വെള്ളം ഉപയോഗിച്ച് ചുമർ കുതിർത്തു; പ്ലേറ്റ് കൊണ്ട് തുരന്നു; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 2 അന്തേവാസികൾ ചാടിപ്പോയി
- Published by:Naseeba TC
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം കൊലപാതകം നടന്ന അതേ വാർഡിലുള്ള അന്തേവാസിയാണ് ഉമ്മുകുൽസു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ (Kuthiravattam Hospital) വീണ്ടും സുരക്ഷാവിഴ്ച്ച. കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. പുരുഷനും സ്ത്രീയുമാണ് ചാടിപ്പോയത്. 5, 9 വാർഡുകളിലെ അന്തേവാസികളാണിവർ. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കാണാതായ സ്ത്രീ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയും പുരുഷൻ കോഴിക്കോട് നടക്കാവ് സ്വദേശിയുമാണ്.
കഴിഞ്ഞ ദിവസമാണ് ഇവിടെ കൊലപാതകം നടന്നത്. കൊലപാതകം നടന്ന അതേ വാർഡിലുള്ള അന്തേവാസിയാണ് ഇന്ന് ചാടിപ്പോയ സ്ത്രീ. വെള്ളം നനച്ച് കുതിർത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച് ചുമര് തുരന്നാണ് ഇവർ പുറത്ത് കടന്നതെന്ന് മാനസികാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് പുരുഷനായ അന്തേവാസി രക്ഷപ്പെട്ടത്.
രാവിലെ 7 മണിയോടെയാണ് ഇരുവരെയും കാണാതായ വിവരം ജീവനക്കാർ അറിഞ്ഞത്
സ്ഥാപനത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. 168 സ്ത്രീകളും 301 പുരുഷന്മാരും അടക്കം 469 അന്തേവാസികളുള്ള കേന്ദ്രത്തിൽ 4 പുരുഷ സുരക്ഷാ ജീവനക്കാർ മാത്രമാണ് ആശുപത്രിയിൽ ഉള്ളത്. നാല് പേരും താത്കാലിക ജീവനക്കാരാണ്.
advertisement
19 വർഷമായി ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. പലപ്പോഴും സെല്ലുകളിൽ എത്തുന്ന നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർക്ക് അന്തേവാസികളിൽ നിന്ന് മർദനമേൽക്കാറുണ്ട്.
ഫെബ്രുവരി പത്തിനാണ് അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിനിയായ ജിയ റാം ജിലോട്ട് ആണ് മരിച്ചത്. തലേന്ന് രാത്രി അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെയാണ് ജിയ റാമിനെ മരിച്ച നിലയിൽ കണ്ടത്. പിന്നീട് ഇത് കൊലപാതകമാണെന്ന് കണ്ടെത്തി.
advertisement
Also Read-കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ട്ടിലിനെചൊല്ലിയുള്ള തര്‍ക്കത്തിലാണ് ജിയറാം ജിലോട്ട് കൊല്ലപ്പെട്ടത്. പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മി ബീവിയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
തസ്മി ബീവിയുടെ പേരില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതോ, അല്ലെങ്കില്‍ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലപ്രയോഗം നടന്ന് അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ മരണവും ഉണ്ടായിട്ടുണ്ടാകുമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ജനുവരി 28-നാണ് ജിയറാം കുതിരവട്ടത്ത് എത്തുന്നത്.
advertisement
അന്തേവാസിയുടെ കൊലപാതകത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം തുടരുകയാണ്. കൊലപാതക സമയത്ത് ജോലിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും മൊഴി അഡിഷണൽ ഡിഎംഒയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തുകയാണ്. റിപ്പോർട്ട് ഇന്ന് തന്നെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 14, 2022 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വെള്ളം ഉപയോഗിച്ച് ചുമർ കുതിർത്തു; പ്ലേറ്റ് കൊണ്ട് തുരന്നു; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 2 അന്തേവാസികൾ ചാടിപ്പോയി