'മഅദനിയെ കണ്ടു;കണ്ണ് നിറഞ്ഞു; ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ ?' കെ.ടി ജലീല്‍

Last Updated:

ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നതെന്നും ജലീൽ ചോദിച്ചു

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ച് കെ.ടി ജലീല്‍ എം.എല്‍.എ.  മഅദനിയെ കണ്ട് തന്‍റെ കണ്ണുനിറഞ്ഞുപോയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോയെന്നും ജലീല്‍ ചോദിച്ചു.  അദ്ദേഹം ദയാരഹിതമായ വീട്ടുതടങ്കലാണെന്നും ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നതെന്നും ജലീൽ ചോദിച്ചു.
‘അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിൻ്റെ പാരമ്യതയാണെന്ന് പറയാതെ വയ്യ’- ജലീല്‍ കുറിച്ചു.
എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി ഇന്നും മഅദനിയെ വിമർശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കു പിഴയിൽ മനസ്സറിഞ്ഞ് പശ്ചാതപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. “മുസ്ലിങ്ങളെ പച്ചക്ക് ചുട്ട് കൊല്ലാനും മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാനും” പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ ബിബിസി ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കണമെന്നും ജലീല്‍ പറഞ്ഞു.
advertisement
കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
മഅദനിയെ കണ്ടു; കണ്ണ് നിറഞ്ഞു. ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ? ആരോട് ചോദിക്കാൻ? ആരോട് പറയാൻ? ചെയ്യാത്ത കുറ്റം ആരോപിച്ച് ഒൻപതര വർഷം കോയമ്പത്തൂർ ജയിലിൽ! മുടിനാരിഴ കീറിയ വിചാരണക്കൊടുവിൽ കുറ്റവിമുക്തൻ!!! ജീവിതത്തിൻ്റെ വസന്തം കരിച്ച് കളഞ്ഞവരോടും തൻ്റെ ഒരു കാൽ പറിച്ചെടുത്തവരോടും ആ മനുഷ്യൻ ക്ഷമിച്ചു.
advertisement
ശിഷ്ടകാലം സമൂഹ നന്മക്കായി നീക്കിവെക്കാമെന്ന തീരുമാനത്തിൽ മുന്നോട്ട് പോകവെ കള്ളക്കഥ മെനഞ്ഞ് വീണ്ടും കർണ്ണാടക സർക്കാറിൻ്റെ വക കരാഗ്രഹ വാസം! നാലര വർഷം പുറം ലോകം കാണാത്ത കറുത്ത ദിനരാത്രങ്ങൾ. ദീനരോദനങ്ങൾക്കൊടുവിൽ ചികിൽസക്കായി കർശന വ്യവസ്ഥയിൽ ജാമ്യം. ബാഗ്ലൂർ വിട്ട് പോകരുത്. പൊതു പരിപാടികളിൽ പങ്കെടുക്കരുത്. ദയാരഹിതമായ വീട്ടുതടങ്കൽ തന്നെ.
ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നത്? അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിൻ്റെ പാരമ്യതയാണെന്ന് പറയാതെ വയ്യ.
advertisement
എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി ഇന്നും മഅദനിയെ വിമർശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കു പിഴയിൽ മനസ്സറിഞ്ഞ് പശ്ചാതപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. “മുസ്ലിങ്ങളെ പച്ചക്ക് ചുട്ട് കൊല്ലാനും മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാനും” പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ BBC ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കുക.
മഅദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിൻ്റെ സഹധർമിണി സൂഫിയായേയും കുരുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിൻ്റെ കാരുണ്യത്തിലാണ് ഒഴിവായത്. കാലം ഒന്നിനും പകരം ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്ന് മഅദനിക്ക് നീതി നിഷേധിക്കുന്നവരും സൂഫിയ മഅദനിയെ കേസിൽ കുടുക്കാൻ ശ്രമിച്ചവരും ഓർക്കുക.
advertisement
അബ്ദുൽ നാസർ മഅദനിയെ ഒരുപാട് രോഗങ്ങളാണ് അലട്ടുന്നത്. ശരീരം മുഴുവൻ തണുപ്പ് കീഴടക്കുന്നു. ഫാനിൻ്റെ കാറ്റ് പോലും ഏൽക്കാനാവുന്നില്ല. കിഡ്നിയുടെ പ്രവർത്തനം ഏതാണ്ട് ക്ഷയിച്ച മട്ടാണ്. വൈകാതെ ഡയാലിസിലേക്ക് നീങ്ങേണ്ടിവന്നേക്കും. കണ്ണിന് കാഴ്ചശക്തി കുറഞ്ഞ് വരുന്നു. രക്തത്തിലെ ക്രിയാറ്റിൻ ഏറിയും കുറഞ്ഞും നിൽക്കുന്നു. ഡയബറ്റിക്സും രക്ത സമ്മർദ്ദവും അകമ്പടിയായി വേറെയും. പരസഹായമില്ലാതെ ശുചി മുറിയിലേക്ക് പോലും പോകാനാവില്ല. വീര്യം അണുമണിത്തൂക്കം ചോരാത്ത മനസ്സിന് മാത്രം ലവലേശം തളർച്ചയില്ല.
advertisement
ജയിൽവാസം തീർത്ത അസ്വസ്ഥതകളിൽ ഒരു മനുഷ്യ ശരീരം വിങ്ങിപ്പുകയുന്നത് ഏത് കൊടിയ ശത്രുവിൻ്റെയും നെഞ്ചുരുക്കും.
ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞു. ഇനി വാദം പൂർത്തിയാക്കണം. മനസ്സുവെച്ചാൽ എളുപ്പം തീർക്കാവുന്നതേയുള്ളൂ. നടപടിക്രമങ്ങൾ അനന്തമായി നീട്ടുകയാണ്. മഅദനിയുടെ ശരീരം നിശ്ചലമാകുന്നത് വരെ അത് നീളാനാണ് സാദ്ധ്യത.
കോയമ്പത്തൂരിലെ കേസ് വിസ്താരം ഒച്ചിൻ്റെ വേഗതയിലാക്കിയിട്ടും അവസാനം കുറ്റവിമുക്തനായത് നിലവിലുള്ള കേസിലും സംഭവിക്കുമെന്ന് ഭരണകൂട ഭീകരർക്ക് നന്നായറിയാം. കുറ്റം ചെയ്യാത്ത ഒരാളെ ആര് വിചാരിച്ചാലും കുറ്റക്കാരനാക്കാനാകില്ലല്ലോ?
advertisement
അന്തിമ വിധി പറയും മുമ്പേ പ്രതി കാലയവനികക്കുള്ളിൽ മറഞ്ഞുവെന്ന് എഴുതി ഫയൽ ക്ലോസ് ചെയ്യാനാകുമോ അധികാരികളുടെ ശ്രമം? അനാവശ്യമായി പീഠിപ്പിച്ചു എന്ന പഴി വീണ്ടും കേൾക്കാതിതിരിക്കാനും ആ ചീത്തപ്പേര് ഒഴിവാക്കാനുമല്ലാതെ മറ്റെന്തിനാണ് കേസ് തീർപ്പാക്കാതെയുള്ള ഈ വലിച്ചു നീട്ടൽ? മഅദനിയെ കണ്ട് മടങ്ങുമ്പോൾ എൻ്റെ ഉള്ളം നിറയെ ഒരായിരം കുതിര ശക്തിയോടെ ഉയർന്ന ചോദ്യങ്ങൾ. അവക്കുത്തരം നൽകാൻ സൻമനസ്സുള്ള നീതിമാൻമാരില്ലേ ഈ നാട്ടിൽ!!
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മഅദനിയെ കണ്ടു;കണ്ണ് നിറഞ്ഞു; ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ ?' കെ.ടി ജലീല്‍
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement