വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ മാതൃകയായി ഒളവണ്ണ പഞ്ചായത്ത്
Last Updated:
23 വാർഡുകളിലുമായി വാർഡ് തല വയോജന സമിതികളും പഞ്ചായത്തുതല സമിതിയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തിയ ഒളവണ്ണ പഞ്ചായത്തിന് സാമൂഹ്യനീതി വകുപ്പ് നൽകിയ വയോസേവന അവാർഡ് അർഹതയ്ക്കുള്ള അംഗീകാരമായി. പഞ്ചായത്തു തലത്തിൽ വയോജന ക്ലബ്ബുകൾ, പകൽ വീടുകൾ, വയോജന പാർക്ക്, ഓപ്പൺ ജിം, എൻ ജി ഒകളും ആയി സഹകരിച്ച് സൗജന്യ ഡയാലിസിസ്, മെഡിക്കൽ ക്യാമ്പുകൾ, യോഗ ക്ലാസുകൾ തുടങ്ങി അനേകം പ്രവർത്തങ്ങൾ പഞ്ചായത്ത് ഇതിനകം നടത്തുകയും, അവ വിജയിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ഡിജിറ്റൽ പഠനത്തിനായുള്ള 'ഇ മുറ്റം' പദ്ധതി ശ്രദ്ദേയമായി മാറിയതും നേട്ടമായി. ഉല്ലാസയാത്രകളിലൂടെ മുതിർന്നവർക്ക് വിമാനയാത്ര പോലുള്ള സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന തല വയോജന ദിനാഘോഷ ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്നും ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ പി ബാബു രാജൻ, എം സിന്ധു, സെക്രട്ടറി എം ഷെരീഫ, ഭരണസമിതി അംഗങ്ങൾ, വയോജന സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
നിലവിൽ 23 വാർഡുകളിലായി 9,635 വയോജനങ്ങൾ (സ്ത്രീകൾ 5042, പുരുഷന്മാർ 4593) പഞ്ചായത്തിലുണ്ട്. ഇവരിൽ 6,093 പേർക്ക് വയോജന ക്ഷേമ പെൻഷൻ അനുവദിച്ചു. 23 വാർഡുകളിലുമായി വാർഡ് തല വയോജന സമിതികളും പഞ്ചായത്തുതല സമിതിയും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ മൂന്നു വാർഡുകളിൽ പകൽവീടുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. രണ്ടെണ്ണം ഉടൻ പ്രവർത്തനം ആരംഭിക്കും. മാമ്പുഴക്കാട്ടെ പകൽവീടിനോടൊപ്പം വയോജന പാർക്ക്, എം ജി നഗറിലെ പകൽവീടിനോട് ചേർന്ന് ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിൻ്റെ നേതൃത്വവും ജനപങ്കാളിത്തവും ചേർന്നാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് പ്രസിഡൻ്റ് പി ശാരുതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 10, 2025 3:05 PM IST