'എവിടെയാണ് സമുദായത്തിന് പിഴക്കുന്നത്?' വൈറലായി കെ ടി ജലീലിന്റെ വാക്കുകള്‍
- Published by:ASHLI
- news18-malayalam
Last Updated:
മദ്രസയിലോ ക്ഷേത്ര പാഠശാലയിലോ പോവാത്ത സഹോദര സമുദായങ്ങള്‍ പുലര്‍ത്തുന്ന, ആ ഒരു ധാര്‍മ്മിക ബോധം പോലും മദ്രസയില്‍ പോവുന്നുവെന്നു പറയുന്ന മുസ്ലീം സമുദായത്തില്‍നിന്ന് ഉണ്ടാവുന്നില്ലെങ്കില്‍, അതെന്താണെന്ന് പരിശോധിക്കേണ്ടേ?
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരിക്കേസുകളിൽ മുസ്ലീം സമുദായത്തെ തിരുത്തണമെന്ന അഭിപ്രായവുമായി മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ. ഒരു ചടങ്ങിൽ പങ്കെടുക്കവേ അദ്ദേഹം സംസാരിച്ച വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ
'' ഒരു പഠനം നടത്തിനോക്കിയാൽ ഇപ്പോൾ എംഡിഎംഎ കൈവശം വെച്ചതിനും കഞ്ചാവ് കടത്തിയതിനുമൊക്കെ പിടിക്കപ്പെട്ട ആളുകളെ പരിശോധിച്ചാൽ എല്ലാവരും മദ്രസകളില്‍ പോയിട്ടുണ്ട്. യഥാർത്ഥത്തിൽ ഏറ്റവും അധികം ധാര്‍മ്മികമായി മുന്നില്‍ നില്‍ക്കേണ്ടത് മുസ്ലീങ്ങളാണ്. കാരണം മുസ്ലീങ്ങളെപ്പോലെ മത വിദ്യാഭ്യാസം, മതപഠനം, ധാര്‍മ്മിക പഠനം എന്നിവ കിട്ടുന്ന മറ്റൊരു വിഭാഗം ഈ രാജ്യത്തില്ല. ഹിന്ദുക്കുട്ടികള്‍ക്ക് ഒരു തരത്തിലുള്ള മതവിദ്യാഭ്യാസവും അവരുടെ ചെറുപ്പകാലത്ത് കിട്ടുന്നില്ല. നിങ്ങൾ കളവു നടത്തരുത്, മദ്യപിക്കരുത്, ലഹരി സാധനങ്ങള്‍ കൊണ്ടുനടക്കരുത് എന്ന് അവർക്ക് ആരാണ് പറഞ്ഞുകൊടുക്കുന്നത്. അവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതൊന്നും ഒരു പുരോഹിതനില്‍നിന്ന് കേള്‍ക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞിട്ടുമില്ല.
advertisement
അങ്ങനെ ഒരു മദ്രസയിലോ ഒരു ക്ഷേത്ര പാഠശാലയിലോ പോവാത്ത സഹോദര സമുദായങ്ങള്‍ പുലര്‍ത്തുന്ന, ആ ഒരു ധാര്‍മ്മിക ബോധം പോലും മദ്രസയില്‍ പോവുന്നു എന്ന് പറയുന്ന മുസ്ലീം സമുദായത്തില്‍നിന്ന് ഉണ്ടാവുന്നില്ല എങ്കില്‍, അത് എന്താണ് എന്നതിനെ സംബന്ധിച്ച് പരിശോധിക്കേണ്ടേ?
