സമുദ്രത്തിൽ ആറാട്ട്! പന്ത്രണ്ടേക്കറിൽ പരന്നുകിടക്കുന്ന പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൻ്റെ പ്രത്യേകതകൾ
Last Updated:
ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് പടിഞ്ഞാറേക്കാവ് വനദുർഗ്ഗാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പാരമ്പര്യത്തിൻ്റെ ചിറകിലേറി നൂറ്റാണ്ടുകൾ കടന്നുവന്ന ത്രിലോക സുന്ദരിയായ നല്ലമ്മ, വനദുർഗയായും ഭദ്രകാളിയായും നാടുകാത്തുപോരുന്നതിൻ്റെ ചൈതന്യസാന്നിധ്യമാണ് കൊയിലാണ്ടിയിലെ പൊയിൽക്കാവ് ദുർഗാദേവീക്ഷേത്രം.
കൊയിലാണ്ടിയിൽ നിന്ന് നാലരക്കിലോമീറ്റർ തെക്കുമാറി, ദേശീയപാതയുടെ പടിഞ്ഞാറ്, കടലിൻ്റെ ഉപ്പുകാറ്റിൽ പന്ത്രണ്ടേക്കറിൽ വൻമരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും മധ്യേ നിലകൊള്ളുന്ന വനദുർഗാക്ഷേത്രവും കിഴക്ക് ഇന്ത്യൻ റെയിൽവേയുടെ ഓരംപറ്റി നിൽക്കുന്ന ഭദ്രകാളിക്ഷേത്രവും അടങ്ങുന്നതാണ് പൊയിൽക്കാവ് ദുർഗാദേവി സന്നിധി.
ഇടവേളയിട്ട് ആഘോഷിക്കുന്ന താലപ്പൊലിയും, മാറിമാറിയെത്തുന്ന തോറ്റം വഴിപാടും കളംപാട്ടും, തെയ്യമ്പാടി കുറുപ്പിൻ്റെ നടനഗാംഭീര്യം ആവാഹിച്ചെടുത്ത രുധിരക്കോലവും കാണാൻ വർഷംതോറും പതിനായിരങ്ങൾ ഈ നടയിലേക്ക് എത്തുന്നു. തലമുറകൾ ഹൃദയത്തിലേറ്റിവാങ്ങിയ ഒരു തുണ്ട് വനമാണ് വനദുർഗയുടെ സാന്നിധ്യത്താൽ ഇന്ന് ലോകമറിയുന്ന പൊയിൽക്കാവ്.
advertisement
സമുദ്രത്തിൽ ആറാട്ട് നടക്കുന്ന ഈ ക്ഷേത്രത്തിൽ വനദുർഗ്ഗ പടിഞ്ഞാറോട്ടും ഭദ്രകാളി കിഴക്കോട്ടും ദർശനതൊടെ ഭക്തരുടെ ഹൃദയങ്ങളിൽ കുടികൊള്ളുന്നുണ്ട്. പരശുരാമൻ്റെ മഹാപ്രസ്ഥാനത്തിൽ പ്രതിഷ്ഠിതമായ ദുർഗാദേവിയാണ് എന്ന് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നു. ഭദ്രകാളി ക്ഷേത്രത്തിൽ ശ്രീകോവിലിന് തൊട്ടു വലതുവശത്ത് അയ്യപ്പ പ്രതിഷ്ഠയുമുണ്ട്.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് പടിഞ്ഞാറേക്കാവ് വനദുർഗ്ഗാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിലുള്ള ദേശീയപാതയിൽ തൊഴിൽക്കാവിൽ ഇറങ്ങി പടിഞ്ഞാറ് റെയിൽവേ ഗേറ്റ് കടന്നാൽ ആദ്യം എത്തുക ഭദ്രകാളി ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിനു പിന്നിലുള്ള റോഡിലൂടെ അല്പം മുന്നോട്ട് പോയാൽ പടിഞ്ഞാറേ കാവിലെത്താം. എല്ലാവർഷവും മീന മാസത്തിലാണ് ക്ഷേത്രത്തിലെ മഹോത്സവം കൊടിയേറുക. വർഷങ്ങൾ ഇടവിട്ട് മഹോത്സവത്തോടനുബന്ധിച്ച് താലപ്പൊലിയും നടക്കും. അപാരമായ പാണ്ടിമേളത്തിൻ്റെ സാന്നിധ്യം വനദുർഗ്ഗ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ പ്രൗഡി കൂട്ടുന്നു. മാർച്ച് മാസത്തിൽ നടക്കുന്ന പ്രധാന ഉത്സവത്തെ കൂടാതെ നവരാത്രി ഉത്സവവും പൊയിൽക്കാവ് വനദുർഗ്ഗ ക്ഷേത്രത്തിൽ ആഘോഷിക്കും. മലബാർ ദേവസ്വം ബോർഡ് നിയോഗിച്ച എക്സിക്യൂട്ടീവ് ഓഫീസറാണ് പൊയിൽക്കാവ് വനദുർഗ്ഗ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല നിർവഹിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 15, 2025 4:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സമുദ്രത്തിൽ ആറാട്ട്! പന്ത്രണ്ടേക്കറിൽ പരന്നുകിടക്കുന്ന പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൻ്റെ പ്രത്യേകതകൾ


