'പപ്പാ ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ'; ജീവനൊടുക്കും മുമ്പ് അഭിരാമി; കേരളബാങ്കിനെതിരെ പ്രതിഷേധം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അടുത്തബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരികെയെത്തിയപ്പോള്‍ ജപ്തി ബോര്‍ഡ് കണ്ട് അതീവ വിഷമത്തോടെയാണ് അഭിരാമി വീട്ടിനുള്ളിലേക്ക് കയറിയത്.
കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള ബാങ്കിനെതിരെ പ്രതിഷേധം. വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്റെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നത്. കോവിഡ് കാലത്ത് അജിത്കുമാറിന്‍റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പതാരത്തു നിന്നുള്ള ബാങ്ക് അധികൃതരും ജില്ലാതല അധികൃതരും പൊലീസുമായി എത്തി നോട്ടീസ് പതിച്ചത്. ഈ സമയം വീട്ടിൽ പ്രായമായ ഒരാൾ മാത്രമാണുണ്ടായിരുന്നത്. അധികൃതർ നടപടിക്കെത്തിയപ്പോൾ അജിയും ഭാര്യയും ബാങ്കിലെത്തി ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തിരുന്നു.
advertisement
അടുത്തബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരികെയെത്തിയപ്പോള്‍ ജപ്തി ബോര്‍ഡ് കണ്ട് അതീവ വിഷമത്തോടെയാണ് അഭിരാമി വീട്ടിനുള്ളിലേക്ക് കയറിയത്. ആ ബോര്‍ഡ് എടുത്തുമാറ്റാന്‍ അഭിരാമി അച്ഛന്‍ അജികുമാറിനോട് പറഞ്ഞു. സർക്കാർ ബോർഡായതിനാൽ പ്രശ്നമായലോ എന്ന് അജികുമാർ മറുപടി നൽകി.
എങ്കിൽ ഒരു തുണി കൊണ്ട് ആ ബോർഡ് ഒന്നു മറയ്ക്കാമോ എന്നായി അഭിരാമിയുടെ ആവശ്യം. തുടർന്ന് ബാങ്കിൽ പോയി പ്രശ്നം പരിഹരിക്കാമെന്ന് അഭിരാമിയെ പറഞ്ഞ് അച്ഛൻ അജികുമാർ സമാധാനിപ്പിച്ചു.
advertisement
അച്ഛനും അമ്മയും ബാങ്കില്‍ പോയതിനുപിന്നാലെ അഭിരാമി മുറിയില്‍ക്കയറി കതകടച്ചു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആസമയത്ത് വീട്ടിലുണ്ടായിരുന്നത്. ജനല്‍ക്കമ്പിയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന അഭിരാമിയെയാണ് പിന്നീട് കണ്ടത്. അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്കരിക്കും. അതേസമയം സിംബോളിക് പൊസഷൻ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം. എന്നാൽ പെണ്‍കുട്ടിയുടെ മരണത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 21, 2022 6:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പപ്പാ ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ'; ജീവനൊടുക്കും മുമ്പ് അഭിരാമി; കേരളബാങ്കിനെതിരെ പ്രതിഷേധം