷിപ്പുകാരന് പോകുന്നു. അതിനാൽ, ലൈംഗികത്തൊഴിലാളിയെ തന്റെ ശരീരം സമർപ്പിക്കാനും പണം നൽകുന്നയാളുടെ ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുമുള്ള ഒരു പ്രേരണയായി മാത്രമേ ഈ പണമടയ്ക്കലിനെ കണക്കാക്കാൻ കഴിയൂ. അങ്ങനെ, ഒരു വേശ്യാലയത്തിൽ ഒരു ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാൾ യഥാർത്ഥത്തിൽ പണം നൽകി ആ ലൈംഗികത്തൊഴിലാളിയെ വേശ്യാവൃത്തി ചെയ്യാൻ പ്രേരിപ്പിക്കുകയാണ്,” ജഡ്ജി പറഞ്ഞു.
advertisement
2021-ൽ ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഹർജിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരമുള്ള നടപടികൾ കോടതി റദ്ദാക്കി. എന്നാല്‍ നിയമത്തിലെ 5(1)(d) (ഒരാളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുക), 7 (പൊതുസ്ഥലത്തോ സമീപത്തോ വേശ്യാവൃത്തി) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് അയാൾക്ക് പ്രോസിക്യൂഷൻ നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 10, 2025 8:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലൈംഗിക തൊഴിലാളി ഉത്പന്നമല്ല; അനാശാസ്യകേന്ദ്രത്തിൽ പോകുന്നവർക്കെതിരെ വ്യഭിചാര പ്രേരണയ്ക്ക് കേസെടുക്കാം:' ഹൈക്കോടതി