കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി
- Published by:Sneha Reghu
- news18-malayalam
Last Updated:
കേരള സർവകലാശാലയിൽ മാസങ്ങളായി തുടരുന്ന വിസി-രജിസ്ട്രാർ പോരിന് ഒടുവിൽ വിരാമമായി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ മാസങ്ങളായി തുടരുന്ന വിസി-രജിസ്ട്രാർ പോരിന് ഒടുവിൽ വിരാമമായി. വിവാദങ്ങളിൽ ഉൾപ്പെട്ട രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. അനിൽകുമാറിനെ അദ്ദേഹത്തിന്റെ ശാസ്താംകോട്ട ഡി.ബി ശാസ്താംകോട്ട ഡി.ബി കോളേജിലേക്ക് പ്രിൻസിപ്പാളായിട്ടാണ് മാറ്റിയത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും രാജ്ഭവനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെട്ടതിന് പിന്നാലെയാണ് സർവകലാശാലയിലെ ഈ നിർണ്ണായകമായ സമവായ നീക്കം.
സർവ്വകലാശാലയിലെ 'ഭാരതാംബ' വിവാദവുമായി ബന്ധപ്പെട്ടാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഈ വിവാദത്തെത്തുടർന്ന് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. ഗവർണർ ഈ നടപടിയെ ശരിവെച്ചെങ്കിലും സസ്പെൻഷനെതിരെ അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.
നേരത്തെ രജിസ്ട്രാർക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത് എങ്കിലും, വിസി-രജിസ്ട്രാർ തർക്കം സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിച്ചതോടെ സർക്കാർ ഒത്തുതീർപ്പിന് തയ്യാറാവുകയായിരുന്നു. രജിസ്ട്രാർ പ്രിൻസിപ്പാൾ സ്ഥാനത്തേക്ക് മടങ്ങുന്നതോടെ സർവ്വകലാശാലയിൽ നിലനിന്നിരുന്ന ഭരണപരമായ അനിശ്ചിതത്വങ്ങൾക്ക് താൽക്കാലിക ശമനമാകുമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 17, 2025 7:10 PM IST