ഞാൻ പത്തുപന്ത്രണ്ട് വര്‍ഷം കോളജ് അധ്യാപകന്‍ ആയിരുന്നു. ഇവിടേയും അധ്യാപകർ ഉണ്ടാകും. നമുക്ക് സത്യസന്ധമായി നമ്മുടെ നെഞ്ചത്ത് കൈവെച്ച് പറയാനാകുമോ അച്ചടക്കത്തിന്റെ കാര്യത്തില്‍, അധ്യാപകരെ ബഹുമാനിക്കുന്ന കാര്യത്തില്‍, മുന്നില്‍ മുസ്ലീം കുട്ടികളാണോ? മുസ്ലീം കുട്ടികള്‍ക്ക് ഇതൊക്കെ മതപാഠശാലകളില്‍നിന്ന് ലഭിക്കുന്നുണ്ട്. പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുന്നുണ്ട്. പക്ഷേ അവര്‍ ആണോ, ഇത് ഒന്നും ചെറുപ്പകാലത്ത് ആരും പറഞ്ഞുകൊടുക്കാത്ത, മറ്റുസമുദായങ്ങളില്‍ പെടുന്ന കുട്ടികള്‍ ആണോ കൂടുതല്‍, അച്ചടക്കമുള്ളവരായി കോളജുകളിലും സ്‌കൂളുകളിലും ഉള്ളത്? എന്തോ ഒരു തകരാറ് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. പണത്തോടുള്ള ആര്‍ത്തിയും മോഹവുമാണ് ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. എംഡിഎംഎ കടത്തുന്നതും ലഹരി വസ്തുക്കള്‍ കടത്തുന്നതും അത് വില്‍പ്പന നടത്തുന്നതും അതിന്റെ കാരിയര്‍മാര്‍ ആവുന്നതും പണം കിട്ടാന്‍ വേണ്ടിയാണ്. സ്വര്‍ണ്ണം, പണം കിട്ടാന്‍ വേണ്ടി നാം കൊണ്ടുവരുന്നു. ലഹരി വസ്തുക്കള്‍ പണം കിട്ടാന്‍ വേണ്ടി നാം കടത്തും. അങ്ങനെ ഇതെല്ലാം ഒരു തെറ്റല്ലാത്ത കാര്യമാണ് എന്ന നിലയിലാണ് പൊതു മുസ്ലീം സമൂഹം കരുതുന്നതും വിശ്വസിക്കുന്നതും. ഇതിനെ നമ്മള്‍ എല്ലാവരും വേണ്ട വിധം, പരിശോധിച്ച് അതിനെ നേരിട്ടില്ലെങ്കില്‍ അതുകൊണ്ട് ഉണ്ടാവുന്ന പ്രത്യാഘാതം വളരെ വലുതാണ്.
advertisement
ധനത്തോടുള്ള ആര്‍ത്തി അവസാനിപ്പിക്കണം. പണത്തോടുള്ള മോഹം ഇല്ലാതാക്കണം. അത് മാത്രമാണ് ഇതൊക്കെ തടയാനുള്ള ആത്യന്തികമായ വഴി. നമ്മള്‍ ഓരോരുത്തരും നമുക്ക് കഴിയുന്നതുപോലെ മാതൃകകള്‍ ആവാന്‍ ശ്രമിക്കുക. ചെറുപ്പക്കാര്‍ക്ക് ആരെയും വിശ്വാസമില്ലാത്ത സ്ഥിതിയാണ്. ആരേ വിശ്വസിക്കും അവര്‍. കാരണം ഇതൊക്കെ പറയുന്ന, അല്ലെങ്കില്‍ പറഞ്ഞുകൊടുക്കേണ്ട ആളുകള്‍ തന്നെ വളരെ മോശമായിട്ടുള്ള ജീവിത രീതികള്‍ അവലംബിക്കുന്നു. മറ്റ് ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന തെറ്റില്‍നിന്ന് നാം അകന്നുനിന്നേ പറ്റൂ. അത് നാം സമൂഹത്തെ പഠിപ്പിക്കണം വളര്‍ന്നുവരുന്ന തലമുറയെ പഠിപ്പിക്കണം. മദ്രാസവിഭ്യാഭ്യാസം ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയാം. എല്ലാവരും സ്‌കൂളില്‍ വെച്ചിട്ടാണ് മദ്രസാ വിദ്യഭ്യാസം കൊടുക്കുന്നത്. അതിന്റെ ഒരു കുഴപ്പമുണ്ടോ എന്ന് എനിക്കൊരു സംശയം. താന്‍ ഒരു സംശയം പ്രകടിപ്പിച്ചൂ എന്ന് മാത്രമാണെന്നും. പരപ്രാഗതമായ മദ്രസാ സിസ്റ്റം തന്നെ ഇല്ലാതാവുകയാണ്. അപ്പോള്‍ അതിന്റെയൊക്കെ എന്തെങ്കിലം കുഴപ്പമുണ്ടോ, സിലബസില്‍ വല്ല മാറ്റവും വരുത്തേണ്ടതുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ വിസ്ഡം പോലുള്ള സംഘടനകള്‍ ആലോചിക്കണം എന്ന്കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിപ്പിക്കുന്നു."
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 16, 2025 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എവിടെയാണ് സമുദായത്തിന് പിഴക്കുന്നത്?' വൈറലായി കെ ടി ജലീലിന്റെ വാക്കുകള്‍