പാക്ക് ചെയ്ത് റോഡിൽ തള്ളിയ മാലിന്യം കൊറിയറായി വീട്ടിൽ; ഒപ്പം 5000 രൂപ പിഴയും; ബെംഗളൂരു ടെക്കിയുടെ കുന്നംകുളത്തെ മാപ്പ് ഇങ്ങനെ
- Published by:Rajesh V
- news18-malayalam
Last Updated:
ഭക്ഷണ, ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില്‍ തള്ളിയത്
തൃശൂര്‍: റോഡരികിൽ ഭംഗിയായി പാക്ക് ചെയ്ത് യുവാവ് വലിച്ചെറിഞ്ഞ മാലിന്യം കൊറിയറായി തിരികെ വീട്ടിലെത്തിച്ച് പിഴയീടാക്കി കുന്നംകുളം നഗരസഭ. പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടി ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്.
സംഭവം ഇങ്ങനെ. ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില്‍നിന്ന് പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിച്ചത്. ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം എസ് ഷീബ, പി പി വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷണ, ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില്‍ തള്ളിയത്. മാലിന്യത്തില്‍നിന്ന് ലഭിച്ച മേല്‍വിലാസം ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം ഫോണിൽ ബന്ധപ്പെട്ടത്. ലൊക്കേഷന്‍ അയച്ചു തന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തിയുടെ വീട് കണ്ടെത്തി. കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ചെറുമകനെ വിളിച്ചുവരുത്തി. അപ്പോഴാണ് ബാംഗ്ലൂര്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന കുന്നംകുളം കണിയാമ്പല്‍ സ്വദേശിയാണ് മാലിന്യം റോഡരികില്‍ തള്ളിയതെന്ന് കണ്ടെത്തിയത്.
advertisement
ഉദ്യോഗസ്ഥര്‍ സ്‌നേഹപൂര്‍വം യുവാവ് റോഡില്‍ വലിച്ചെറിഞ്ഞ മാലിന്യ പാക്കറ്റ് തിരികെ ഏല്‍പ്പിച്ചു. നോട്ടീസ് നല്‍കിയതോടെ പലതരം ന്യായവാദങ്ങളും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് 5000 രൂപ പിഴയും ഈടാക്കി. നായയെ മൃഗാശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആരുമറിയാതെ മാലിന്യ പാക്കറ്റ് റോഡില്‍ നിക്ഷേപിച്ചത്. പ്രവൃത്തിയില്‍ കുറ്റബോധം അനുഭവപ്പെട്ട യുവാവിന്റെ അഭ്യർത്ഥന മാനിച്ച് നഗരസഭ യുവാവിന്റെ പേര് പുറത്ത് വിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
February 14, 2025 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാക്ക് ചെയ്ത് റോഡിൽ തള്ളിയ മാലിന്യം കൊറിയറായി വീട്ടിൽ; ഒപ്പം 5000 രൂപ പിഴയും; ബെംഗളൂരു ടെക്കിയുടെ കുന്നംകുളത്തെ മാപ്പ് ഇങ്ങനെ