രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഇനി മലപ്പുറം വാഴക്കാട്ട്; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അടുത്ത രണ്ടുവര്‍ഷം കുടുംബാരോഗ്യ കേന്ദ്രം ഇതേ നിലവാരത്തില്‍ സൂക്ഷിക്കുന്ന ചുമതലയും വി പി എസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതിനായി അഞ്ചു ജീവനക്കാരെ നിയമിക്കും.
മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ വിപിഎസ് ഹെൽത്ത്കെയർ പുനര്‍നിർമിച്ച വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ''പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2016 മുതല്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ഇത് നടത്തിവരുന്നു. നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സർക്കാർ മുൻതൂക്കം നൽകിയിട്ടുണ്ട്. വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം പോലുള്ള പദ്ധതികൾ ഈ ശ്രമത്തിനു കരുത്തുപകരുന്നതാണ്''- മുഖ്യമന്ത്രി പറഞ്ഞു.
'റീബില്‍ഡ് കേരള' പദ്ധതിയുടെ ഭാഗമായി വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിലാണ് കേന്ദ്രം നിർമ്മിച്ച് സർക്കാരിന് കൈമാറിയത്. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ പത്തുകോടി ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയായിരുന്നു.
അത്യാധുനിക സൗകര്യങ്ങളുള്ള വാഴക്കാട് ആരോഗ്യകേന്ദ്രം മികച്ച രീതിയിൽസംരക്ഷിക്കുന്നതിനായി ആരോഗ്യവകുപ്പ് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 'രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് യാഥാര്‍ഥ്യമായത്. ഇതേ മികവില്‍ കേന്ദ്രത്തെ നിലനിര്‍ത്തും. അഭിമാന നിമിഷത്തിന് കാരണമായ ഡോ. ഷംഷീറിനോടും വിപിഎസ് ഗ്രൂപ്പിനോടും നന്ദി അറിയിക്കുന്നു'. കേന്ദ്രത്തിലെ ഡെന്റൽ ക്ലിനിക്ക് സംസാരിക്കുകയായിരുന്നു അവര്‍.
advertisement
Also Read- ICSE, ISC Board results| ഐസിഎസ്ഇ പത്ത്, ഐ എസ് സി പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു
തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ ഫാര്‍മസി ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ കോവിഡ് 19 നോട് മല്ലിടുന്ന കാലത്ത് ആരോഗ്യരംഗം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കായികമന്ത്രി വി അബ്ദുറഹ്മാന്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആംബുലന്‍സ് സമര്‍പ്പിച്ചു. ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് പൊതുജനാരോഗ്യ കേന്ദ്രങ്ങളെയാണ്. ഗുണമേന്മയുള്ള ആരോഗ്യസേവനം ലഭിക്കുകയെന്നത് മനുഷ്യന്റെ അവകാശമാണ്. ഈ പാതയില്‍ വാഴക്കാട് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
നാടിന്റെ ആരോഗ്യ മേഖലയ്ക്ക് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മുതല്‍ക്കൂട്ടാണെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഡോ. ഷംഷീറിന്റെ മനുഷ്യനന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
വാഴക്കാടിന് മികച്ച ആരോഗ്യകേന്ദ്രം നല്‍കാനായതില്‍ അഭിമാനമുണ്ടെന്ന് വി പി എസ് ഹെല്‍ത്ത് കെയര്‍ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലില്‍ പറഞ്ഞു. ഭാവിയിലേക്കുള്ള മാതൃകയായാണ് കേന്ദ്രം നിര്‍മ്മിച്ചത്. കോവിഡ് മഹാമാരിക്കു ശേഷം ആഗോളതലത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. ഇതിനോട് കിടപിടിക്കും വിധം നമ്മുടെ ആരോഗ്യമേഖലയും ഉയരേണ്ടതുണ്ട്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണച്ച സര്‍ക്കാരിനോടും ജനങ്ങളോടും അദ്ദേഹം നന്ദിയറിച്ചു.
advertisement
ആധുനിക ലബോറട്ടറി, മിനി ഓപ്പറേഷന്‍ തീയറ്റര്‍, ഇമേജിങ് വിഭാഗം, ഫാര്‍മസി, ക്ലിനിക്കുകള്‍, പ്രീ-ചെക്കപ്പ് മുറികള്‍, ഗര്‍ഭിണികള്‍ക്കുള്ള ഔട്ട് പേഷ്യന്റ് മുറികള്‍, നഴ്‌സ് സ്റ്റേഷന്‍, സാമ്പിള്‍ ശേഖരണ വിഭാഗം, പ്രായമായവര്‍ക്ക് പ്രത്യേക കാത്തിരിപ്പുമുറി, ഒ പി മുറികള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം നിരീക്ഷണ മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, സെര്‍വര്‍ മുറി, പാലിയേറ്റീവ് കെയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഴീസ്, വാക്‌സിനേഷന്‍ കേന്ദ്രം, മരുന്നു സ്‌റ്റോര്‍, വാക്‌സിന്‍ സ്‌റ്റോര്‍, മാതൃ-ശിശു പരിചരണ മുറി തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യ കേന്ദ്രത്തിലുള്ളത്.
advertisement
അടുത്ത രണ്ടുവര്‍ഷം കുടുംബാരോഗ്യ കേന്ദ്രം ഇതേ നിലവാരത്തില്‍ സൂക്ഷിക്കുന്ന ചുമതലയും വി പി എസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതിനായി അഞ്ചു ജീവനക്കാരെ നിയമിക്കും. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളും വി പി എസ്. നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ഏറെനാളായി വാഴക്കാട് കാത്തിരുന്ന പരിപാടി പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്. എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, എളമരം കരീം, ടി വി ഇബ്രാഹിം എം എല്‍ എ, കളക്ടര്‍ ഇന്‍ചാര്‍ജ് എസ് പ്രേംകൃഷ്ണന്‍, ഡി എം ഒ ഡോ. സക്കീന കെ, ഡി പി എം ഡോ. ഷിബുലാൽ, പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്‌മാൻ മാസ്റ്റർ മലയിൽ തുടങ്ങിയവര്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 24, 2021 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഇനി മലപ്പുറം വാഴക്കാട്ട്; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു









