Nipah |രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ; കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശം
- Published by:Naseeba TC
- news18-malayalam
Last Updated:
മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റി
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
കണ്ടെയ്ൻമെന്റ് സോണായ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപ്പന രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം അനുവദിക്കും. മരുന്ന് ഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന രോഗികളെ മറ്റുവാര്‍ഡുകളിലേക്ക് മാറ്റി. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ ഇവിടെ പ്രവേശിപ്പിച്ചു. പേ വാര്‍ഡ് ബ്ലോക്കില്‍ താഴെ നിലയില്‍ രോഗം സ്ഥിരീകരിക്കുന്നവരേയും മറ്റു രണ്ട് നിലകളില്‍ നിരീക്ഷണത്തിലുള്ളവരേയുമാണ് പ്രവേശിപ്പിക്കുക.
advertisement
കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
advertisement
നിലവില്‍ ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ച ഉടന്‍തന്നെ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. വിവിധ കമ്മിറ്റികള്‍ ഈ അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുണ്ട്. വൈറസ് സ്ഥിരീകരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കത്തില്‍പെട്ടവര്‍, ചികിത്സതേടിയ സ്വകാര്യ ക്ലിനിക്ക്, സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ സമ്പര്‍ക്ക പട്ടിക തയ്യാറായിട്ടുണ്ട്. 188 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 18 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ത്തിലുള്ളവരാണ്. ആരോഗ്യപ്രവര്‍ത്തകരായ രണ്ട് പേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. ഒരാള്‍ മെഡിക്കല്‍ കോളജിലേയും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലേയും ജീവനക്കാരനാണ്.
advertisement
കുട്ടിയുടെ റൂട്ട് മാപ്പുമായി ബന്ധപ്പെട്ട് ആരും വിട്ടുപോകാത്ത തരത്തിലുള്ള സമ്പര്‍ക്ക പട്ടികയാണ് ശേഖരിക്കുന്നത്. നിപ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരേയും ഉപയോഗപ്പെടുത്തും. ആശങ്ക വേണ്ട, അതീവജാഗ്രത കര്‍ശനമായും പാലിക്കണം. കേന്ദ്രസംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അതോടൊപ്പം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. ന്യൂ ഡല്‍ഹി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അധികൃതരോട് പുതിയ മോണോക്ലോണല്‍ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് മറുപടി ലഭിച്ചതായും മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2021 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah |രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ; കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശം