'നിഷിദ്ധമായ പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിത ബാധിതർക്ക് വേണ്ടെന്ന് പന്നിയിറച്ചി വിരോധികൾ പറയാത്തതെന്ത്?' കെ.ടി. ജലീൽ
- Published by:Rajesh V
- news18-malayalam
Last Updated:
കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിൽ പോലും മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന "കുലുക്കിസർബത്ത്" ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെഇസ്ലാമിക്കാരും അവസാനിപ്പിക്കണം
ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിന് ധനസമാഹരണത്തിനായി പന്നിയിറച്ചി (പോർക്ക് ) ചാലഞ്ചുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. ‘റീബിൽഡ് വയനാട്’ ക്യാമ്പയിന്റെ ഭാഗമായാണ് ധനസമാഹാരണം നടത്തുന്നത്. ഡിവൈഎഫ്ഐ ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനമായും രണ്ടു ജില്ലകളിൽ പോർക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നതായാണ് അറിവ്. എറണാകുളം ജില്ലയിലെ കോതമംഗലം, അങ്കമാലി മഞ്ഞപ്ര മേഖലയിലെ ഡിവൈഎഫ്ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 18നാണ് പന്നിയിറച്ചി വില്പന. മഞ്ഞപ്രയിൽ 380 രൂപയുടെ ഇറച്ചി 350 രൂപയ്ക്കാണ് വില്പന. കോതമംഗലത്ത് 375 രൂപയാണ് വില. ഈ സംഭവത്തിൽ ഡിവൈഎഫ്ഐയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും കടന്നാക്രമിക്കുകയാണ് കെ ടി ജലീല്‍.
കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിൽ പോലും മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന "കുലുക്കിസർബത്ത്" ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെഇസ്ലാമിക്കാരും അവസാനിപ്പിക്കണമെന്നും ഫേസ്ബുക്കിലെ കുറിപ്പിൽ കെ ടി ജലീൽ ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം
''പോർക്ക് ചാലഞ്ചും"
ലീഗ്-ജമകളുടെ "വർഗ്ഗീയ കുലുക്കിസർബത്തും"!
പന്നിയിറച്ചി ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർത്ത് ചില പോസ്റ്റുകൾ ലീഗുകാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും സാമൂഹ്യ മാധ്യമ വാളുകളിൽ കാണാൻ ഇടയായി. പന്നി ഇസ്ലാംമത വിശ്വാസികൾക്ക് നിഷിദ്ധമാണ്. എന്നാൽ ക്രൈസ്തവ മതക്കാർക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതക്കാർ നാട്ടിലുണ്ട്. എന്നാൽ പോത്തിറച്ചി വിറ്റ് കിട്ടിയ പണം ദുരിത ബാധിതർക്ക് കൊടുക്കരുതെന്ന് അവരാരും പറഞ്ഞതായി കേട്ടില്ല.
advertisement
പലിശ മുസ്ലിങ്ങൾക്ക് നിഷിദ്ധമാണ്. എന്നാൽ പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിത ബാധിതർക്ക് വേണ്ടെന്ന് ''പന്നിയിറച്ചി വിരോധികൾ" പറയാത്തതെന്താണ്? പന്നിയിറച്ചി കഴിക്കുന്നതിനെക്കാൾ വലിയ പാപമല്ലേ പലിശ മുതൽ ഭക്ഷിക്കൽ? മദ്യം മുസ്ലിങ്ങൾക്ക് നിഷിദ്ധമാണ്. ക്രൈസ്തവർക്കോ ഹൈന്ദവർക്കോ മതപരമായി മദ്യം നിഷിദ്ധമല്ല. മദ്യപാനിക്ക് സ്വർഗ്ഗം അപ്രാപ്യമാണെന്ന് മുസ്ലിങ്ങളെപ്പോലെ അവർ പറയുന്നുമില്ല. മദ്യമുതലാളിമാരുടെ സംഭാവന വേണ്ടെന്ന് "പന്നിവരുദ്ധർ" ഉൽഘോഷിച്ചത് കണ്ടില്ല.
advertisement
ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേർന്നു നിൽക്കുന്ന സംഘടനയല്ല. അതിൽ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചാലഞ്ചും പോർക്ക് ചാലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മിൽ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉൾകൊള്ളുന്നു.
നിയമം അനുവദിക്കുന്നതിനാൽ ധനസമാഹരണത്തിന് "പോർക്ക് ചാലഞ്ചും ബീഫ് ചാലഞ്ചും" ഡി.വൈ.എഫ്.ഐക്ക് നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ട്. ലീഗും ജമാഅത്തെ ഇസ്ലാമിയും അതിന്റെ പേരിൽ ഡി.വൈ.എഫ്.ഐയെ താറടിക്കാൻ ശ്രമിക്കേണ്ട. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിൽ പോലും മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന "കുലുക്കിസർബത്ത്" ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെഇസ്ലാമിക്കാരും അവസാനിപ്പിക്കണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
August 17, 2024 8:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിഷിദ്ധമായ പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിത ബാധിതർക്ക് വേണ്ടെന്ന് പന്നിയിറച്ചി വിരോധികൾ പറയാത്തതെന്ത്?' കെ.ടി. ജലീൽ