advertisement

'ലോൺ അടച്ചു പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാൽ അക്കൗണ്ടിൽ ബാക്കി ഒരു ലക്ഷത്തി പതിനായിരം രൂപ മാത്രം': 15 വർഷത്തെ നീക്കിയിരുപ്പ് വെളിപ്പെടുത്തി കെ ടി ജലീൽ

Last Updated:

തൃശൂർ അമല ആശുപത്രിയിൽ സർജറി പൂർത്തിയാക്കി ഏപ്രിൽ പന്ത്രണ്ടാം തിയതിയാണ് ജലീൽ ആശുപത്രി വിട്ടത്.

മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട് കഴിഞ്ഞദിവസം രാജിവെച്ച കെ ടി ജലീൽ രാജിക്കാര്യം അറിയിക്കാൻ മാധ്യമങ്ങളെ കണ്ടില്ലെങ്കിലും പറയാനുള്ളതെല്ലാം ഫേസ്ബുക്കിലൂടെ തുറന്നു പറയുകയാണ്. രാജിക്കാര്യം അറിയിച്ചത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ആയിരുന്നു. കൂടാതെ, മുഖത്ത് ഒരു സർജറി കഴിഞ്ഞ് വിശ്രമത്തിലായതിനാലാണ് മാധ്യമങ്ങളെ കാണാത്തതെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.
ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ പോസ്റ്റിൽ തന്റെ അക്കൗണ്ടിലെ ബാക്കി നീക്കിയിരിപ്പും മുഖ്യമന്ത്രിയോടുള്ള കടപ്പാടുമൊക്കെ വ്യക്തമാക്കുകയാണ് ജലീൽ. പത്തു വർഷത്തെ MLA ശമ്പളവും അഞ്ചു വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടിൽ ബാക്കിയുള്ളത് കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണെന്നും നിയമസഭാ സാമാജികർക്കുള്ള ലോൺ വകയിൽ എടുത്ത അഞ്ചു ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാൽ ബാക്കിയുണ്ടാവക ഒരു ലക്ഷത്തി പതിനായിരം രൂപയാണെന്നും വ്യക്തമാക്കുന്നു ജലീൽ.
advertisement
അതേസമയം, മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണെന്നും പിതൃ വാൽസല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ മറക്കാനാകില്ലെന്നും ജലീൽ കുറിക്കുന്നു. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയതെന്നും പുതിയ കുറിപ്പിൽ ജലീൽ വ്യക്തമാക്കുന്നു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'നന്ദി നന്ദി നന്ദി.....
advertisement
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ എം എൽ എ ശമ്പളവും അഞ്ചു വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി അക്കൗണ്ടിൽ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികർക്കുള്ള ലോൺ വകയിൽ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാൽ ബാക്കിയുണ്ടാവക ഒരു ലക്ഷത്തി പതിനായിരം രൂപ. ഒരു നയാപൈസ സർക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു കണികയെങ്കിലും എന്റെ കയ്യിൽ പറ്റാത്തത്ര സൂക്ഷ്മത പുലർത്തിയിട്ടുണ്ട് എന്ന കൃതാർത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആർക്കെങ്കിലുമുണ്ടെങ്കിൽ അവർക്കത് പരസ്യമായി പറയാം.
advertisement
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്. പിതൃ വാൽസല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ മറക്കാനാകില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രകടിപ്പിച്ച ഐക്യദാർഢ്യവും സഹകരണവും എടുത്തു പറയേണ്ടതാണ്. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്. ഞാൻ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രിയായപ്പോഴും ഉദ്യോഗസ്ഥരും എന്റെ പേഴ്സണൽ സ്റ്റാഫും സെക്രട്ടേറിയേറ്റ് ജീവനക്കാരും മികവുറ്റ നിലയിലാണ് പ്രവർത്തിച്ചത്. അവരുടെ നിസ്സീമമായ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ പല പരിഷ്കാരങ്ങളും നിയമ നിർമ്മാണങ്ങളും യാഥാർത്ഥ്യമാകുമായിരുന്നില്ല. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും വാക്കുകൾക്കതീതമാകയാൽ അതിവിടെ രേഖപ്പെടുത്താതെ പോകലാകും ഭംഗി.
advertisement
ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയിൽ പരമാവധി ഉപകാരം ജനങ്ങൾക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന എല്ലാ അപേക്ഷകളിലും അനുകൂല നടപടി കൈക്കൊള്ളണമെന്നാണ് ആഗ്രഹിച്ചത്. ചിലതെങ്കിലും സാങ്കേതികത്വത്തിന്റെ നൂലാമാലകളിൽ കുരുങ്ങി ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടാകില്ല. അവരെന്നോട് ക്ഷമിക്കുമെന്ന് കരുതുതുന്നു. എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചത്. മറിച്ചൊരനുഭവം അറിയാതെയാണെങ്കിലും ആരോടെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ സദയം പൊറുത്താലും.
എന്റെ നിയോജക മണ്ഡലത്തിലേതുൾപ്പെടെ ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച നാട്ടിലെ എല്ലാ ജനങ്ങളോടുമുള്ള കൂറും സ്നേഹവും മനസ്സിന്റെ മണിച്ചെപ്പിൽ ഒരു അമൂല്യ നിധിയായി എന്നും സൂക്ഷിക്കും. അൽപം വൈകിയെങ്കിലും എല്ലാവർക്കും വിഷുദിനാശംസകൾ നേരുന്നു.'
advertisement
അതേസമയം, രാജിക്കാര്യം അറിയിക്കാൻ എന്തുകൊണ്ടാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങൾക്കായി നൽകിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴുത്തിൽ കെട്ടിക്കിടന്ന ഫാറ്റ് റിമൂവ് ചെയ്യാൻ ഒരു സർജറി നന്നാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതി തൃശൂർ അമലയിൽ വെച്ച് ഒരു സർജറി കഴിഞ്ഞിരുന്നെന്നും മുഖത്ത് നീർകെട്ടുള്ളതിനാൽ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടർ നിർദ്ദേശിച്ചതെന്നുമാണ് അദ്ദേഹം അറിയിച്ചത്.
മാധ്യമങ്ങൾക്കായി ജലീൽ കഴിഞ്ഞദിവസം നൽകിയ കുറിപ്പ് ഇങ്ങനെ, ' കഴുത്തിൽ കെട്ടിക്കിടന്ന ഫാറ്റ് റിമൂവ് ചെയ്യാൻ ഒരു സർജറി നന്നാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതി തൃശൂർ അമലയിൽ വെച്ച് ഒരു സർജറി കഴിഞ്ഞിരുന്നു. മുഖത്ത് നീർകെട്ടുള്ളതിനാൽ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്. മാധ്യമ പ്രവർത്തകരെ കാണാതെ രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണ്. അസുഖം പൂർണമായും ഭേദമാകുന്ന മുറക്ക് നേരിൽ കാണാം. അതുവരെ എന്റെ അഭിപ്രായ പ്രകടനങ്ങൾ എഫ് ബിയിൽ കുറിക്കാനേ കഴിയൂ. പലരും വിളിക്കുന്നുണ്ടെങ്കിലും ഫോൺ അറ്റൻഡ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് എടുക്കാതിരിക്കുന്നത്. ക്ഷമിക്കുമല്ലോ? ദയവു ചെയ്ത് മാധ്യമ പ്രവർത്തകരാരും ബൈറ്റിനായി വരാതിരിക്കാൻ ശ്രദ്ധിക്കുക. ഒരാൾക്കു മാത്രമായി അഭിമുഖം കൊടുക്കുന്നത് ശരിയല്ലല്ലോ? സംസാരിക്കുമ്പോൾ എല്ലാവരോടും ഒരുമിച്ചേ സംസാരിക്കൂ. സ്നേഹപൂർവ്വം, ഡോ: കെ.ടി. ജലീൽ'.
advertisement
തൃശൂർ അമല ആശുപത്രിയിൽ സർജറി പൂർത്തിയാക്കി ഏപ്രിൽ പന്ത്രണ്ടാം തിയതിയാണ് ജലീൽ ആശുപത്രി വിട്ടത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ജലീലിനെ താടിയെല്ലിനു താഴെ മുഖത്ത് പ്ലാസ്റ്റിക് സർജറിക്കായി ഇവിടെ പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സർജറി വിഭാഗം തലവനും കോസ്മറ്റിക് സർജറി വിദഗ്ദനുമായ ഡോ ജയകൃഷ്ണൻ കോലാടിയുടെ ചികിത്സയിൽ ആയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലോൺ അടച്ചു പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാൽ അക്കൗണ്ടിൽ ബാക്കി ഒരു ലക്ഷത്തി പതിനായിരം രൂപ മാത്രം': 15 വർഷത്തെ നീക്കിയിരുപ്പ് വെളിപ്പെടുത്തി കെ ടി ജലീൽ
Next Article
advertisement
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
  • ഇസ്രായേലിന്റെ ഗോൾഡൻ ഹൊറൈസൺ മിസൈൽ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു

  • 2,000 കിലോമീറ്റർ പരിധിയും Mach 5 വേഗതയും ഉള്ള ഈ മിസൈൽ ഭൂഗർഭ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നു

  • ഇന്ത്യൻ വ്യോമസേനയുടെ Su-30MKI യിൽ ഘടിപ്പിച്ചാൽ സേനയുടെ ദീർഘദൂര പ്രഹരശേഷി ഗണ്യമായി വർദ്ധിക്കും

View All
advertisement