തിരുവഞ്ചൂരിന്‍റെ വെള്ളിവരയൻ ജെറ്റ് കെഎസ്ആർടിസി നിർത്തി
Last Updated:
തിരുവനന്തപുരം: കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കെഎസ്ആർടിസി അവതരിപ്പിച്ച സിൽവർ ലൈൻ ജെറ്റ് ബസുകൾ സർവ്വീസ് അവസാനിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെയാണ് സിൽവർലൈൻ ജെറ്റ് ഓടിത്തുടങ്ങിയത്. ഒടുവിൽ തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ മാത്രമാണ് സിൽവർലൈൻ ജെറ്റ് ഓടിയിരുന്നത്. ഈ ബസാണ് കഴിഞ്ഞ ദിവസം സർവ്വീസ് അവസാനിപ്പിച്ചത്. ഈ ബസ് ഇനി പെയിന്‍റ് മാറ്റി സൂപ്പർ ഡീലക്സായി ഓടുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
കുറഞ്ഞ സ്റ്റോപ്പുകളുമായി വേഗത്തിൽ ലക്ഷ്യത്തിലെത്തുമെന്ന് പ്രഖ്യാപിച്ച സിൽവർലൈൻ ജെറ്റിന് കൂടിയ നിരക്കാണ് ഈടാക്കിയിരുന്നത്. എന്നാൽ കാലക്രമേണ സ്റ്റോപ്പുകൾ കൂടിയത് കാരണം സമയത്ത് ലക്ഷ്യത്തിലെത്താനാകാതെ വന്നു. കോഴിക്കോട്-തിരുവനന്തപുരം സർവ്വീസിന് തുടക്കത്തിൽ ഒമ്പത് സ്റ്റോപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, പിന്നീട് അത് 20 ആയി വർദ്ധിപ്പിച്ചു. കൂടിയനിരക്കിനൊപ്പും സമയക്രമം പാലിക്കാത്തതും യാത്രക്കാരെ സിൽവർ ലൈൻ ജെറ്റിൽനിന്ന് അകറ്റി. ഇതിനിടയിൽ കെഎസ്ആർടിസി അവതരിപ്പിച്ച മിന്നൽ സർവ്വീസ് വൻ വിജയമായി മാറിയതും വെള്ളിവരയൻ സർവ്വീസുകൾക്ക് തിരിച്ചടിയായി. കുറഞ്ഞ സ്റ്റോപ്പുകളുമായി സ്റ്റാൻഡുകൾ ഒഴിവാക്കി ബൈപ്പാസുകൾ വഴി സഞ്ചരിക്കുന്ന മിന്നൽ സർവ്വീസുകൾക്ക് വൻ ജനപ്രീതിയാണുള്ളത്. ഇതോടെയാണ് സിൽവർ ലൈൻ ജെറ്റ് ബസുകൾ പൂർണമായും പിൻവലിക്കാൻ കെഎസ്ആർടിസി അധികൃതർ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2018 12:32 PM IST