തിരുവനന്തപുരം: പൂഞ്ഞാറില്‍ (Poonjar) കെഎസ്ആര്‍ടിസി (Ksrtc) ബസ് വെള്ളക്കെട്ടിലേക്ക് ഇറക്കിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ ഒടുവില്‍ സര്‍വീസില്‍ തിരിച്ചെടുത്തു.അച്ചടക്ക നടപടി നിലനിര്‍ത്തി കൊണ്ട് ഗുരുവായൂര്‍ ഡിപ്പൊയിലേക്കാണ് മാറ്റം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഇയാള്‍ ബസ് ഓടിച്ചത്. സസ്പെന്‍ഡ് ചെയ്തതിനെതിരെ ഗതാഗത മന്ത്രിയെ വിമര്‍ശിച്ച് സമൂഹ മാധ്യമത്തില്‍ വീഡിയോയും പ്രചരിപ്പിച്ച് വിവാദത്തിലായി. ഇതോടെ പോലീസ് കേസ് എടുത്തു.
കെഎസ്ആര്‍ടിസി നല്കിയ പരാതിയില്‍ ഈരാറ്റുപേട്ട പോലീസായിരുന്നു ജയദീപിനെതിരെ എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിന് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജയദീപ് സെബാസ്റ്റ്യന്‍ ബസ് വെള്ളക്കെട്ടില്‍ ഇറക്കിയതിലൂടെ കെഎസ്ആര്‍ടിസിക്ക് അഞ്ചു ലക്ഷത്തി മുപ്പത്തി മൂവായിരം രൂപ നഷ്ടം വരുത്തി എന്ന് പോലീസ് രജിസ്റ്റര്‍ ചെയ്തത് കേസില്‍ പറഞ്ഞത്.ബസ്സിന് മനപ്പൂര്‍വ്വം കേട് വരുത്താന്‍ ജയദീപിന് ഉദ്ദേശം ഉണ്ടായിരുന്നുവെന്നും ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറഞ്ഞിരുന്നു.
സംഭവം ഉണ്ടായതിന് തൊട്ട് പിന്നാലെ കെഎസ്ആര്‍ടിസി ജയദീപ് സെബാസ്റ്റ്യനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് കൂടി രജിസ്ട്രര്‍ ചെയ്തതോടെ ജയദീപ് ഒളുവില്‍ പോയി. ആദ്യം സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് വീഡിയൊ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നതെങ്കില്‍ പിന്നീട് സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
കെഎസ്ആര്‍ടിസി അച്ചടക്ക നടപടി എടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പും ജയദീപ് സെബാസ്റ്റ്യനെതിരെ നടപടി സ്വീകരിച്ചിരുന്നു. ജയദീപിന്റെ ലൈസന്‍സ് തല്‍ക്കാലത്തേക്ക് റദ്ദ് ചെയ്തിരുന്നു. കേസില്‍ ജാമ്യം എടുത്തും, ലൈസന്‍സ് സസ്പെന്ഷന് പിന്‍വലിച്ചതിനും ശേഷമാണ് ഇപ്പോള്‍ പുനര്‍ നിയമനം നല്‍കിയിരിക്കുന്നത്.
കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ മാനേജ്മെന്റിന് എതിരെ രൂക്ഷവിമര്‍ശനവുമായി ജയദീപ് രംഗത്ത് വന്നിരുന്നു. തന്റെ നടപടി ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി എന്നായിരുന്നു ന്യായീകരണം. ഫേസ്ബുക്കില്‍ ലൈവ് ആയി തബല വായിക്കാനും ജയദീപ് തയ്യാറായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും ജയദീപ് സ്വന്തം നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. കണ്ടക്ടര്‍ പറഞ്ഞതോടെയാണ് വാഹനമോടിച്ച് മുന്നോട്ടു പോയത് എന്നും ജയദീപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Ksrtc bus driver, Suspendsion