മുഖ്യമന്ത്രിയുടെ പിന്തുണ കൂടി ഉറപ്പായതോടെ പി.കെ. കുഞ്ഞാലിക്കുട്ടിക്കും എ.ആർ. നഗർ ബാങ്കിലെ അഴിമതികൾക്കും എതിരെ ഫേസ്ബുക്കിൽ ആഞ്ഞടിച്ച് കെ.ടി. ജലീൽ എം.എൽ.എ. മുഖ്യമന്ത്രിയുടെ പ്രതികരണം കരുത്ത് നൽകുന്നതാണ്. എ.ആർ. നഗർ പ്രാഥമിക കാർഷിക സഹകരണ സംഘത്തിൽ അംഗങ്ങളേക്കാൾ അക്കൗണ്ടുകൾ ഉണ്ട്. കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതി പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നു എന്ന് ജലീൽ ആക്ഷേപിച്ചു. ജലീലിൻ്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ.
"AR നഗർ സഹകരണ ബാങ്കിൽ ഹരികുമാറിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്സ് ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണ്.
സാധാരണ ഗതിയിൽ ഒരു പ്രാഥമിക സഹകരണ സംഘത്തിൽ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ അംഗങ്ങളും ഇരുപതിനായിരത്തിൽ താഴെ എക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാൽ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും. എന്നാൽ AR നഗർ പ്രാഥമിക കാർഷിക സഹകരണ സംഘത്തിൽ അറുപതിനായിരത്തിലധികം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതിൽ നിന്നുതന്നെ കാര്യങ്ങളുടെ 'ഗുട്ടൻസ്' ആർക്കും പിടികിട്ടും.
AR നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്.
ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിൻ്റെ 'പുലിക്കുട്ടി' നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയൻ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരൽ ഓരോ പൗരൻ്റെയും കടമയാണ്. ആ ബാധ്യതാ നിർവ്വഹണ പാതയിൽ പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ല."
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ കെ.ടി. ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി സംസാരിച്ചിരുന്നു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ സഹകരണ വകുപ്പുണ്ട്. അതിന് ഇഡി വരേണ്ട കാര്യമില്ല. അങ്ങിനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ലെന്നുമാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ ടി ജലീല്‍ വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന് ആരാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയമാണ് അദ്ദേഹം ഉന്നയിച്ചത്. വ്യാഖ്യാന തല്‍പ്പരരായവര്‍ക്ക് അതിനുള്ള അവസരമാണ് കിട്ടിയത്. ജലീലിനെ സിപിഎം തള്ളിയെന്ന തരത്തിലാണ് പലരും പറഞ്ഞത്. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. അദ്ദേഹം സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നല്ല രീതിയിലുള്ള സഹയാത്രികനായിരുന്നു ഇതുവരെ. അതിനിയും തുടരുക തന്നെ ചെയ്യും.
കെ.ടി. ജലീല്‍ വ്യക്തി വിരോധം തീര്‍ക്കുന്നതായി ആരാണ് കണ്ടിട്ടുള്ളതെന്നും ഞങ്ങളതിനെ അത്തരത്തില്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയ്ക്ക് കൃത്യമായ പരിശോധനാ സംവിധാനമുണ്ട്. വീഴ്ചകള്‍ തിരുത്താനുള്ള സംവിധാനം സഹകരണ മേഖലയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.