ഇന്റർഫേസ് /വാർത്ത /Sports / Tokyo olympics | വന്മതിലായി ശ്രീജേഷ്, ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

Tokyo olympics | വന്മതിലായി ശ്രീജേഷ്, ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

indian hockey team

indian hockey team

അവസാന ക്വാര്‍ട്ടറില്‍ ന്യൂസിലാന്‍ഡ് ആക്രമണം ശക്തമാക്കിയെങ്കിലും ശ്രീജേഷ് എന്ന വന്മതിലില്‍ തട്ടി നീക്കങ്ങള്‍ പലതും നിഷ്ഫലമായി.

  • Share this:

ടോക്യോ ഒളിമ്പിക്സ് രണ്ടാം ദിനം ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പൂള്‍ എ മത്സരത്തില്‍ എതിരാളികളായ ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ സംഘം കീഴടക്കി. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് രണ്ട് ഗോളുകളും രുപീന്ദര്‍ പാല്‍ ഒരു ഗോളും നേടി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്.

പന്ത് കയ്യടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പെനാല്‍റ്റി കോര്‍ണറുകള്‍ എടുക്കുന്നതില്‍ ന്യൂസിലന്‍ഡിനുണ്ടായ പോരായ്മകള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ന്യൂസിലന്‍ഡായിരുന്നു. ആറാം മിനിട്ടില്‍ നേടിയെടുത്ത പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റാന്‍ കിവീസ് താരം കെയ്ന്‍ റസ്സലിന് സാധിച്ചു. എന്നാല്‍ സമ്മര്‍ദ്ദത്തില്‍ വീഴാതെ ഇന്ത്യന്‍ ടീം മുന്നേറി. 10ആം മിനിട്ടില്‍ രൂപീന്ദര്‍ പാലിലൂടെ ഇന്ത്യ ഉശിരന്‍ മറുപടി അറിയിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നും ലഭിച്ച പെനാല്‍റ്റി സ്ട്രോക്കാണ് രൂപീന്ദര്‍ പാലിന് ഗോളിന് വഴിയൊരുക്കിയത്. ന്യൂസിലന്‍ഡ് കീപ്പര്‍ ലിയോണ്‍ ഹെയ്വാര്‍ഡിനെ കേവലം കാഴ്ച്ചക്കാരനാക്കി മാറ്റിക്കൊണ്ട് പന്ത് ലക്ഷ്യം മറികടന്നു.

26 ആം മിനിട്ടില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി കോര്‍ണര്‍ സെപ്ഷ്യലിസ്റ്റ് രൂപീന്ദര്‍ പാല്‍ നല്‍കിയ പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ഹര്‍മന്‍പ്രീതിന് സാധിച്ചു. 33 ആം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ അടുത്ത ഗോളും പിറന്നു. 36ആം മിനിട്ടില്‍ ഹാട്രിക് ഗോളവസരം ഹര്‍മന്‍പ്രീതിന് ലഭിച്ചിരുന്നു. ഷോട്ട് ഉന്നം തെറ്റാതെ ലക്ഷ്യത്തിലേക്ക് പായിക്കാന്‍ താരത്തിന് കഴിഞ്ഞെങ്കിലും ന്യൂസിലന്‍ഡ് കീപ്പര്‍ ഹെയ്വാര്‍ഡിന്റെ ഗംഭീര സേവ് ഇന്ത്യയുടെ ഗോള്‍ മോഹം തട്ടിയകറ്റി. 43ആം മിനിട്ടില്‍ സ്റ്റീഫന്‍ ജെന്നസിലൂടെ ന്യൂസിലന്‍ഡ് രണ്ടാം ഗോളും നേടി. അവസാന ക്വാര്‍ട്ടറില്‍ ന്യൂസിലാന്‍ഡ് ആക്രമണം ശക്തമാക്കിയെങ്കിലും ശ്രീജേഷ് എന്ന വന്മതിലില്‍ തട്ടി നീക്കങ്ങള്‍ പലതും നിഷ്ഫലമായി.

ആദ്യ ജയത്തിന് ശേഷം ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മലയാളി താരം പി ആര്‍ ശ്രീജേഷ്. ഒന്നും രണ്ടുമല്ല കിവീസിന്റെ ഗോളെന്നുറച്ച ആറ് ഷോട്ടുകള്‍, നെഞ്ചിടിപ്പോടെ കണ്ട അവസാന നിമിഷങ്ങളില്‍ ഇന്ത്യയെ സംരക്ഷിച്ചത് ശ്രീജേഷായിരുന്നു.

ഒളിമ്പിക്‌സില്‍ ഇതുവരെ 8 സ്വര്‍ണ മെഡലുകള്‍ നേടിയ ചരിത്രം ഇന്ത്യന്‍ ഹോക്കി ടീമിനുണ്ട്. എന്നാല്‍ 1980ലെ മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യന്‍ ഹോക്കി സംഘം അവസാനമയായി മെഡല്‍ നേടിയത്. 40 വര്‍ഷത്തെ മെഡല്‍ ദാരിദ്ര്യത്തിന് അറുതിവരുത്തുകയാണ് ഇക്കുറി ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം ടോക്യോയില്‍ മറ്റൊരു മെഡല്‍ സാധ്യത ഉറപ്പ് നല്‍കുന്നുണ്ട്. രണ്ടാം മത്സരത്തില്‍ നാളെ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

First published:

Tags: Tokyo Olympics, Tokyo Olympics 2020